“മക്കൾ എന്റെ സുഹൃത്തുക്കളും ഗുരുക്കന്മാരുമാണ്, അവരെ വേദനിപ്പിക്കുന്നത് അനുവദിക്കില്ല”; യൂട്യൂബർക്കെതിരെ രൂക്ഷവിമർശനവുമായി ഭാഗ്യലക്ഷ്മി

','

' ); } ?>

തന്റെ വാക്കുകൾ വളച്ചൊടിച്ച്, മക്കളുടെ ചിത്രങ്ങൾ ഉപയോഗിച്ച് യൂട്യൂബിൽ വീഡിയോ പ്രചരിപ്പിച്ച കണ്ടന്റ് ക്രിയേറ്റർ ഖായ്സിനെതിരെ രൂക്ഷവിമർശനവുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മക്കളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാൻ ആർക്കും അവകാശമില്ലെന്നും, വിഷയത്തിൽ പ്രൈവസി ലംഘനത്തിന് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

‘എന്റെ മക്കൾ സ്വാർത്ഥരാണ്, അവരെന്നെ പുറത്തുപോലും കൊണ്ടുപോകുന്നില്ല; മക്കളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഭാഗ്യലക്ഷ്മി’ എന്ന തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടോടെയാണ് യൂട്യൂബർ വീഡിയോ പങ്കുവെച്ചത്. തന്നെ എത്ര വേണമെങ്കിലും വിമർശിക്കാമെന്നും എന്നാൽ തന്റെ സ്വന്തം വീഡിയോകളിൽ പോലും ഉൾപ്പെടുത്താത്ത മക്കളുടെ ചിത്രങ്ങൾ തംബ്‌നെയിലിൽ ഉപയോഗിച്ചത് അവരുടെ സ്വകാര്യതയെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി. പണമുണ്ടാക്കാൻ വേണ്ടി ഇത്തരം തരംതാണ തലക്കെട്ടുകൾ നൽകുന്നത് വൃത്തികെട്ട മനോഭാവമാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ തനിക്ക് താങ്ങായി നിന്ന സുഹൃത്തുക്കളും ഗുരുക്കന്മാരുമാണ് തന്റെ മക്കളെന്നും, അവരെ വേദനിപ്പിക്കുന്നത് അനുവദിക്കാനാവില്ലെന്നും അവർ തുറന്നടിച്ചു.

പുതിയ തലമുറയിലെ മക്കൾ അവരുടെ ഇഷ്ടത്തിനനുസരിച്ച് യാത്രകൾ ചെയ്യുന്നവരാണെന്നും, തനിക്ക് പോകേണ്ട സ്ഥലങ്ങളിൽ ആരുടെയും അനുവാദമില്ലാതെ സ്വന്തമായി പോകാൻ സാധിക്കുമെന്നുമാണ് ഭാഗ്യലക്ഷ്മി നേരത്തെ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നത്. എല്ലാക്കാലത്തും തലമുറകൾ തമ്മിൽ ഇത്തരം സ്വാർത്ഥതകൾ ഉണ്ടാകാറുണ്ടെന്ന് മക്കൾ തന്നെ തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു അവരുടെ യഥാർത്ഥ പരാമർശം. ഇത് അടർത്തിയെടുത്താണ് യൂട്യൂബർ തെറ്റായ രീതിയിൽ പ്രചരിപ്പിച്ചത്.

ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ

അവൻ കൊടുത്തിരിക്കുന്ന ടെെറ്റിൽ എന്റെ മക്കൾ സ്വാർത്ഥരാണ്. അവരെന്നെ പുറത്ത് പോലും കൊണ്ട് പോകുന്നില്ല. മക്കളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഭാ​ഗ്യലക്ഷ്മി എന്നാണ്. ഇവനെയൊക്കെ എന്താണ് പറയേണ്ടത്. ഇന്ന് ആരെക്കുറിച്ചും പരദൂഷണം പറയാനില്ല, അപ്പോൾ എന്റെ വീഡിയോ കണ്ട് കാണും. ഉള്ളിലെ വീഡിയോയിൽ ഇയാൾ‌ മര്യാദയ്ക്ക് സംസാരിച്ചിട്ടുണ്ട്. എന്റെ വീഡിയോയുടെ കട്ടിം​ഗ് എടുത്ത് കാണിച്ചിട്ടുമുണ്ട്. പക്ഷെ ഈ വീഡിയോയിലേക്ക് ഇറങ്ങണമെങ്കിൽ ഇങ്ങനെ ടെെറ്റിൽ കൊടുക്കണം എന്ന വൃത്തികെട്ട മനോഭാവം. ഈ ഖയ്സെന്ന ആളോട് എനിക്ക് പറയാനുള്ളത് ഇതാണ്. നിങ്ങൾക്ക് പണമുണ്ടാക്കാൻ വേണ്ടിയാണല്ലോ ഇത് ചെയ്യുന്നത്. നിങ്ങളുടെ വീട്ടിൽ സ്ത്രീകളില്ലേ. നിങ്ങൾക്കും അമ്മയില്ലേ. സഹോദരിയില്ലേ. സ്വന്തം ജീവിതം കണ്ടന്റാക്കി നോക്കൂ.

