‘ഇതൊരു സൂപ്പർ ഹിറ്റായിരിക്കും’, കഥ കേട്ടയുടൻ സുരേഷ് ഗോപി പ്രവചിച്ചു; ‘ട്വന്റി-20’ സംഭവിച്ച കഥ പറഞ്ഞ് ഉദയകൃഷ്ണ

','

' ); } ?>

മലയാള സിനിമയിലെ എക്കാലത്തെയും വലിയ മൾട്ടിസ്റ്റാർ ചിത്രമായ ‘ട്വന്റി-20’ യുടെ പിന്നാമ്പുറക്കഥകൾ വെളിപ്പെടുത്തി തിരക്കഥാകൃത്ത് ഉദയകൃഷ്ണ. താരസംഘടനയായ ‘അമ്മ’യ്ക്ക് വേണ്ടി ഇത്തരമൊരു സിനിമ ചെയ്യണമെന്ന ആശയം ആദ്യം മുന്നോട്ടുവെച്ചത് മമ്മൂട്ടിയായിരുന്നുവെന്ന് ഉദയകൃഷ്ണ പറഞ്ഞു. കാൻ ചാനൽ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

‘തുറുപ്പുഗുലാൻ’ സിനിമയുടെ സമയത്താണ് നടൻ സിദ്ധിഖ് വഴി മമ്മൂട്ടി ഈ ആശയം പങ്കുവെക്കുന്നത്. എന്നാൽ, അക്കാലത്ത് താനും സിബി കെ. തോമസും ചേർന്ന് തിരക്കഥയെഴുതിയ ‘ജൂലൈ നാല്’, വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങിയ ‘മാജിക് ലാമ്പ്’ എന്നീ ചിത്രങ്ങൾ പരാജയപ്പെട്ടതോടെ വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ഉദയകൃഷ്ണ ഓർക്കുന്നു. ഇതോടെ ‘ട്വന്റി-20’ പോലൊരു വലിയ പ്രോജക്ട് ഏറ്റെടുക്കാനുള്ള ആത്മവിശ്വാസം നഷ്ടപ്പെടുകയും സിനിമയിൽ നിന്ന് പിന്മാറാൻ തീരുമാനിക്കുകയും ചെയ്തു. കാക്കനാട്ടെ തറവാട് വീട്ടിൽ പുറത്തുനിന്ന് ഗേറ്റ് പൂട്ടി ആരെയും കാണാതെ ഒഴിഞ്ഞുമാറി ഇരിക്കുകയായിരുന്നു അന്ന്.

എന്നാൽ ചിത്രത്തിന്റെ നിർമ്മാണം ഏറ്റെടുത്ത ദിലീപ് പിന്മാറാൻ അനുവദിച്ചില്ല. ‘കൽക്കട്ട ന്യൂസ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി കൊൽക്കത്തയിലായിരുന്ന ദിലീപ്, തന്റെ സഹോദരനെയും വ്യാസൻ എടവനക്കാടിനെയും അയച്ച് ഉദയകൃഷ്ണയെ അവിടേക്ക് വിളിപ്പിച്ചു. കൊൽക്കത്തയിലേക്ക് പോകുന്നതിന് മുൻപ് സംവിധായകൻ ജോഷിയെ കണ്ടതാണ് വഴിത്തിരിവായതെന്ന് ഉദയകൃഷ്ണ പറയുന്നു. “സിനിമ ഹിറ്റാക്കാനുള്ള ഫോർമുല ആർക്കും അറിയില്ലെന്നും പരാജയങ്ങളിൽ തളരരുതെന്നുമുള്ള” ജോഷിയുടെ വാക്കുകളാണ് വീണ്ടും പേനയെടുക്കാൻ ആത്മവിശ്വാസം നൽകിയത്.

