നടന്‍ ഷെയിന്‍ നിഗമും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുള്ള തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച ഇന്ന് നടക്കും. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും അമ്മയുടെയും നേതൃത്വത്തിലാണു ചര്‍ച്ച നടക്കുന്നത്. നിര്‍മാണത്തിലുള്ള രണ്ടു ചിത്രങ്ങള്‍ പൂര്‍ത്തികരിക്കാന്‍ ഷെയിനിനോടു നിര്‍ദേശിക്കുമെന്നറിയുന്നു. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. താന്‍ തലമുടിയില്‍ വരുത്തിയ മാറ്റത്തെത്തുടര്‍ന്ന് ജോബി ജോര്‍ജ് ഭീഷണിപ്പെടുത്തിയെന്ന് ഷെയിനും സിനിമയ്ക്കായി ഉണ്ടാക്കിയ കരാര്‍ ഷെയിന്‍ ലംഘിച്ചെന്ന് ജോബിയും ആരോപിച്ചാണു തര്‍ക്കം തുടങ്ങിയത്. ജോബി ജോര്‍ജ് നിര്‍മിക്കുന്ന വെയില്‍ എന്ന ചിത്രത്തിലെ നായകനാണ് ഷെയിന്‍. മറ്റൊരു ചിത്രത്തിനായി ഷെയിന്‍ തലമുടിയില്‍ വരുത്തിയ മാറ്റത്തെത്തുടര്‍ന്നു നിര്‍മാതാവ് ഭീഷണിപ്പെടുത്തിയെന്നാണ് ഷെയിനിന്റെ പരാതി. ഇന്‍സ്റ്റഗ്രാമില്‍ ഈ ആരോപണം നടത്തിയതിനു പിന്നാലെ ജോബി ജോര്‍ജ് തന്നെ വിളിച്ചതിന്റെ ശബ്ദരേഖയും ഷെയിന്‍ പുറത്തുവിട്ടു.
ആരോപണം ജോബി ജോര്‍ജ് നിഷേധിച്ചു. സിനിമയ്ക്കായി ഉണ്ടാക്കിയ കരാര്‍ ഷെയ്ന്‍ നിഗം ലംഘിച്ചുവെന്നും തന്റെ സിനിമ പൂര്‍ത്തിയാക്കിയിട്ടേ താടിയും മുടിയും വെട്ടാവൂ എന്നായിരുന്നു കരാറെന്നും ജോബി തിരിച്ചടിച്ചു. 30 ലക്ഷം രൂപ പ്രതിഫലം പറഞ്ഞശേഷം 40 ലക്ഷം രൂപ ഷെയിന്‍ ആവശ്യപ്പെട്ടു. ഷെയിനിനെ നിയന്ത്രിക്കുന്നതു മറ്റു പലതുമാണ്. ഇപ്പോള്‍ താനതു പുറത്തുപറയുന്നില്ല. ഷെയിന്‍ സഹകരിച്ചില്ലെങ്കില്‍ നിയമനടപടിയിലേക്കു കടക്കുമെന്നും ജോബി പറഞ്ഞിരുന്നു. ചര്‍ച്ചയ്ക്ക് തൊട്ടു മുന്‍പ് വീണ്ടും യുവ സംവിധായികയോട് ജോബി ഷെയ്‌നെ വേണ്ടി വന്നാല്‍ വാഹനമിടിപ്പിക്കുമെന്ന് പറയുന്ന ശബ്ദരേഖയും പുറത്ത് വന്നിരുന്നു.