നടന്‍ ഷെയ്ന്‍ നിഗത്തിനെതിരായ നടപടിയെ വിമര്‍ശിച്ച് സംവിധായികയും അഭിനേത്രിയുമായ ഗീതു മോഹന്‍ദാസ്. കരാര്‍ ലംഘനത്തിന്റെ പേരില്‍ ഷെയ്ന്‍ നിഗത്തെ വിലക്കുന്നത് അസംബന്ധമാണെന്ന് ഗീതു മോഹന്‍ദാസ് പറഞ്ഞു. ഷെയ്ന്‍ കുറച്ചുകൂടി പ്രൊഫഷണലായി സ്വന്തം ജോലിയെ കാണേണ്ടതുണ്ടെന്നും ഗീതു പറഞ്ഞു. അണ്‍പ്രൊഫഷണലായാണ് ഷെയ്ന്‍ പെരുമാറിയതെങ്കില്‍ അതിനെ നേരിടാന്‍ നിയമപരമായ വഴികളുണ്ടെന്നും, ഇന്‍ഡസ്ട്രിയില്‍ നിന്ന് തന്നെ പുറത്താക്കുമെന്ന നയമല്ല സ്വീകരിക്കേണ്ടതെന്നും ഗീതു മോഹന്‍ദാസ് വ്യക്തമാക്കി.
അതേസമയം, നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ കൂടുതല്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കളുടെ സംഘടന വീണ്ടും രംഗത്തെത്തി. നിര്‍മാതാക്കള്‍ക്കെതിരെ ഷെയ്ന്‍ നടത്തിയ പ്രസ്താവനയാണ് പുതിയ നീക്കങ്ങള്‍ക്ക് കാരണം. ഷെയ്ന്‍ നിഗത്തെ ഇതരഭാഷകളിലെ സിനിമകളിലും സഹകരിപ്പിക്കരുത് എന്നാവശ്യപ്പെട്ട് ഫിലിം ചേബര്‍ കത്ത് നല്‍കി. ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിനാണ് പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ കത്ത് നല്‍കിയത്. ഇക്കാര്യം ഫിലിം ചേംബര്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.