
ആമിർ ഖാന്റെ ഏറ്റവും പുതിയ ചിത്രം ‘സിത്താരേ സമീൻ പ’റിന്റെ ട്രെയിലർ പുറത്തിറങ്ങി. ആമിർ ഖാന്റെ തന്നെ സൂപ്പർ ഹിറ്റ് ചിത്രം ‘താരേ സമീൻപർ’ ന്റെ രണ്ടാം ഭാഗമാണ് ചിത്രം. എന്നാൽ ആദ്യ ഭാഗത്തിലെ കഥയോ കഥാപാത്രങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത ഈ സിനിമ ഒരു സ്പിരിച്വൽ സ്പിൻഓഫ് എന്ന രീതിയിലാണ് ചിത്രത്തിന്റെ അണിയറക്കാർ അവതരിപ്പിക്കുന്നത്. ഡൗൻ സിൻഡ്രോമുളള കൗമാരക്കാരെ ബാസ്‌ക്കറ്റ്ബോൾ പഠിപ്പിച്ച് മത്സരത്തിനിറക്കുകയെന്ന ദൗത്യം ഏറ്റെടുക്കുന്ന കായികാധ്യാപകന്റെ വേഷമാണ് ചിത്രത്തിൽ ആമിർഖാൻ കൈകാര്യം ചെയ്യുന്നത്. ആമിർഖാൻ ടാക്കീസ് നിർമിച്ചിരിക്കുന്ന ചിത്രം ജൂൺ 20 ന് വേൾഡ് വൈഡ് ആയി റിലീസ് ചെയ്യും.
സ്പാനിഷ് ചിത്രമായ ചാംപ്യൻസിന്റെ ഔദ്യോഗിക റീമേക്ക് കൂടിയാണിത്. സ്പാനിഷ് ചിത്രത്തിന്റെ സീൻ ബൈ സീൻ കോപ്പി ആണെന്നും ഒരു മാറ്റവുമില്ലാതെയാണ് ആമിർ ഖാൻ ഹിന്ദിയിലേക്ക് ചിത്രം എടുത്തിരിക്കുന്നതെന്നും വിമർശനമുണ്ട്. ടോം ഹാങ്ക്സിന്റെ ഫോറസ്റ്റ ഗംപ് റീമേക്ക് ആയിരുന്ന ലാൽ സിങ് ഛദ്ദ പരാജയപ്പെട്ടിട്ടും ആമിർ ഖാനെ പോലെ ഒരു നടൻ എന്തിനാണ് വീണ്ടും റീമേക്കുകൾക്ക് പിന്നാലെ പോകുന്നതെന്നും ആരാധകർ ചോദിക്കുന്നുണ്ട്.
‘താരേ സമീൻ പർ’ ചിത്രത്തിൽ നായകവേഷം ചെയ്തതിന് പുറമെ ചിത്രം സംവിധാനം ചെയ്തതും ആമിർ ഖാൻ ആയിരുന്നെങ്കിൽ, ഇക്കുറി പ്രസന്ന ആർ.എസ്. ആണ് സംവിധാനം. വൈകാരിക രംഗങ്ങൾ അധികമില്ലാതെ കോമഡി ഫാമിലി എന്റർടെയ്നറായാണ് ‘സിത്താരേ സമീൻ പർ’ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിൽ ആമിർ ഖാനൊപ്പം ജെനീലിയ ദേശ്മുഖും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ‘തിരികെ’ സിനിമയിലൂടെ ശ്രദ്ധേയനായ ഗോപീകൃഷ്ണനും ആമിറിനൊപ്പം സിനിമയിൽ അഭിനയിക്കുന്നു. ദിവ്യ നിധി ശർമ്മ ആണ് തിരക്കഥ ഒരുക്കുന്നത്. ശങ്കർ -എഹ്സാൻ -ലോയ് ആണ് സംഗീതം. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററിലെത്തുന്ന ആമിർ ഖാൻ സിനിമയാണിത്. ലാൽ സിംഗ് ഛദ്ദ ആയിരുന്നു അവസാനമായി തിയേറ്ററിലെത്തിയ ആമിർ ചിത്രം.