പ്രതി പൂവന്‍കോഴി അറിയുന്നുണ്ടോ ഈ ‘സങ്കടം’..?

റോഷന്‍ ആന്‍ഡ്രൂസിന്റെ ഏറ്റവും പുതിയ ചിത്രം പ്രതി പൂവന്‍കോഴി ഒരു സ്ത്രീപക്ഷ സിനിമയാണ്. ഹൗ ഓള്‍ഡ് ആര്‍ യുവിന് ശേഷം അല്‍പ്പം കൂടെ ഗൗരവമുള്ള വിഷയവുമായാണ് റോഷന്‍ ഇത്തവണ എത്തിയിട്ടുള്ളത്. ആസിഡ് ആക്രമണത്തിന് വിധേയയായ പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ഉയരെ, കാമുകനാല്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ കഥ പറഞ്ഞ സ്റ്റാന്റ് അപ്പ് എന്നീ ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് എടുത്ത് വെയ്ക്കാവുന്ന പെണ്‍സിനിമയാണ് പ്രതി പൂവന്‍ കോഴി. ഉണ്ണി ആറിന്റെ ഇതേ പേരിലിറങ്ങിയ നേവല്‍ അല്ല ഈ സിനിമയെന്ന് നേരത്തെ തന്നെ റോഷന്‍ ആന്‍ഡ്രൂസ്സും, ഉണ്ണി ആറും വ്യക്തമാക്കിയിരുന്നു. ഉണ്ണി ആറിന്റെ തന്നെ സങ്കടം എന്ന കഥയുടെ ദൃശ്യാവിഷ്‌കാരമാണ് പ്രതി പൂവന്‍ കോഴി.

ബസ്സില്‍ വെച്ച് ഒരു നിമിഷത്തെ അപമാനത്തിന് വിധേയയാകേണ്ടി വന്ന പെണ്‍കുട്ടിയുടെ തീര്‍ത്തിട്ടും തീരാത്ത സങ്കടമാണ് വെള്ളിത്തിരയിലേക്ക് പ്രതി പൂവന്‍കോഴിയായി പറന്നിറങ്ങിയത്. അനാവശ്യമായ ഒരു ചെറു സ്പര്‍ശനം പോലും ഒരു പെണ്ണിന് എത്രമാത്രം അപമാനവും അലോസരവുമാണെന്ന് ചിത്രം കാണിച്ചു തരുന്നു. തന്നെ അപമാനിച്ചവന്റെ മുന്നില്‍ ചെന്ന് നിന്ന് കണ്ണുകളിലേക്ക് നോക്കി ഒന്നു കൊടുക്കാതെ ഒരു പെണ്ണിനും ഉറങ്ങാനാവില്ലെന്ന് മാത്രമല്ല ഉള്ളുരുക്കവും മാറില്ലെന്നാണ് ചിത്രത്തിന്റെ പ്രമേയം.

ഓരോ ദിവസവും നമ്മുടെ വീട്ടിലെയുള്‍പ്പെടെ പെണ്‍കുട്ടികള്‍ നടന്ന് പോകുന്ന ഇടങ്ങളില്‍ പ്രതികളായ ഒട്ടേറെ പൂവന്‍കോഴികള്‍ കറങ്ങി നടക്കുന്നുണ്ടെന്ന് ചിത്രം കാണിച്ചു തരുന്നു. ബസ്സില്‍ വെച്ച് തന്നെ അപമാനിച്ചവനെ തേടിയുള്ള ടെക്‌സ്‌റ്റെയില്‍സിലെ സെയില്‍സ് ഗേള്‍ മാധുരിയുടെ അന്വേഷണമാണ് ചിത്രം. ബസ്സിലെ സംഭവത്തെ നിസ്സാരവത്കരിക്കുന്ന കൂട്ടുകാരി, കൂടെ ജോലി ചെയ്യുന്നവര്‍, അത് മറക്കാന്‍ പറയുന്ന അമ്മ, വിട്ടുകളയാന്‍ പറയുന്ന പുരുഷ സമൂഹം, ഇവരോടെല്ലാം ‘ഇത് നിങ്ങള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാകില്ല’ എന്ന ഒറ്റവരിയില്‍ മാധുരി തന്റെ സങ്കടത്തിന്റെ ആഴം പറഞ്ഞു വെയ്ക്കുന്നുണ്ട്. ഒരു പെണ്ണിന്റേയും ശരീരത്തില്‍ അവളുടെ സമ്മതമില്ലാതെ തൊടാനാവില്ലെന്ന പ്രഖ്യാപനം തന്നെയാണ് ഈ ചിത്രം. അതേസമയം പെണ്ണിന് പ്രതികാരമെന്നത് ഒരാളെ അവസാനിപ്പിക്കലല്ലെന്നും ചിത്രം പറയുന്നു.

തന്റെ ഭര്‍ത്താവിനാല്‍ മറ്റൊരു പെണ്ണ് അപമാനിക്കപ്പെട്ടു എന്ന് കേള്‍ക്കുമ്പോള്‍ സ്വയം ഭര്‍ത്താവിനെ ന്യായീകരിക്കുന്ന സ്ത്രീ, അതോര്‍ത്ത് പിന്നീട് കരയുന്ന സ്ത്രീ, പെണ്ണിനെ തന്നെ ഒറ്റ് കൊടുക്കുന്ന പെണ്ണ്, സുരക്ഷയൊരുക്കേണ്ടയിടങ്ങളിലെ വേട്ടക്കാര്‍, അങ്ങിനെ നിത്യേന ഒരു പെണ്ണ് കടന്ന് പോകുന്ന അരക്ഷിതമായ വഴികളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം. മനോഹരമായ മെയ്ക്കിംഗിനൊപ്പം ബാലമുരുകന്റെ ക്യാമറയും, ശ്രീകര്‍ പ്രസാദിന്റെ എഡിറ്റിംഗും നന്നായിരുന്നു. ചിത്രത്തിന് ഒട്ടും ലാഗ് തോന്നാതെ നിര്‍ത്തിയതില്‍ ഗോപി സുന്ധറിന്റെ പശ്ചാത്തല സംഗീതത്തിന് വലിയ റോളുണ്ട്. മഞ്ജുവാര്യരുടെ പ്രകടനത്തിന്റെ കൊട്ടികലാശം പഴയ മഞ്ജുവിനെ തന്നെ ഓര്‍മ്മിപ്പിച്ചു. അരങ്ങേറ്റത്തില്‍ ഒട്ടും പുതുമുഖമാണെന്ന് തോന്നാത്ത വിധം വില്ലന്‍ പരിവേഷവും, ആക്ഷനുമെല്ലാം റോഷന്‍ ആന്‍ഡ്രൂസ്സും മനോഹരമാക്കി. വളരെ ഗൗരവമേറിയ, ഈ കാലത്ത് പറയേണ്ടുന്ന വിഷയം ആഘോഷകാലമായിട്ടും അവതരിപ്പിക്കാന്‍ തെരഞ്ഞെടുത്തതിനാണ് സംവിധായകനുള്ള കയ്യടി.