ചിത്രാഞ്ജലിയെ രക്ഷിക്കൂ

തിരക്കഥാകൃത്തും സംവിധായകനുമായ അനില്‍ മുഖത്തല എഴുതിയ ചിത്രാഞ്ജലി സ്റ്റുഡിയോയെ കുറിച്ചുള്ള കുറിപ്പ് വൈറലാകുന്നു. ‘നിലവിലുള്ള സ്റ്റുഡിയോ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം. ഡി.ഐ പോലുള്ള സൗകര്യങ്ങള്‍ നല്ല ടെക്‌നീഷന്‍സ് ഇല്ലാതെ പാക്കേജ് എടുത്തവര്‍ പോലും കഷ്ടപ്പെടുകയാണ്. സബ്‌സിഡിയൊക്കെ പറയുന്നുണ്ടെങ്കിലും ആ അഞ്ചു ലക്ഷം രൂപ പാക്കേജ് എടുത്തവരെകൊണ്ട് കണക്കൊപ്പിച്ച് തിരികെ കൊടുക്കാതെ എങ്ങനെ തീര്‍ക്കാം എന്നാലോചിക്കുന്നവരെ അവിടെ നിന്നു മാറ്റണം. ഗണേശ് കുമാറിനെപ്പോലെ ആരെങ്കിലും ഒരാള്‍ മലയാള സിനിമയെ ഉള്ളു കൊണ്ടറിയുന്ന ഒരാള്‍ അധികാരത്തില്‍ വരണം’. അനില്‍ മുഖത്തല എഴുതുന്നു. ഈ കുറിപ്പ് നിരവധി പേരാണ് പങ്കുവെച്ചിട്ടുള്ളത്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ വായിക്കാം.

ഞാൻ പറഞ്ഞു കേട്ടിട്ടുള്ള ഒരു കഥയുണ്ട്, വാസ്തവമാണോ എന്നറിയില്ല. ഒരു യാത്രയിൽ ചെന്നെയിൽ നിന്നു തിരുവനന്തപുരത്തേയ്ക്കുള്ള വിമാനത്തിൽ പ്രേംനസീറിൻ്റെ തൊട്ടടുത്ത് കെ.കരുണാകരൻ ഇരിക്കുന്നു. കരുണാകരൻ നമ്മുടെ നസീറിനോടു ചോദിച്ചു വിശേഷങ്ങൾ: നസീറുപറഞ്ഞു എന്തു പറയാനാണ് തിരുവനന്തപുരംചെന്നെ ചെന്നെ തിരുവനന്തപുരം യാത്ര ചെയ്തു മടുത്തു നമ്മുടെ നാട്ടിൽ സിനിമയ്ക്കു വേണ്ടി ഒരു സ്റ്റുഡിയോ റിക്കാർഡിംഗും അത്യാവശ്യം അനുബന്ധ സൗകര്യങ്ങളുമുള്ള ഒരു സ്റ്റുഡിയോ തുടങ്ങിക്കൂടെ. മലയാള സിനിമയെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഒരു ശ്രമം നടത്തിക്കൂടെ. സ്വേഛാധിപതി ആയിരിക്കും പക്ഷേ ഒരു തീരുമാനമെടുത്താൽ അതിൽ ഉറച്ചു നിൽക്കാനുള്ള നട്ടെല്ല് നമ്മുടെ ഇന്നത്തെ മുഖ്യമന്ത്രി പിണറായിയെപ്പോലെ കരുണാകരനുണ്ട് ഉണ്ടായിരുന്നു. ആ തീരുമാനമായിരുന്നു ചിത്രാജ്ഞലി നൂറ്ഏക്കർ വസ്തു, അതും പ്രകൃതി മനോഹരമായ ഒരു കുന്നിൻ മുകളിൽ വാങ്ങി ഉദ്ഘാടനം ചെയ്തു. ഇന്നത് ചുരുങ്ങി തൊണ്ണൂറു ഏക്കറേ ഉള്ളു. പക്ഷേ ഞാൻ പറഞ്ഞു വന്നത് തുടങ്ങിയ സ്ഥലത്ത് അതേ അവസ്ഥയിൽ നിൽക്കുകയാണിന്നും ചിത്രാഞ്ജലി. ജഗതി ശ്രീകുമാർ ഒരിക്കൽ എന്നോടു പറഞ്ഞു ഈ സ്ഥാപനത്തിലെ മരങ്ങളിൽ തൂങ്ങിക്കിടക്കുന്ന മരിച്ചു പോയിട്ടും വിട്ടു പോകാത്ത കുറേ ആത്മാക്കളുണ്ട്, ഇവിടത്തെ മുൻ ഭരണാധികാരികൾ. ആ ആത്മാക്കളു പോലും സമ്മതിക്കില്ല ഈ സ്ഥാപനം രക്ഷപ്പെടാൻ. ജഗതി പറഞ്ഞതു പൂർണമായും സത്യമാണ്. ഒരുപാടു സാദ്ധ്യതകളുള്ള ഈ സ്ഥാപനം അകാലമരണത്തിലാണ്. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ മരിച്ചു കഴിഞ്ഞു.

