
ആദ്യ അവാര്‍ഡ് തന്നെ മമ്മൂട്ടിക്കൊപ്പമായതില്‍ സന്തോഷമുണ്ടെന്ന് പ്രതികരിച്ച് മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയ ഷംല ഹംസ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിക്കുക എന്നത് വളരെ വലിയ ബഹുമതിയാണ്. അതും മമ്മൂട്ടിയുടെ കൂടെ ലഭിക്കുക എന്നത് അത്ഭുതമായി തോന്നുന്നുവെന്നും ഷംല പറഞ്ഞു. പുരസ്ക്കാര നേട്ടത്തിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.
“ഫെമിനിച്ചി ഫാത്തിമ എന്ന കഥാപാത്രത്തിൽ എനിക്ക് അഭിനയിക്കാൻ ഒരുപാട് ഉണ്ട് എന്നത് കണ്ടാണ് തിരഞ്ഞെടുത്തത്. കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിക്കുക എന്നത് വളരെ വലിയ ബഹുമതിയാണ്. അതും മമ്മൂട്ടിയുടെ കൂടെ ലഭിക്കുക എന്നത് അത്ഭുതമായി തോന്നുന്നു. മികച്ച നടിയാവാൻ വേണ്ടി മത്സരത്തിനുണ്ടായിരുന്ന എല്ലാ നടിമാർക്കും നന്ദി.” ഷംല പറഞ്ഞു.
“ഈ അവസരത്തിൽ എന്തുപറയണം എന്നറിയില്ല. ആദ്യത്തെ സിനിമയ്ക്ക് വേണ്ടി എല്ലാവരുടേയും സപ്പോർട്ട് ഉണ്ടായിരുന്നു. സിനിമയിൽ അഷ്റഫ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുമാർ സുനിൽ വളരെയധികം സപ്പോർട്ട് ചെയ്തുതു. ഫെമിനിച്ചി ഫാത്തിമ എന്ന കഥാപാത്രത്തിലേക്ക് എത്തുവാൻവേണ്ടി അദ്ദേഹം ഒരുപാട് സഹായിച്ചു. ആയിരത്തൊന്ന് നുണകൾ എന്ന സിനിമയിലൂടെയാണ് ഫെമിനിച്ചി ഫാത്തിമയിൽ അഭിനയിക്കാൻ സാധിച്ചത്. എല്ലാവരുടേയും സപ്പോർട്ട് കാരണമാണ് ആ കഥാപാത്രത്തെ ചെയ്യാൻ കഴിഞ്ഞത്. നല്ല കഥകളും കഥാപാത്രങ്ങളെയും ലഭിച്ചാൽ ഇനിയും ചെയ്യണം. ഞാൻ ഇപ്പോഴും തുടക്കക്കാരിയാണ്. ഈ അവാർഡ് ഒരു പ്രചോദനമാണ്”. ഷംല കൂട്ടിച്ചേർത്തു.
ഇന്നലെ തൃശൂര്‍ വെച്ച് മന്ത്രി സജി ചെറിയാനാണ് 55 ആമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് മമ്മൂട്ടി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്. ‘ഫെമിനിച്ചി’ ഫാത്തിമയാണ് ഷംലയെ പുരസ്കാരത്തിനർഹയാക്കിയ ചിത്രം. ‘കിഷ്ക്കിന്ധാകാണ്ഡം’ എന്ന ചിത്രത്തിലൂടെ ആസിഫ് അലിയും ‘ARM’-ലൂടെ ടൊവിനോ തോമസും പ്രത്യേക ജൂറി പരാമർശത്തിനർഹരായി. ലിജോ ജോസ് മോൾ മികച്ച സ്വഭാവ നടിയായും, മികച്ച സ്വഭാവ നടനായി സൗബിൻ ഷാഹിറും സിദ്ധാർഥ് ഭരതനും തിരഞ്ഞെടുക്കപ്പെട്ടു. മമിത ബൈജു, നസ്ലെൻ തുടങ്ങിയവർ കേന്ദ്ര കഥാപത്രമായെത്തിയ “പ്രേമലു” മികച്ച ജനപ്രിയ ചിത്രമായി. 2023 ൽ പുറത്തിറങ്ങിയ ശ്രീലങ്കൻ-ഇന്ത്യൻ സഹനിർമ്മാണ നാടക ചിത്രം ‘പാരഡൈസ്’ പ്രത്യേക ജൂറി പരാമർശം നേടിയ ചിത്രമായി. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ‘ഫെമിനിച്ചി ഫാത്തിമ’യിലൂടെ ഫാസിൽ മുഹമ്മദ് സ്വന്തമാക്കി.
മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന അവാർഡ് ഫെമിനിച്ചി ഫാത്തിമയുടെ ഫാസിൽ മുഹമ്മദിനാണ് ലഭിച്ചത്.അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച സിനിമയ്ക്ക് വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചത്.