
താരസംഘടന ‘അമ്മ’യിലെ ഭരണസമിതി തർക്കവുമായി ബന്ധപ്പെട്ട കേസിൽ നടി അൻസിബ ഹസന് തിരിച്ചടി. അഡ്ഹോക് കമ്മിറ്റിക്കെതിരെ പ്രസിഡന്റ് ശ്വേതാ മേനോൻ സമർപ്പിച്ച ഹർജിയിൽ കക്ഷിചേരാൻ അൻസിബ നൽകിയ അപേക്ഷ മുൻസിഫ് കോടതി തള്ളി. അതേസമയം, അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനം ചോദ്യം ചെയ്തുകൊണ്ട് ശ്വേത നൽകിയ പ്രധാന ഹർജിയിൽ കോടതി നടപടികൾ തുടർന്നു വരികയാണ്.
കഴിഞ്ഞ ജനറൽ ബോഡി യോഗത്തിലെ നാടകീയ നീക്കങ്ങൾക്കൊടുവിൽ ശ്വേതാ മേനോൻ രാജി പ്രഖ്യാപിക്കുകയും ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനയുടെ ദൈനംദിന ഭരണകാര്യങ്ങൾ നിർവഹിക്കുന്നതിനായി ജനറൽ ബോഡി പ്രത്യേക അഡ്ഹോക് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്.
എന്നാൽ, വാക്കാൽ രാജി പ്രഖ്യാപിച്ചെങ്കിലും ഔദ്യോഗികമായി രാജിസമ്മതം നൽകിയിട്ടില്ലാത്തതിനാൽ താൻ തന്നെയാണ് ഇപ്പോഴും സംഘടനയുടെ പ്രസിഡന്റെന്നാണ് ശ്വേതയുടെ നിലപാട്. തുടർന്ന് അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ശ്വേത കോടതിയെ സമീപിക്കുകയായിരുന്നു. ഈ നിയമപോരാട്ടത്തിൽ കക്ഷിചേരാൻ അൻസിബ ശ്രമിച്ചെങ്കിലും കോടതി അതിന് അനുമതി നൽകിയില്ല.