എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല…വിലക്ക് വേറെ രാഷ്ട്രീയമാണ്: ഷെയ്ന്‍ നിഗം

ജോബി ജോര്‍ജ്ജ്, ക്രിസ്റ്റി കൈതമറ്റം, മഹാ സുബൈര്‍ എന്നീ നിര്‍മ്മാതാക്കളുടെ പരാതിയില്‍ അസോസിയേഷന്‍ ഏകപക്ഷീയമായാണ് തീരുമാനമെടുത്തതെന്ന് ഷെയ്ന്‍ നിഗം പ്രതികരിച്ചു. നിര്‍മ്മാതാക്കളുടെ അസോസിയേഷന്‍ തനിക്ക് വിലക്കേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഓണ്‍ ലൈന്‍ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു ഷെയ്ന്‍. തന്റെ വിശദീകരണം ചോദിച്ചിട്ടില്ലെന്ന് ഷെയ്ന്‍ നിഗം പറഞ്ഞു. ഉല്ലാസം, കുര്‍ബാനി, വെയില്‍ സിനിമയുമായി ബന്ധപ്പെട്ട പരാതിയാണിത്. വെയില്‍ പൂര്‍ത്തിയാക്കാന്‍ മിനിഞ്ഞാന്ന് ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തിയിരുന്നു. ഇന്നലെ രാത്രി വരെ നിര്‍മ്മാതാക്കളുടെ സംഘടന പറഞ്ഞത് പ്രശ്‌നം തീര്‍ക്കാം, വിലക്ക് ഉണ്ടാകില്ലെന്നാണ്. മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഒപ്പിട്ട് നല്‍കിയിരുന്നതുകൊണ്ടാണ് പ്രതികരിക്കാതിരുന്നത്. ആന്റോ ജോസഫ്, സിയാദ് കോക്കര്‍, എം സുബൈര്‍ എന്നിവരാണ് വിലക്കുണ്ടാവില്ലെന്ന് പറഞ്ഞത്.
വെയില്‍ എന്ന സിനിമയുടെ ഷൂട്ട് തീര്‍ക്കാന്‍ രാത്രിയും പകലും സഹകരിച്ചിരുന്നു. ഇത് സംവിധായകന് അറിയാവുന്നതാണ്. എന്റെ ഏതെങ്കിലും സിനിമ ഇതുവരെ മുടങ്ങുകയോ പുറത്തിറങ്ങാതെ ഇരിക്കുകയോ ഉണ്ടായിട്ടില്ല. മുടങ്ങിയ മൂന്ന് സിനിമകളും ഇറങ്ങണമെന്നാണ് ആഗ്രഹിക്കുന്നത്. താര സംഘടന കൂടെ നില്‍ക്കുമെന്നാണ് പ്രതീക്ഷ. ചര്‍ച്ചയ്ക്ക് തയ്യാറാണ്. രാജിവ് രവിയാണ് എന്നെ കൊണ്ടുവരുന്നത്. ഷാജി എന്‍ കരുണ്‍, സൗബിന്‍ ഷാഹിര്‍,ദിലീഷ് പോത്തന്‍ എന്നിവരോട് ചോദിക്കാം അവരുടെ സിനിമയില്‍ ഞാന്‍ കാരണം എന്തെങ്കിലും പ്രശ്‌നം ഉണ്ടായിട്ടുണ്ടോ എന്ന്. എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല. ഇതെന്റെ പ്രതിഷേധമാണ്. ഇതെങ്കിലും ഞാന്‍ ചെയ്യേണ്ടേ?. ഷെയ്ന്‍ ചോദിയ്ക്കുന്നു.

ഇത് വേറെ രാഷ്ട്രീയമാണെന്നും, അതൊന്നും പറയാന്‍ മുതിരുന്നില്ലെന്നും പറഞ്ഞ താരം താന്‍ ഒരു സിനിമയും ചെയ്യില്ലെന്ന് പറയാത്തതിനാല്‍ നഷ്ടപരിഹാരം നല്‍കുന്ന പ്രശ്‌നമുദിക്കുന്നില്ലെന്നും പറയുന്നു. തന്നെ കയ്യും കാലും കെട്ടി വിലക്കാനാകുമോ?. അഭിനയം മാത്രമേ അറിയൂ എന്നതിനാല്‍ മറ്റ് പ്ലാറ്റ്‌ഫോമുകളില്ലേ എന്നും ചോദിച്ചാണ് അഭിമുഖം അവസാനിപ്പിക്കുന്നത്.