എന്നെക്കുറിച്ച് നിങ്ങൾക്ക് വിമർശനം ഉന്നയിക്കാം. പക്ഷെ എന്റെ മക്കളുടെ ഫോട്ടോയിട്ട് ഇങ്ങനെ ചെയ്യാൻ നിങ്ങൾക്ക് അവകാശമില്ല. അവരുടെ ഫോട്ടോയിടുമ്പോൾ അവരുടെ സ്വകാര്യതയെയാണ് നിങ്ങൾ അപമാനിക്കുന്നത്. ഞാൻ എന്റെ കഷ്ടകാലത്തിന് സെലിബ്രിറ്റിയായിപ്പോയതാണ്. എന്റെ ഒരു വീഡിയോയിൽ പോലും മക്കളുടെ ഫോട്ടോ കാണിക്കാറില്ല. മക്കളുടെ സ്വകാര്യതയാണ്. ആ സ്വകാര്യതയാണ് ഈ മനുഷ്യൻ ഹനിച്ചത്. പ്രെെവസി ഇഷ്യുവായി ഞാൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

എന്നെക്കുറിച്ച് എന്ത് പറഞ്ഞാലും ഞാൻ വിട്ട് കളയാം. പക്ഷെ എന്റെ മക്കളെ വേദനിപ്പിക്കരുത്. കാരണം മക്കളെന്നതിലുപരി അവരെന്റെ സുഹൃത്തുക്കളാണ്. എന്നെ ജീവിതം പഠിപ്പിച്ച ​ഗുരുക്കൻമാരാണ് മക്കൾ. ജീവിതത്തിൽ ഞാൻ പ്രതിസന്ധി ഘട്ടത്തിൽ നിന്നപ്പോൾ ധെെര്യം തന്നവരാണ്. അങ്ങനത്തെ മക്കളെ കിട്ടാൻ ഭാ​ഗ്യം ചെയ്യണം. ഈ വീഡിയോ ചെയ്തവൻ അങ്ങനെയൊരു മകനല്ലെ.

ഭാ​ഗ്യലക്ഷ്മി യഥാർത്ഥത്തിൽ പറഞ്ഞത്

മക്കൾ സ്വാർത്ഥരാണ് എന്ന് എന്റെ രണ്ട് മക്കളും എന്നോട് പറയുമായിരുന്നു. എല്ലാ കാലത്തും എല്ലാ ജനറേഷനിലും അങ്ങനെയാണ്. നിങ്ങൾ നിങ്ങളുടെ അച്ഛനമ്മമാരോട് സ്വാർത്ഥരായിരുന്നിരിക്കാം. പക്ഷെ അക്കാലത്ത് ആ തലമുറ അങ്ങനെ ചിന്തിച്ചിട്ടില്ല. ഇപ്പോൾ നിങ്ങളുടെ തലമുറയിൽ നിങ്ങളുടെ മക്കൾ സ്വാർത്ഥരാണ്. ഞാനുൾപ്പെടെ എന്ന് മകൻ പറഞ്ഞിട്ടുണ്ട്. എന്റെ രണ്ട് മക്കളും അവരുടെ ഇഷ്ടത്തിന് അനുസരിച്ച് യാത്ര ചെയ്യുന്നവരാണ്. അവരെന്നെ കൊണ്ട് പോകുന്നൊന്നും ഇല്ല. അവരെന്തിനാണ് എന്നെ കൊണ്ട് പോകുന്നത്. ഞാൻ പോകും. എനിക്ക് പോകണമെന്ന് തോന്നുന്ന സ്ഥലത്ത് ഞാൻ പോകും. അവർ എന്നോടൊപ്പം ജീവിക്കുന്നില്ല എന്നത് കൊണ്ട് എനിക്കവരുടെ അനുവാദത്തിന്റെ ആവശ്യമില്ല. ​​​​ദൂരെയാണെങ്കിൽ മക്കളേ കുറച്ച് ദിവസം ഞാനിവിടെ ഉണ്ടാകില്ലെന്ന് പറഞ്ഞ് പോകും എന്നാണ് ഭാ​ഗ്യലക്ഷ്മി പറഞ്ഞത്.