‘ജൂലൈ നാലിന്’ പകരമായി നേരത്തെ ആലോചിച്ചുവെച്ചിരുന്ന ഒരു ചെറിയ കഥാതന്തുവാണ് പിന്നീട് ‘ട്വന്റി-20’ ആയി മാറിയത്. മമ്മൂട്ടിയെയും മോഹൻലാലിനെയും തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളായി സങ്കൽപ്പിച്ച് കഥ വികസിപ്പിച്ചപ്പോൾ ദിലീപിനും ഇന്നസെന്റിനും അത് ഏറെ ഇഷ്ടപ്പെട്ടു. തുടർന്ന് ചിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കാൻ സുരേഷ് ഗോപിയെ സമീപിച്ചു. കഥ കേട്ട ഉടൻ തന്നെ സുരേഷ് ഗോപി ദിലീപിനെ ഫോണിൽ വിളിച്ച് “ഇതൊരു സൂപ്പർ ഹിറ്റായിരിക്കും” എന്ന് ഉറപ്പുനൽകി. ‘മണിച്ചിത്രത്താഴ്’, ‘തെങ്കാശിപ്പട്ടണം’ തുടങ്ങിയ ചിത്രങ്ങളുടെ കാര്യത്തിലും സുരേഷ് ഗോപി ഇത്തരത്തിൽ പ്രവചനം നടത്തിയിട്ടുണ്ടെന്നും, അദ്ദേഹത്തിന്റെ ആ വാക്കുകൾ അണിയറപ്രവർത്തകർക്ക് വലിയ ഊർജ്ജം നൽകിയെന്നും ഉദയകൃഷ്ണ കൂട്ടിച്ചേർത്തു.

പൂർണ്ണമായ തിരക്കഥ തയ്യാറാകുന്നതിന് മുൻപ് തന്നെ ചിത്രീകരണം ആരംഭിച്ച സിനിമയുടെ സെറ്റിൽ തുടക്കത്തിൽ ദിലീപ് ഉണ്ടായിരുന്നില്ല. എല്ലാവരെയും വെച്ച് സിനിമയെടുക്കാൻ ഇറങ്ങിത്തിരിച്ചിട്ട് ദിലീപ് സ്വന്തം സിനിമകളിൽ അഭിനയിച്ച് പണമുണ്ടാക്കാൻ പോയെന്ന തരത്തിൽ അന്ന് അണിയറയിൽ ചില മുറുമുറുപ്പുകൾ ഉയർന്നിരുന്നു. എന്നാൽ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ചിത്രം ഭംഗിയായി പൂർത്തിയാക്കാൻ സാധിച്ചുവെന്നും ഉദയകൃഷ്ണ വ്യക്തമാക്കി.

ഉദയകൃഷ്‌ണയുടെ വാക്കുകൾ

നമ്മൾ ഈ തുറുപ്പുഗുലാന്റെ സമയത്ത്, ആക്ച്വലി ആദ്യം സജസ്‌റ്റ് ചെയ്യുന്നത് 20-20യെ കുറിച്ച് മമ്മുക്കയാണ്. ആ സമയത്താണ് പറയുന്നത്. എന്തുകൊണ്ട് നിങ്ങൾക്ക് ഇവരെക്കൊണ്ട് ചെയ്യിച്ചുകൂടാ? നടൻ സിദ്ധിക്കാണ് നമ്മളെ വിളിക്കുന്നത്. മമ്മുക്ക ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞു. അങ്ങനെ നമുക്കൊന്ന് നോക്കിയാലോ? അമ്മയിലെ ആരൊക്കെയാണ് ഉള്ളത് എന്ന് നമുക്ക് അറിഞ്ഞുകൂടായിരുന്നു.

ഇവരിൽ ആരൊക്കെയാ ഉള്ളതെന്ന് നമുക്ക് അറിഞ്ഞുകൂടാ. ആരൊക്കെ ഉണ്ട് എന്ന് അറിയില്ല. ഇവരൊക്കെ വരുമോ എന്ന് അറിഞ്ഞുകൂടാ. ഒരു സിനിമ അസോസിയേഷന് വേണ്ടി ചെയ്യണം എന്നാണ് നമ്മളോട് പറഞ്ഞിരിക്കുന്നത്. നമ്മൾ ഒരു സിനിമ കണ്ടെത്താനായിട്ട്, ഒരു കഥ കണ്ടെത്തി നിൽക്കുന്ന സമയത്ത്, നിർഭാഗ്യവശാൽ. നമ്മുടെ ജൂലൈ നാല് എന്ന സിനിമ പരാജയപ്പെട്ടു. നമ്മളെ സംബന്ധിച്ചിടത്തോളം ഇഷ്‌ടപ്പെട്ട ഒരു സിനിമയായിരുന്നു.

