ബാലതാരം സനൂപിന്റെ വ്യാജന്‍ പിടിയില്‍.. ഫോണ്‍ വിളിച്ച് പറ്റിച്ചത് അനു സിത്താര, ഭാമ, മഞ്ജുപിള്ളയടക്കമുള്ള നടിമാരെ..!

സിനിമ നടിമാരെ വ്യാജപ്പേരില്‍ വിളിച്ച് സംസാരിച്ചിരുന്ന വിരുതന്‍ പിടിയില്‍. നടി സനുഷയുടെ അനുജനും ബാലതാരവും ആയ സനൂപിന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ചലച്ചിത്ര നടിമാരെയും മറ്റ് സിനിമാ സംബന്ധമായ ജോലിചെയ്യുന്ന പെണ്‍കുട്ടികളെയും അവതാരകിമാരെയും ഫോണില്‍ വിളിക്കുകയായിരുന്നു ഈ വിരുതന്റെ പ്രധാന വിനോദം. പൊന്നാനി സ്വദേശി രാഹുല്‍(22) എന്ന ചെറുപ്പക്കാരനാണ് നടിമാരെയും മറ്റ് പെണ്‍കുട്ടികളെയും വ്യാജ പ്രൊഫൈലുണ്ടാക്കി വിളിച്ച കുറ്റത്തിന് കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. സനുഷയുടെ പിതാവ് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം ആരംഭിച്ചത്. സൈബര്‍ അന്വേഷണം വഴിയാണ് രാഹുലിനെ പോലീസ് പിടികൂടിയത്. മറ്റൊരാളുടെ സിം ആയിരുന്നു ചെറുപ്പക്കാരന്‍ ഉപയോഗിച്ചിരുന്നത്. രണ്ടുവര്‍ഷം മുമ്പ് കളഞ്ഞു കിട്ടിയ സിം ഉപയോഗിച്ചായിരുന്നു നാളിതുവരെ രാഹുല്‍ സനൂപിന്റെ പേരിലുള്ള വ്യാജ പ്രൊഫൈലില്‍ ഉപയോഗിച്ച് നടിമാരെ വിളിച്ചു കൊണ്ടിരുന്നത്. കൊച്ചു കൊച്ചു സംഭാഷണങ്ങളിലൂടെയാണ് സനൂപിന്റെ പേരില്‍ രാഹുല്‍ നടീനടന്മാരെ വിളിച്ചു കൊണ്ടിരുന്നത്. ഒരു സംശയവും തോന്നാത്ത നടിമാരോട് മറ്റ് നടിമാരുടെ നമ്പര്‍ ചോദിക്കുകയും അവര്‍ക്ക് കൊടുക്കുകയും ചെയ്തിരുന്നു. സനുഷയും സനൂപും നില്‍ക്കുന്ന ചിത്രമായിരുന്നു രാഹുല്‍ പ്രൊഫൈല്‍ പിക്ചര്‍ ആയി ഉപയോഗിച്ചിരുന്നത്. സനൂപാണ് തങ്ങളോട് സംസാരിക്കുന്നതെന്ന ഉറച്ച വിശ്വാസത്തില്‍ നിന്നായിരുന്നു നടിമാര്‍ സനൂപിന്റെ വ്യാജനോട് സംസാരിച്ചിരുന്നത്. അനു സിത്താര, ഭാമ, മഞ്ജുപിള്ള, റിമി ടോമി എന്നിങ്ങനെ നിരവധി നടിമാരെയാണ് രാഹുല്‍ ഫോണില്‍ വിളിച്ച് പറ്റിച്ചത്.

വളരെ ശ്രമകരമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസിന് പിടികൂടാനായത്. സിനിമാതാരങ്ങളുടെ വ്യാജ പ്രൊഫൈലുകള്‍ വെച്ച് നിരവധി കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ മലയാളത്തില്‍ ഉള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ സീനിയര്‍ താരം ശ്രീനിവാസനും തന്റെ പേരില്‍ ആറ് വ്യാജ പ്രൊഫൈലുകള്‍ ഉണ്ടെന്ന് ആരോപിച്ച് രംഗത്ത് വന്നിരുന്നു. താന്‍ പറയാത്ത കാര്യങ്ങളും പ്രസ്താവനകളും വ്യാജ പ്രൊഫൈല്‍ വഴി പുറത്തുപോകുന്നത് ആയി അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. ഒരു 22 വയസ് പ്രായമുള്ള ചെറുപ്പക്കാരന്‍ ഇത്തരത്തിലുള്ള വലിയ കുറ്റകൃത്യം ചെയ്തത് അറിഞ്ഞ ഞെട്ടലിലാണ് സിനിമാലോകം.