
പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന മലയാളത്തിലെ എവർഗ്രീൻ ക്ലാസിക് ചിത്രം ‘കിലുക്ക’ത്തിന് രണ്ടാം ഭാഗം ചെയ്യാൻ പാടില്ലായിരുന്നുവെന്ന് തിരക്കഥാകൃത്ത് ഉദയകൃഷ്ണ. സന്ധ്യ മോഹന്റെ സംവിധാനത്തിൽ 2006-ൽ പുറത്തിറങ്ങിയ ‘കിലുക്കം കിലുകിലുക്കം’ എല്ലാ രീതിയിലും പരാജയമായിരുന്നുവെന്നും, ആദ്യ ഭാഗത്തിന്റെ പേരിലുള്ള പ്രേക്ഷകരുടെ വലിയ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ആ ചിത്രത്തിന് സാധിച്ചില്ലെന്നും അദ്ദേഹം തുറന്നുപറഞ്ഞു. ‘കാൻ ചാനൽ മീഡിയ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഉദയകൃഷ്ണയുടെ ഈ വെളിപ്പെടുത്തൽ.
ചിത്രം പ്രേക്ഷകരെ തൃപ്തിപ്പെടുത്തില്ലെന്ന് ഉള്ളിന്റെ ഉള്ളിൽ നേരത്തെ തന്നെ തോന്നിയിരുന്നുവെന്ന് ഉദയകൃഷ്ണ പറയുന്നു. ‘‘രണ്ടാം ഭാഗത്തിന്റെ തിരിച്ചടി ഒരിക്കൽ ഞങ്ങൾക്ക് കിട്ടിയതാണ്. കിലുക്കം കിലുകിലുക്കം ചെയ്യാൻ പാടില്ലായിരുന്നു, അത് ഞങ്ങൾ ചെയ്ത തെറ്റായിപ്പോയി. അസിസ്റ്റന്റ് ഡയറക്ടർമാരായി പ്രവർത്തിക്കുന്ന കാലത്ത്, സിനിമയിൽ എങ്ങനെയെങ്കിലും കയറിപ്പറ്റാനായി തമാശരൂപേണ ആലോചിച്ച കഥയായിരുന്നു അത്. ഒരിക്കൽ ചർച്ച ചെയ്ത് ഉപേക്ഷിച്ച ആ പ്രോജക്ട് പിന്നീട് വീണ്ടും ഞങ്ങളിലേക്ക് വരികയായിരുന്നു.
സംവിധായകൻ സന്ധ്യ മോഹനുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് പ്രിയദർശനും മോഹൻലാലും ആ സിനിമയ്ക്ക് സമ്മതം മൂളിയത്. പത്ത് ദിവസത്തെ ഡേറ്റ് മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും മോഹൻലാൽ അതിഥി വേഷത്തിൽ അഭിനയിക്കാൻ തയ്യാറായി. ഒപ്പം ജഗതി ശ്രീകുമാർ, ഇന്നസെന്റ് തുടങ്ങിയ ആദ്യ ഭാഗത്തിലെ താരങ്ങളും കുഞ്ചാക്കോ ബോബൻ, ജയസൂര്യ, കാവ്യ മാധവൻ എന്നിവരും എത്തിയതോടെ പ്രോജക്ട് വലുതായി. തുടർച്ചയായി ഒരുമിച്ച് സിനിമകൾ ചെയ്തിരുന്ന ടീമായതിനാൽ ആ ചിത്രം ഏറ്റെടുക്കാതിരിക്കാൻ സാധിച്ചില്ല.
ഉദയകൃഷ്ണയുടെ വാക്കുകൾ
”രണ്ടാം ഭാഗത്തിന്റെ തിരിച്ചടി ഒരിക്കല്‍ നമുക്ക് കിട്ടിയതാണ്, കിലുക്കം കിലുകിലുക്കം. അസിസ്റ്റന്റ് ഡയറക്ടറായിരിക്കുമ്പോള്‍ എങ്ങനെയെങ്കിലും സിനിമയില്‍ കയറാന്‍ വേണ്ടി മറ്റ് സിനിമകളുടെ രണ്ടാം ഭാഗം ഉണ്ടാക്കിക്കൊണ്ടിരിക്കും. കിലുക്കത്തിലെ അവരൊക്കെ ഊട്ടിയില്‍ ഉണ്ടെങ്കിലോ എന്ന് ചോദിക്കും. തമാശയ്ക്ക് പറഞ്ഞ് സിനിമാക്കഥ പോലെ ആയിരുന്നു. തുടക്കക്കാലത്ത് അത് കുഴപ്പമില്ലായിരുന്നു. പല സിനിമകളും അങ്ങനെ വന്നിട്ടുമുണ്ട്.
പക്ഷെ നമ്മള് ചെയ്തത് തെറ്റായിപ്പോയി. ആ സിനിമ ചെയ്യാന്‍ പാടില്ലായിരുന്നു. പക്ഷെ പ്രിയദര്‍ശനും മോഹന്‍ലാലിനുമൊക്കെ സന്ധ്യാ മോഹനവുമായി സൗഹൃദമുള്ളതിനാല്‍ അവര്‍ അത് ചെയ്യാന്‍ സമ്മതം മൂളിയപ്പോള്‍ ആ സിനിമ നമ്മളിലേക്ക് വരികയായിരുന്നു. ഒരിക്കല്‍ ചര്‍ച്ച ചെയ്ത് അവസാനിപ്പിച്ച പടമായിരുന്നു. അത് വീണ്ടും വന്നപ്പോള്‍ ചെയ്യാതിരിക്കാന്‍ പറ്റാതായി. കാരണം ഞങ്ങളുടെ ആദ്യത്തെ സിനിമ മുതല്‍ തുടര്‍ച്ചയായി കുറേ സിനിമകള്‍ ചെയ്തിട്ടുള്ളതാണ്.
മോഹന്‍ലാല്‍ അഭിനയിക്കാം എന്നു പറഞ്ഞു. പത്ത് ദിവസത്തെ ഡേറ്റേയുള്ളൂവെങ്കിലും. ജഗതി ശ്രീകുമാറുണ്ട്, ഇന്നസെന്റുണ്ട്. ബാക്കി ഹാസ്യതാരങ്ങളൊക്കെയുണ്ട്. ആ സമയത്ത് ജയസൂര്യയും കുഞ്ചാക്കോ ബോബനും വന്നു. അതോടെ സിനിമ കുറച്ചു കൂടെ വലുതായി. ഈ സിനിമ ജനങ്ങള്‍ കണ്ടാല്‍ തൃപ്തിയാകില്ല എന്ന് ഉള്ളിന്റെ ഉള്ളില്‍ എവിടെയോ ഉണ്ട്. കാരണം, അത് കിലുക്കത്തിന്റെ രണ്ടാം ഭാഗമാണ്. ഒരിക്കലും പൂര്‍ണതയിലേക്ക് കൊണ്ടു വരാനാകില്ല.
പക്ഷെ അത്ഭുതകരമായ കാര്യമെന്താണെന്നു വച്ചാല്‍, ആ സിനിമ കളക്ഷന്‍ നേടിയ സിനിമയായിരുന്നു. സിനിമ എല്ലാ രീതിയിലും പരാജയമാണ്. പക്ഷെ കളക്ഷനില്‍ നേടി. അതിന് കാരണം കിലുക്കത്തിന്റെ പേരാണ്. പക്ഷെ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊപ്പം പോകാന്‍ ആ സിനിമയ്ക്ക് പറ്റിയില്ല.”