ട്വിസ്റ്റുകള് കൊണ്ട് മറയ്ക്കുന്ന സിനിമയായിരുന്നു അത്, എന്നാൽ ആ സമയത്ത് ദിലീപിന്റെ പടങ്ങളിൽ അങ്ങനെ ഇല്ല. ദിലീപ് ഒരു കുഴിയിൽ വീഴും എന്നുണ്ടെങ്കിൽ, ആ കുഴി നേരത്തെ കാണിച്ചിട്ട്, പിള്ളേർ ചിരിക്കാൻ റെഡിയാകും. ആ സിനിമയുടെ രീതി അതല്ല. ആ സിനിമ പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ പറ്റിയില്ല. അപ്പോൾ അത് പരാജയപ്പെട്ടു. അതിന്റെ ഇടയിൽ, ഒരു പത്ത് കൊല്ലം മുമ്പ്, ഒരു സിനിമ, ഒരു പത്തോ അഞ്ചോ എട്ടോ കൊല്ലം മുമ്പ്, ഒരു സിനിമ ചെയ്‌തിട്ട് പുറത്തിറങ്ങാതിരുന്നു. മാജിക് ലാമ്പ് എന്നായിരുന്നു അതിന്റെ പേര്.

ഹരിദാസ് ആണ് അത് സംവിധാനം ചെയ്‌തത്‌, ആ രണ്ട് സിനിമകളും പരാജയപ്പെട്ടതോടെ ഞങ്ങൾ തളർന്നു.

ഇതോടെ അടുത്തതായി അമ്മ അസോസിയേഷന്റെ 20-20 എന്ന് പറഞ്ഞ ഒരു പടം എഴുതാനായിട്ടുള്ള കോൺഫിഡൻസ് നമുക്ക് നഷ്‌ടപ്പെട്ടു. അപ്പോൾ നമുക്ക് തന്നെ, ഈ നമുക്കാണ് ഏറ്റവും കൂടുതൽ പരാജയം. മറ്റുള്ളവർ പറയുന്നതിനേക്കാളും കൂടുതൽ, നമ്മൾക്ക് നമ്മളെ തിരിച്ചറിയാൻ പറ്റുന്ന ഒരു അവസ്ഥയിലേക്ക് വരുകയാണ്. നമ്മൾ അതിന് ആപ്റ്റ് അല്ല. നമുക്ക് അത് തൽക്കാലമായിട്ട് നിർത്തിവെക്കാം എന്ന് തോന്നി.

ആ സമയം ദിലീപ് എല്ലാം പറഞ്ഞ് ഈ സിനിമ ഏറ്റെടുക്കുന്നു, ഒരു ഫണ്ട് കൊടുത്തുകൊണ്ട് പ്രൊഡക്ഷൻ ഏറ്റെടുത്തു. അങ്ങനെ നിൽക്കുന്ന സമയം, നേരെ ദിലീപ് കൽക്കട്ട ന്യൂസ് എന്ന് പറഞ്ഞ പടമായിട്ട് കൽക്കട്ടയ്ക്ക് പോയി. നമ്മൾ ഒരു പടം എഴുതണ്ട എന്ന് തീരുമാനിച്ചു. എന്റെ വീടിന്റെ കാക്കനാട്, എന്റെ വീടിന്റെ ഫ്രണ്ടിലെ ഗേറ്റ്, ആ വീട്ടിൽ ആരും താമസിക്കുന്നില്ല. എന്റെ തറവാട് വീടാണ്. ആ ഗേറ്റ് നമ്മൾ പുറത്തുനിന്ന് ലോക്ക് ചെയ്‌തിട്ട് അകത്തിരിക്കും. ദിലീപിനൊക്കെ അറിയാം, ആ സ്വഭാവം അങ്ങനെ ഇരിക്കുമെന്ന്. ദിലീപ് അവിടുന്ന്. ദിലീപിന്റെ അനിയനെയും, വ്യാസൻ എടവനക്കാടിടെയും അവിടേക്ക് വിട്ടു.

