
മൈക്കൽ ജാക്സണെതിരെ വീണ്ടും ഗുരുതരമായ ലൈംഗികാരോപണങ്ങളുമായി നാല് സഹോദരങ്ങൾ രംഗത്ത്. അന്തരിച്ച പോപ് ഇതിഹാസത്തിന്റെ എസ്റ്റേറ്റിനെതിരെ സിവിൽ നിയമനടപടികൾ ആവശ്യപ്പെട്ട് യുഎസിലെ ന്യൂജേഴ്സിയിൽ നിന്നുള്ള മൂന്ന് സഹോദരന്മാരും ഒരു സഹോദരിയുമാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഫയൽ ചെയ്ത ഹർജിയിലെ വിവരങ്ങൾ ഇവർ ‘ന്യൂയോർക്ക് ടൈംസിന്’ നൽകിയ അഭിമുഖത്തിലൂടെ പുറത്തുവിട്ടതോടെയാണ് സംഭവം വീണ്ടും ആഗോളതലത്തിൽ ചർച്ചയാകുന്നത്.
2000-കളുടെ തുടക്കത്തിൽ മൈക്കൽ ജാക്സണിൽ നിന്ന് തങ്ങൾക്ക് ക്രൂരമായ പീഡനങ്ങൾ നേരിടേണ്ടി വന്നുവെന്നാണ് ഇവരുടെ വെളിപ്പെടുത്തൽ. ജാക്സൺ താമസിച്ചിരുന്ന ആഡംബര ഹോട്ടലിലെ ജീവനക്കാരനായിരുന്നു പരാതിക്കാരുടെ പിതാവ്. ഈ ബന്ധം മുതലെടുത്താണ് ജാക്സൺ കുട്ടികളുമായി അടുത്തത്. കൺസർട്ട് ടൂറുകളിൽ ഒപ്പം സഞ്ചരിക്കുമ്പോഴും തന്റെ മക്കളുമായി ഇവരുടെ വീട് സന്ദർശിക്കുമ്പോഴുമെല്ലാം ജാക്സൺ പീഡിപ്പിച്ചിരുന്നതായി പരാതിയിൽ പറയുന്നു. പീഡനസമയത്ത് ഇരകളിൽ ചിലർക്ക് എട്ടും ഒമ്പതും വയസ്സ് മാത്രമായിരുന്നു പ്രായം.
പത്തു വർഷത്തോളം നീണ്ട പീഡന പരമ്പരയ്ക്കിടെ ജാക്സൺ തങ്ങൾക്ക് മയക്കുമരുന്ന് നൽകിയിരുന്നതായും കുട്ടിക്കാലം മുഴുവൻ തങ്ങളെ മസ്തിഷ്ക പ്രക്ഷാളനത്തിന് (Brainwashing) വിധേയരാക്കിയതായും ഇവർ ആരോപിക്കുന്നു. പരസ്പരമോ മാതാപിതാക്കളോ പീഡന വിവരം അറിയാത്ത രീതിയിൽ ജാക്സൺ ഇത് രഹസ്യമായി സൂക്ഷിച്ചു.
തങ്ങളുടെ ജീവിതത്തെ തകർത്ത ഇത്തരം ദുരനുഭവങ്ങൾക്ക് നീതി തേടിയാണ് ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുന്നതെന്നും ഇവർ വ്യക്തമാക്കി. എന്നാൽ, ഈ ആരോപണങ്ങളെല്ലാം ജാക്സന്റെ എസ്റ്റേറ്റ് അധികൃതർ പൂർണ്ണമായും നിഷേധിച്ചു. പണം തട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ പരാതിയെന്നും, ജാക്സൺ അന്തരിച്ച് 15 വർഷത്തിന് ശേഷം ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ദുരൂഹമാണെന്നും അവർ പ്രതികരിച്ചു. മൈക്കൽ ജാക്സന്റെ കഴിവിനോടും വിജയത്തോടുമുള്ള അസൂയയാണ് മരണശേഷവും ഇത്തരം വേട്ടയാടലുകൾക്ക് പിന്നിലെന്ന് ജാക്സൺ എസ്റ്റേറ്റിനെ പ്രതിനിധീകരിക്കുന്ന അറ്റോർണി മാർട്ടിൻ സിംഗർ ആരോപിച്ചു.