
സമൂഹമാധ്യമങ്ങളിൽ തന്റേതെന്ന പേരിൽ പ്രചരിക്കുന്ന നഗ്ന ദൃശ്യങ്ങൾ വ്യാജമാണെന്ന വിശദീകരണവുമായി നടി ശാലിനി പാണ്ഡെ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് പൂർണമായും കെട്ടിച്ചമച്ച ദൃശ്യങ്ങളാണിതെന്നും, ഇവ പ്രചരിപ്പിക്കാതെ ഉടനടി റിപ്പോർട്ട് ചെയ്യണമെന്നും താരം അഭ്യർത്ഥിച്ചു. നടിയുടെ ‘വീഡിയോ ലീക്കായി’ എന്ന പേരിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ഈ വ്യാജ ക്ലിപ്പ് പ്രചരിച്ചത്.
വിദേശയാത്രയ്ക്കിടെ താരം സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിൽ എഐ ഉപയോഗിച്ച് കൃത്രിമം കാണിച്ചാണ് അർദ്ധനഗ്ന രീതിയിലുള്ള ദൃശ്യങ്ങൾ നിർമിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ സജീവമായ ശാലിനി തൻ്റെ യാത്രാവിശേഷങ്ങളും ചിത്രങ്ങളും പതിവായി പങ്കുവെക്കാറുണ്ട്. ഇതിൽ നിന്നുള്ള ഒരു ദൃശ്യമാണ് ചിലർ ദുരുപയോഗം ചെയ്തത്.
സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് വ്യക്തികളെ, പ്രത്യേകിച്ച് സ്ത്രീകളെ ലക്ഷ്യമിട്ട് ദ്രോഹിക്കുന്നത് അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണെന്ന് ശാലിനി വ്യക്തമാക്കി. ഇത്തരം തെറ്റായ പ്രവണതകളെ ശക്തമായി അപലപിക്കുന്നുവെന്നും ഇത്തരത്തിലുള്ള ദുരുപയോഗങ്ങൾ ഒരിക്കലും സാധാരണവൽക്കരിക്കപ്പെടരുതെന്നും താരം കൂട്ടിച്ചേർത്തു.
ഇത്തരം വ്യാജ വീഡിയോകൾ ശ്രദ്ധയിൽപ്പെട്ടാൽ ദയവായി അത് പങ്കുവെക്കുകയോ, ഡൗൺലോഡ് ചെയ്യുകയോ ചെയ്യരുത്. പകരം ഉടനടി റിപ്പോർട്ട് ചെയ്യുകയാണ് വേണ്ടത്. ഇതിന് കൂടുതൽ പ്രചാരം നൽകുന്നതിന് പകരം പ്രചാരം തടയാൻ സഹായിക്കണമെന്നും, എല്ലാവരും ഉത്തരവാദിത്തത്തോടെയും ശ്രദ്ധയോടെയും പെരുമാറണമെന്നും നടി സോഷ്യൽ മീഡിയ കുറിപ്പിലൂടെ അഭ്യർത്ഥിച്ചു.
ശാലിനിയുടെ വാക്കുകൾ;
‘‘എന്നെക്കുറിച്ചുള്ള വ്യാജമായ, എഐ നിർമിത വിഡിയോ ഓൺലൈനിൽ പ്രചരിക്കുന്നതിനെക്കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വിഡിയോ പൂർണമായും കെട്ടിച്ചമച്ചതാണ്, ഇത് ഞാൻ ചിത്രീകരിച്ചതല്ല. സാങ്കേതികവിദ്യ ഈ രീതിയിൽ ദുരുപയോഗം ചെയ്ത് വ്യക്തികളെ, പ്രത്യേകിച്ച് സ്ത്രീകളെ, ലക്ഷ്യമിട്ട് ദ്രോഹിക്കുന്നത് കാണുന്നത് വളരെ അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്.
ഈ തരത്തിലുള്ള ദുരുപയോഗത്തെ ശക്തമായി അപലപിക്കുന്നു, സാങ്കേതികവിദ്യയുടെ ഇത്തരം ദുരുപയോഗം ഒരിക്കലും സാധാരണവൽക്കരിക്കപ്പെടരുതെന്ന് ഞാൻ വിശ്വസിക്കുന്നു. ഈ വിഡിയോ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ, ദയവായി ഇത് പങ്കുവയ്ക്കുകയോ, കൈമാറുകയോ, ഡൗൺലോഡ് ചെയ്യുകയോ, അതിലൂടെ പ്രതികരിക്കുകയോ ചെയ്യരുത്. പകരം, ദയവായി ഇത് ഉടനടി റിപ്പോർട്ട് ചെയ്യുക.
എല്ലാവരോടും ഉത്തരവാദിത്തത്തോടെയും ശ്രദ്ധയോടെയും പെരുമാറാനും, ഈ വിഡിയോയിൽ കൂടുതൽ പ്രചാരം നൽകുന്നതിനു പകരം അതിന്റെ പ്രചാരം തടയാൻ സഹായിക്കാനും ഞാൻ അഭ്യർഥിക്കുന്നു. നന്ദി.’’