അപ്പോൾ നേരെ കൽക്കട്ടയ്ക്ക് വരണം. ടിക്കറ്റൊക്കെ എടുത്തിരുന്നു. ഞാൻ നേരെ ജോഷിയേട്ടനെ വിളിച്ചു. പുള്ളി വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു. എന്നിട്ട് ചോദിച്ചു, എന്റെ എല്ലാ സിനിമയും കണ്ടിട്ടുണ്ടോ എന്ന്. കൊറേ സൂപ്പർഹിറ്റ് പടങ്ങളുടെ പേര് പറഞ്ഞു. അല്ലാത്തതും ഉണ്ടെന്ന് പറഞ്ഞു. സിനിമ ഹിറ്റാക്കാനുള്ള ഫോർമുല ആർക്കും അറിയില്ലെന്ന് പുള്ളി പറഞ്ഞു. ആ വാക്കുകളാണ് ശരിക്കും എനിക്ക് ആത്മവിശ്വാസം തന്നതെന്ന് പറയാം.

അങ്ങനെ അവിടെ ചെന്ന്, പല സബ്‌ജക്റ്റുകളും ഞങ്ങൾ വലിയ രീതിയിൽ ആലോചിച്ചിട്ടുണ്ടായിരുന്നു. ഒന്നും സെറ്റ് ആയിട്ടില്ല. പക്ഷേ അവിടെ ചെന്നപ്പോൾ ദിലീപ് പറഞ്ഞു, വ്യാസൻ പറഞ്ഞു, ചായക്കടയിൽ ഇരുന്ന് സംസാരിച്ച കഥ കൊള്ളാം എന്ന് പറഞ്ഞല്ലോ എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു നമ്മൾ ജൂലൈ നാലിന് പകരം ചെയ്യാനായിരുന്ന ഒരു ത്രെഡ് ആണത്. ഞാൻ അത് മമ്മുക്കയെയും മോഹൻലാലിനും വെച്ചിട്ട്, വെച്ച് പറഞ്ഞപ്പോൾ, വ്യാസൻ പറഞ്ഞു, അത് കൊള്ളാം എന്ന്.

ആർട്ടിസ്‌റ്റുകളെ മാറ്റി പറയുമ്പോൾ അതിന്റെ പൊലിമ വന്നു. ദിലീപ് അത് കേട്ട്, ഇത് കൊള്ളാം. ഇത് ഓക്കെ ആണല്ലോ എന്ന് പറഞ്ഞു. അപ്പോൾ ബാക്കിയുള്ളവരെയൊക്കെ ഞാൻ പറഞ്ഞു, ബാക്കിയുള്ളതൊക്കെ കണക്റ്റ് ചെയ്യാം, അങ്ങനെയാണെങ്കിൽ. ഇന്നസെന്റ് ചേട്ടനായിട്ട് സംസാരിച്ചു. എന്നാൽ തുടങ്ങിക്കോ പരിപാടി എന്ന് പറഞ്ഞു. പിന്നെ അത് ഓർഗനൈസ് ചെയ്‌തു.

അതിനകത്ത് ഈ മോഹൻലാലിന്റെ ഒരു ക്യാരക്‌ടർ ചേഞ്ച്. മമ്മൂക്കയ്ക്കും ഒരേപോലത്തെ വേഷം. ഇവർ രണ്ടുപേരും ഹീറോ ആയിട്ട് ഈക്വൽ ആയിട്ട് നിൽക്കാവുന്ന ഒരു കഥ എന്ന രീതിയിലാണ് പറഞ്ഞത്. അവർ കണക്കുകൂട്ടിക്കൊണ്ടിരുന്നത് എന്താണെന്ന് വെച്ചുകഴിഞ്ഞാൽ, അങ്ങനെ വരുവാണെങ്കിൽ മമ്മുക്കയ്ക്ക് ഇത്ര ദിവസത്തെ ഡേറ്റ് വേണം. മോഹൻലാലിന് ഇത്ര ദിവസത്തെ ഡേറ്റ് വേണം. ഇവർ തമ്മിൽ ഒന്നിച്ച്.

