ഷെയ്‌നിന്റെ ‘വലിയപെരുന്നാള്‍’

നവാഗതനായ ഡിമല്‍ ഡെന്നീസ് സംവിധാനം ചെയ്ത് ഷെയ്ന്‍ നിഗം നായകനായെത്തിയ വലിയ പെരുന്നാള്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. രണ്ട് കാരണങ്ങളാല്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം കൂടിയാണ് വലിയ പെരുന്നാള്‍. വിവാദങ്ങളിലകപ്പെട്ട ഷെയ്ന്‍ പ്രധാന കഥാപാത്രമാവുന്നു എന്നതും അതുല്യ കലാകാരന്‍ ക്യാപ്റ്റന്‍ രാജു അവസാനമായി അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രം എന്നതുമാണ് പ്രത്യേകതകള്‍.

മൂന്നു മണിക്കൂറിലധികം ദൈര്‍ഘ്യം വരുന്ന ചിത്രം പ്രധാനമായും പറയുന്നത് കൊച്ചിയേയും അവിടുത്തെ ആളുകളെയും അവരുടെ പ്രശ്‌നങ്ങളെയുംകുറിച്ചാണ്. ഒരു സ്വര്‍ണ്ണകടത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. ഇന്റര്‍വെല്ലോടെ ഇവര്‍ പിടിക്കപ്പെടുകയും ചെയ്യുന്നു. ഇതിനിടെ നായിക നായകന്റെ പ്രണയവും കൊച്ചിയിലെ പഴയതും പുതിയതുമായ ഡോണുകളെയും ചിത്രം തുറന്നു കാണിക്കുന്നു.

ആദ്യ പകുതി കുറച്ച് ലാഗ് തോന്നുന്നുണ്ടെങ്കിലും രണ്ടാം പകുതി പുതിയ ദൗത്യവും പ്രതികാരവും സംഭവവികാസങ്ങളുമായി മറ്റൊരു മൂഡിലേയ്ക്ക് മാറുകയാണ് സിനിമ. ഇതോടൊപ്പം കൊച്ചിയിലെ ചെറുപ്പക്കാരുടെ തൊഴിലില്ലായ്മയും ദാരിദ്ര്യവും വ്യക്തമാക്കുന്നു. ഷെയ്ന്‍ നിഗം, നായിക ഹിമിക ബോസ്, ധര്‍മ്മജന്‍, അലന്‍സിയര്‍, സുധീര്‍ കരമന, വിനായകന്‍ കൂടാതെ പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ബോളിവുഡില്‍ നിന്നെത്തിയ റാസാ മുറാദും അതുല്‍ കുല്‍ക്കര്‍ണിയും തങ്ങളുടെ വേഷങ്ങള്‍ മനോഹരമാക്കി.

മാജിക് മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവ് നിര്‍മ്മിച്ച് അന്‍വര്‍ റഷീദ് അവതരിപ്പിച്ച ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഡിമല്‍ ഡെന്നീസും തസ്രിക്കും ചേര്‍ന്നാണ്. ചിത്രത്തിനോട് നീതി പുലര്‍ത്തുന്ന ഗാനങ്ങളായിരുന്നു. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് റെക്‌സ് വിജയനാണ്. സുരേഷ് രാജന്റെ ഛായാഗ്രഹണവും മികച്ചുനിന്നു.

വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ഈ ചിത്രം എല്ലാതരം പ്രേക്ഷകരെയും സംതൃപ്തിപ്പെടുത്തുമോ എന്നതില്‍ സംശയമാണ്. എന്നാല്‍ ഷെയ്ന്‍ ആരാധകര്‍ക്ക് എല്ലാതരത്തിലും ഇഷ്ടപ്പെടാവുന്ന ചിത്രമാണ് വലിയ പെരുന്നാള്‍.