ഷെയ്ന്‍ നിഗവും നിര്‍മ്മാതാക്കളും തമ്മിലുള്ള പ്രശ്‌നം ഒത്തുതീര്‍പ്പിലേക്ക്

നടന്‍ ഷെയ്ന്‍ നിഗവും നിര്‍മ്മാതാക്കളും തമ്മിലുള്ള പ്രശ്‌നം ഒത്തുതീര്‍പ്പിലേക്ക്. താരസംഘടനയായ അമ്മ ഇടപെട്ടതിനെ തുടര്‍ന്നാണ് ഒത്തുതീര്‍പ്പ് ധാരണയായത്. ഷെയ്ന്‍ നിര്‍മ്മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ചതായി നടനും സംഘടനയുടെ ഭാരവാഹിയുമായ ജഗദീഷ് പറഞ്ഞു.

ചൊവ്വാഴ്ച കൊച്ചിയില്‍ നടന്ന യോഗത്തില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായിട്ടുണ്ട്. വെയില്‍, കുര്‍ബാനി എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ക്ക് ഷെയ്ന്‍ നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. തുകയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. അതിനെക്കുറിച്ച് തീരുമാനിക്കാന്‍ നിര്‍മ്മാതാക്കളുമായി മറ്റൊരു ദിവസം ചര്‍ച്ച നടത്തും. മുടങ്ങിപ്പോയ സിനിമകളുടെ ചിത്രീകരണവും ഉടന്‍ പുനരാരംഭിക്കും.

നേരത്തെ നഷ്ടപരിഹാരമായി ഒരു കോടി രൂപയാണ് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, അത്രയും തുക നല്‍കാനാവില്ലെന്ന നിലപാടിലായിരുന്നു തുടക്കം മുതലേ താരസംഘടന. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടത്താതിരിക്കുകയും വെയില്‍, കുര്‍ബാനി സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഷെയ്ന്‍ നിഗത്തിന് വിലക്കേര്‍പ്പെടുത്തിയത്. ഫെഫ്കയും അമ്മയും അടക്കമുള്ള സംഘടനകള്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ നിരവധി തവണ ഇടപെട്ടിരുന്നു.

നിര്‍മ്മാതാക്കളെ മനോരാഗികള്‍ എന്നു വിളിച്ചതില്‍ ഷെയ്ന്‍ നിഗം മുമ്പ് മാപ്പു പറഞ്ഞിരുന്നു. മാപ്പ് ചോദിച്ചുകൊണ്ട് അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ക്കാണ് ഷെയ്ന്‍ കത്തയച്ചത്.