അപ്പോൾ ഞാൻ പറഞ്ഞു, ഒരു കാര്യം കൂടി ഞങ്ങൾ ആലോചിച്ചു വന്നിട്ടുണ്ടായിരുന്നു. സുരേഷ് ഗോപിക്ക് ഒരു കഥാപാത്രം ഉണ്ടെന്ന് പറഞ്ഞു. ആ കഥാപാത്രം വന്നു കഴിഞ്ഞാൽ. അതായിരിക്കും മെയിൻ വേഷം എന്ന് പറഞ്ഞു. നേരെ തന്നെ ദിലീപ് അവിടുന്ന് സുരേഷേട്ടനെ വിളിച്ചു. സുരേഷേട്ടൻ പറഞ്ഞു, ഞാൻ വീട്ടിലുണ്ട് അവർ വരുമ്പോൾ ഒന്ന് വിളിക്കാൻ പറ.

അങ്ങനെ സുരേഷേട്ടൻ അതിനകത്ത് ഒരു മെയിൻ വേഷമാണ് എന്ന് ഞാൻ പറഞ്ഞു. എന്റെ വേഷം നോക്കുകയൊന്നും വേണ്ട എന്നാണ് പുള്ളി പറഞ്ഞത്. അല്ല ചേട്ടാ, ഇതാണ്ക്റ്റ് സബ്‌ജക്റ്റ്. ഇങ്ങനെയാണ് പോകുന്നത് എന്ന് പറഞ്ഞു. കുറച്ചു നേരം ഇങ്ങനെ ഇരുന്നിട്ട് പുള്ളി പറഞ്ഞു, ദിലീപിനെ വിളിച്ചു ഫോണിൽ. ഞാൻ ഇങ്ങനെ നോക്കുന്നുണ്ട്. സൂപ്പർ ഹിറ്റാ എന്നാണ് പറഞ്ഞത് ദിലീപിനോട്. ഞാൻ ഇങ്ങനെ അപൂർവമായിട്ട് പുള്ളി ഇങ്ങനെ ഒരു സംസാരിക്കും. അതൊക്കെ ചിലപ്പോൾ ഒരു സൂപ്പർ ഹിറ്റ് ആവുകയും ചെയ്യും. എന്റെ അറിവിൽ തെങ്കാശി പട്ടണം, മണിച്ചിത്രത്താഴ്, ഇതൊക്കെ പുള്ളി നേരത്തെ അനൗൺസ് ചെയ്‌തു കളഞ്ഞു സൂപ്പർ ഹിറ്റ് ആണെന്ന്. അതൊക്കെ ഹിറ്റ് ആയിട്ടുണ്ട്.

ആ ഡയലോഗിൽ കോൺഫിഡൻസ് ദിലീപിന് ഭയങ്കരമായിട്ട് അങ്ങോട്ട് കയറി. ദിലീപ് വന്നിട്ട് പറഞ്ഞു, ഭായ്, സാധനം സുരേഷേട്ടൻ ഭയങ്കര ഓക്കേ ആണെന്ന് പറഞ്ഞു. പുള്ളി ഫസ്‌റ്റ് ഷെഡ്യൂൾ തന്നെ വന്നേക്കാം എന്ന് പറഞ്ഞു. അങ്ങനെയാണെങ്കിൽ നമുക്ക് ആ തുടങ്ങിക്കൂടെ. അപ്പോഴും പൂർത്തീകരിച്ച ഒരു സ്ക്രിപ്റ്റുമായിട്ടല്ല. പിന്നെ ഷൂട്ട് തുടങ്ങുമ്പോൾ ദിലീപ് ഇവിടെ ഉണ്ടായിരുന്നില്ല. അതോടെ മുറുമുറുപ്പ് കൂടി, എല്ലാവരെയും വച്ച് പടം ചെയ്യുന്നയാൾ അഭിനയിച്ചു പൈസ ഉണ്ടാക്കാൻ പോയി എന്നായിരുന്നു ദിലീപിനെതിരായ മുറുമുറുപ്പ്. എങ്കിലും പടം ഭംഗിയായി ചെയ്‌തു തീർത്തു.