
വിസ്മയ മോഹൻലാൽ, ആശിഷ് ജോ ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ‘തുടക്കം’ തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ, അഭിനേതാക്കളുടെ തെരഞ്ഞെടുപ്പിനെക്കുറിച്ചും സിനിമയുടെ അണിയറക്കഥകളെക്കുറിച്ചും മനസ്സ് തുറക്കുകയാണ് സംവിധായകൻ. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് ജൂഡ് ആന്തണി രസകരമായ അനുഭവങ്ങൾ പങ്കുവെച്ചത്.
വിസ്മയയ്ക്ക് വേണ്ടി മാത്രമായി നിർമ്മിച്ച സിനിമയല്ല ‘തുടക്കം’ എന്ന് വ്യക്തമാക്കിയ ജൂഡ്, ‘മീനു’ എന്ന കഥാപാത്രത്തിന് വിസ്മയ അനുയോജ്യയാണെന്ന് തോന്നിയപ്പോഴാണ് പ്രോജക്ട് മുന്നോട്ട് പോയതെന്ന് പറഞ്ഞു. കഥാപാത്രത്തിന് ആദ്യം ‘മായ’ എന്ന് തന്നെയാണ് പേരിട്ടിരുന്നതെങ്കിലും, സ്വന്തം പേര് തന്നെ കഥാപാത്രത്തിനും നൽകുന്നതിലെ മടി വിസ്മയ അറിയിച്ചതോടെയാണ് ‘മീനു’ എന്നാക്കി മാറ്റിയത്. നായികയ്ക്ക് കൂടുതൽ കംഫർട്ട് നൽകുന്നതിന് വേണ്ടിയാണ് തിരക്കഥയിൽ പിന്നീട് ഒരു വളർത്തുനായയെ ഉൾപ്പെടുത്തിയത്. ‘മെസ്സി’ എന്ന് യഥാർത്ഥ പേരുള്ള നായ, സിനിമക്കായി ഇട്ട മറ്റ് പേരുകളോട് പ്രതികരിക്കാതിരുന്നതോടെ ഒടുവിൽ യഥാർത്ഥ പേര് തന്നെ സിനിമയിലും ഉപയോഗിക്കുകയായിരുന്നു.
ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ആശിഷ് ജോ ആന്റണിയുടെ കഠിനാധ്വാനത്തെയും ജൂഡ് പ്രശംസിച്ചു. അങ്കമാലിയിൽ വെച്ചുള്ള ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ആശിഷിന്റെ കഴിവ് തിരിച്ചറിഞ്ഞിരുന്നു. കഥാപാത്രത്തിന് പൂർണ്ണത നൽകാനായി നെഗറ്റീവ് ഷെയ്ഡുള്ള നിരവധി സിനിമകൾ കണ്ട് താരം കൃത്യമായ തയ്യാറെടുപ്പുകൾ നടത്തിയെന്നും കഴിവോടൊപ്പം കഠിനാധ്വാനം കൂടി ചേരുമ്പോഴാണ് തിയറ്ററിൽ അതിന്റെ ഫലം കാണാനാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രൊമോഷൻ പരിപാടികളിൽ അല്പം പരിഭ്രമം കാണിക്കാറുണ്ടെങ്കിലും സ്വന്തം കംഫർട്ട് സോണിൽ വിസ്മയ വളരെ കൂളാണെന്ന് സംവിധായകൻ നിരീക്ഷിച്ചു. മുൻപ് തനിക്കുണ്ടായിരുന്ന വിക്കിനെക്കുറിച്ചും (സംസാരവൈകല്യം) അദ്ദേഹം അഭിമുഖത്തിൽ സംസാരിച്ചു. പണ്ട് ഫോൺ വിളിക്കാൻ പോലും ബുദ്ധിമുട്ടിയിരുന്ന അവസ്ഥയിൽ നിന്ന് സമയമെടുത്ത് സ്വയം മാറിയ അനുഭവമാണ് തനിക്കുള്ളതെന്നും ജൂഡ് ഓർത്തെടുത്തു.