
നരസിംഹത്തിലെ മമ്മൂട്ടിയെ കണ്ടാണ് LLB എടുത്തതെന്ന് തുറന്നു പറഞ്ഞ് നടി ശാന്തി മായാദേവി. പഠിച്ചിറങ്ങിയാൽ ഉടനെ നരസിംഹത്തിലെ ഡയലോഗ് ഒക്കെ കോടതിയിൽ പോയി പറയുക, ഷോ കാണിക്കുക എന്നൊക്കെയായിരുന്നുവെന്നും ശാന്തി പറഞ്ഞു. റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഞാൻ ആദ്യമായി അഭിനയിക്കുന്നത് മമ്മൂക്കയുടെ കൂടെയാണ്. ഗാനഗന്ധർവൻ എന്ന സിനിമയിൽ. ജയിലിൽ നിന്ന് പുറത്തേക്ക് വരുന്ന ആദ്യത്തെ ഷോർട്ടിലായിരുന്നു അത്. മമ്മൂക്കയെ ജയിലിൽ നിന്ന് ഇറക്കി കൊണ്ടുവരുന്ന വക്കീലാണ് ഞാൻ, പക്ഷെ ഞാൻ അന്ന് അതൊക്കെ മറന്നു പോയി നരസിംഹത്തിലെ ഡയലോഗ് ആയിരുന്നു മനസിൽ കൂടെ പൊയ്ക്കൊണ്ടിരുന്നത്. ഞാൻ ഒക്കെ എൽ എൽ ബി എടുക്കുമ്പോൾ ഇപ്പോഴത്തെ ഒരു ജെൻ ആൽഫ, ജെൻ ബീറ്റ ജനറേഷൻ അല്ലല്ലോ. അന്നത്തെ ജനറേഷനിൽ മമ്മൂക്ക എന്ന് പറയുമ്പോൾ അല്ലെങ്കിൽ ഒരു എൽ എൽ ബി സ്റ്റുഡന്റ് ആയ ഞാൻ കാണുമ്പോൾ എനിക്ക് ഉള്ളത് നരസിംഹത്തിലെ മമ്മൂക്കയാണ്.
പഠിച്ചിറങ്ങിയാൽ ഉടനെ ഇങ്ങനത്തെ ഡയലോഗ് ഒക്കെ കോടതിയിൽ പോയി പറയുക, നാല് ആളുകൾ അറിയുക ഒന്ന് ഷോ കാണിക്കുക അങ്ങനെ എല്ലാവരെ പോലെയും ഉള്ള ആഗ്രഹങ്ങൾ ആയിരുന്നു. ആ പ്രായം അതായിരുന്നു. അത് കഴിഞ്ഞു വർഷങ്ങൾക്ക് ശേഷം മമ്മൂക്കയെ കാണുമ്പോഴും എനിക്ക് അതേ ഫീലിംഗ് ആണ്. മമ്മൂക്കയെ വക്കീൽ ആയിട്ട് ഞാൻ, എനിക്ക് തരുന്ന ഡയലോഗ് എന്തായിരിക്കും, പറയാൻ കൊതി ആയിട്ട് വയ്യ, എന്റെ ഡയലോഗ് പെട്ടന്ന് തരൂ എന്ന മൂഡിലായിരുന്നു ഞാൻ.” ശാന്തി പറഞ്ഞു.
“കോടതിയിൽ മമ്മൂക്ക പുറകേ നിൽക്കുന്നു, ഞാൻ അതിനെക്കുറിച്ച് വല്ലാതെ പറയുകയാണ്, അപ്പോൾ മമ്മൂക്ക വന്നിട്ട് പറഞ്ഞു ജൂനിയർ വക്കീൽ ആണ് അപ്പോൾ അതിന് അനുസരിച്ചുള്ള നിലയ്ക്കും വിലയ്ക്കും നിന്നാൽ മതിയെന്ന്. മാരാർ കിടപ്പുണ്ട് കുറച്ച് എന്നും പറഞ്ഞു. അത് രക്തത്തിൽ അലിഞ്ഞു പോയതാണെന്ന് ഞാനും പറഞ്ഞു. ദൃശ്യത്തിൽ ആയാലും മാരാർ എന്ന കഥാപത്രം എന്നിൽ വന്നിട്ടുണ്ടാകും. അതൊരു ഫീൽ ആണ് രോമാഞ്ചം തോന്നും. നരസിംഹത്തിലെ മമ്മൂക്കയുടെ വക്കീൽ വേഷം നന്ദഗോപാൽ മാരാർ ഒരു വികാരമാണ്. അത് ഇപ്പോഴും ഉണ്ട്.” ശാന്തി മായാദേവി കൂട്ടിച്ചേർത്തു.
ജീത്തു ജോസഫ് സംവിധാനം ചെയ്ത കോർട്ട് റൂം ഡ്രാമ ‘നേര്’, ‘ദൃശ്യം’ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് ശാന്തി മായാദേവി. ‘നേര്’ സിനിമയുടെ തിരക്കഥാ രചനയിലും ശാന്തി ഭാഗമായിരുന്നു.