നന്ദമുരി ബാലകൃഷ്ണ നല്ല മനുഷ്യനാണ്, പ്രചരിച്ചത് തെറ്റ്: ഹര്‍ഷ്

തെലുങ്ക് നടന്‍ നന്ദമുരി ബാലകൃഷ്ണ പൊതുവേദിയില്‍ അനിഷ്ടം പ്രകടിപ്പിച്ചെന്ന പ്രചരണം ശരിയല്ലെന്ന് ‘സേഹരി’ ടീം. ‘അങ്കിള്‍’ എന്നുവിളിച്ച് അഭിസംബോധന ചെയ്തതില്‍ നന്ദമൂരി പ്രകോപിതനായെന്നായിരുന്നു വാര്‍ത്ത. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക് പോസ്റ്റര്‍ പ്രകാശനച്ചടങ്ങിനിടെ, നന്ദമുരി യുവനടന്റെ കൈ തട്ടി മാറ്റുന്നതും സ്വന്തം ഫോണ്‍ ദേഷ്യത്തോടെ വലിച്ചെറിയുന്നതുമായിട്ടുളള വീഡിയോ ആയിരുന്നു പ്രചരിച്ചത്. ചടങ്ങിലെ മുഖ്യാതിഥി ആയിരുന്നു നന്ദമുരി. ചടങ്ങിലുടനീളം അദ്ദേഹം അസ്വസ്ഥനായിരുന്നതായും വീഡിയോയില്‍ ഉണ്ട്. എന്നാല്‍, തെറ്റായ ഉദ്ദേശത്തോടെയല്ല അദ്ദേഹം തന്റെ കൈ തട്ടിമാറ്റിയതെന്ന് നടന്‍ ഹര്‍ഷ് പറയുന്നു.

ഇടതുകൈ കൊണ്ട് പോസ്റ്ററില്‍ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ അതു ശുഭകരമല്ല എന്നുകരുതിയാണ് അദ്ദേഹം കൈ തട്ടിമാറ്റിയത്. പ്രചരിച്ചതല്ല വാസ്തവം. അദ്ദേഹം വളരെ നല്ല മനുഷ്യനാണ്. ചടങ്ങിന് വേണ്ടി ക്ഷണിച്ചപ്പോള്‍ തന്നെ വരാമെന്ന് ഏറ്റതില്‍ അദ്ദേഹത്തോട് ഒരുപാട് നന്ദിയുണ്ടെന്നും ഹര്‍ഷ് കനുമിള്ളി പറഞ്ഞു.

ഏറെ നാളുകള്‍ക്ക് ശേഷമാണ് നന്ദമുരി ബാലകൃഷ്ണ ചടങ്ങുകള്‍ക്ക് അതിഥിയാവുന്നത്. കൊവിഡ് വ്യാപനം മൂലം ഷൂട്ടിങ് തിരക്കുകളില്‍ നിന്നും പ്രൊമോഷന്‍ പരിപാടികളില്‍ നിന്നും പൂര്‍ണമായും വിട്ടുനിന്ന താരം എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് ‘സേഹരി’യുടെ ചടങ്ങില്‍ പങ്കെടുത്തത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്‌കും ഗ്ലൗസും ധരിച്ചായിരുന്നു അദ്ദേഹം വേദിയില്‍ എത്തിയത്. ഹര്‍ഷ്, സിമ്രാന്‍ ചൗദരി എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ഗംഗാസാഗര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സേഹരി’.