
റിയാലിറ്റി ഷോ വേദിയിൽ സംഗീത സംവിധായകൻ ഷാൻ റഹ്മാനും നടി അഭിരാമിയും പങ്കുവെച്ച മനോഹരമായ നിമിഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തനിക്ക് അഭിരാമിയോട് പണ്ട് വലിയൊരു ക്രഷ് ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലോടെയാണ് ഷാൻ ആരാധകരെയും പ്രേക്ഷകരെയും ഒരേപോലെ സർപ്രൈസ് ചെയ്തത്. ‘സൂപ്പർ സ്റ്റാർ’ റിയാലിറ്റി ഷോയിൽ അതിഥിയായെത്തിയ അഭിരാമിയെ മുന്നിൽ നിർത്തിയായിരുന്നു ഷാനിൻ്റെ ഈ തുറന്നുപറച്ചിൽ.
‘മെർക്കാറ’ എന്ന ചിത്രം കണ്ട കാലം മുതൽ താൻ അഭിരാമിയുടെ കടുത്ത ആരാധകനായിരുന്നുവെന്ന് ഷാൻ റഹ്മാൻ ഓർത്തെടുത്തു. അടുത്തിടെ അഭിരാമി തന്നെ നേരിട്ട് വിളിക്കുകയും, താൻ ഈണം പകർന്ന ‘തട്ടത്തിൻ മറയത്ത്’ എന്ന ചിത്രത്തിലെ ‘മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ’ എന്ന പാട്ട് പാടി വിഡിയോ അയച്ചുതരുകയും ചെയ്തപ്പോൾ വലിയ സന്തോഷം തോന്നിയെന്നും അദ്ദേഹം പറഞ്ഞു. ഷാനിൻ്റെ വാക്കുകൾക്ക് മറുപടിയായി തനിക്ക് ഏറെ പ്രിയപ്പെട്ട ഇതേ ഗാനം അഭിരാമി വേദിയിൽ വെച്ച് തത്സമയം ആലപിക്കുകയും ചെയ്തു. അഭിരാമി വെറുമൊരു നടിയല്ല, ബഹുമുഖ പ്രതിഭയുള്ള കലാകാരിയാണെന്നും ഷാൻ കൂട്ടിച്ചേർത്തു.
‘മെർക്കാറ’ എന്ന ചിത്രം കണ്ടപ്പോൾ അഭിരാമിയെ തന്നെ നോക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അടുത്തിടെ അഭിരാമിയുടെ കോൾ വന്നപ്പോൾ ശരിക്കും സന്തോഷമായി. ‘മുത്തുച്ചിപ്പി പോലൊരു കത്തിനുള്ളിൽ’ എന്ന പാട്ട് പാടി അഭിരാമി എനിക്കൊരു വിഡിയോ അയച്ചു തന്നപ്പോൾ ആ സന്തോഷം ഇരട്ടിയായി. ഈ കാണുന്നതൊന്നും നോക്കേണ്ട, മൾട്ടി ടാലന്റഡ് ആയൊരു ആളാണ് ആ നിൽക്കുന്നത്”.- ഷാൻ റഹ്മാൻ പറഞ്ഞു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും വലിയ ജനപ്രീതി നേടിയ അഭിരാമി, അഭിനയത്തിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോൾ വീണ്ടും സജീവമാണ്. ഒടുവിൽ തിയേറ്ററുകളിലെത്തിയ ‘ബ്ലാസ്റ്റ്’ എന്ന ചിത്രം മികച്ച പ്രേക്ഷകപ്രതികരണവും ബോക്സ് ഓഫീസ് വിജയവും നേടിയിരുന്നു.
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആൻഡ് ഓർഡർ’ ആണ് അഭിരാമിയുടേതായി ഇനി തിയേറ്ററുകളിലെത്താനുള്ള പുതിയ ചിത്രം. പ്രകാശ് വർമ പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.