ചിത്രാഞ്ജലി പാക്കേജിൽ ഒരുപാടു ചിത്രങ്ങൾ വഴിയുള്ളവരുമാനമുണ്ട്. കോവിഡ് സാഹചര്യത്തിൽപ്പോലും ഒരു ദിവസം അഞ്ചിലേറെ സീരിയലുകൾ വഴിയുള്ള വാടകയും കിട്ടുന്നുണ്ട്. പക്ഷേ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാൻ ഒരു ഭരണാധിപതികൾ പോലും തയ്യാറാവുന്നില്ല സർക്കാർ സ്ഥാപനങ്ങൾ വെള്ളാനകളാണ് നമ്പ്യാർ പണ്ടു പറഞ്ഞതു പോലെ എനിക്കും കിട്ടണം പണം എന്നല്ലാതെ ആരും ചിത്രാഞ്ജലിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നേയില്ല. മാറി വരുന്ന ഭരണകർത്താക്കൾ വാഗ്ദാനങ്ങൾ തരും, ചിത്രാഞ്ജലിയെ ഒരു റാമോജിസിറ്റിയാക്കും മാങ്ങാത്തൊലി. മിനിമം കുറച്ചു ഷൂട്ടിംഗ് സെറ്റുകളെങ്കിലും ഒരുക്കിയാൽ എത്ര വരുമാനം കിട്ടും. കിഷ്കിണ്ടപോലെ ഒരു തീം പാർക്ക് ഉണ്ടാക്കിയിട്ടാൽ പോലും കടൽ തൊട്ടരികിൽ. നയന സുഖം തരുന്ന ഈ മനോഹര ഭൂമികയെ ഒന്ന് ഉപയോഗിച്ചു കൂടെ. സാബു സിറിലോ നേമം പുഷ്പരാജോ ആരെങ്കിലും പ്രതിഭാശാലികളായ (കാശു പോക്കറ്റിലാക്കാൻ വഴി തേടുന്ന പാലാരിവട്ടം ചുമതലക്കാരല്ലാതെ) ഒരാളെ രുപകൽപ്പനയ്ക്കു വിളിച്ചാൽ ഒരമ്പലം രണ്ടു പള്ളികൾ ഒരു തറവാട് ഒരു പോലീസ് സ്റ്റേഷൻ ഒരു കോടതി ഒരു ബസ് സ്റ്റാൻഡ് ഒരു പുതിയ പോഷ് വീട് ഒക്കെ നിസ്സാര തുകക്ക് ഉണ്ടാക്കാം. നിലവിലുള്ള സ്റ്റുഡിയോ സൗകര്യങ്ങൾ മെച്ചപ്പെടുത്തണം.ഡി.ഐ പോലുള്ള സൗകര്യങ്ങൾ നല്ല ടെക്നീഷൻസ് ഇല്ലാതെ, പാക്കേജ് എടുത്തവർ പോലും കഷ്ടപ്പെടുകയാണ് സബ്സിഡിയൊക്കെ പറയുന്നുണ്ടെങ്കിലും ആ അഞ്ചു ലക്ഷം രൂപ പാക്കേജ് എടുത്തവരെ. കൊണ്ട് കണക്കൊപ്പിച്ച് തിരികെ കൊടുക്കാതെ എങ്ങനെ തീർക്കാം എന്നാലോചിക്കുന്നവരെ അവിടെ നിന്നു മാറ്റണം, ഗണേശ് കുമാറിനെപ്പോലെ ആരെങ്കിലും ഒരാൾ മലയാള സിനിമയെ ഉള്ളു കൊണ്ടറിയുന്ന ഒരാൾ അധികാരത്തിൽ വരണം. ഞാനാ പേരു പറഞ്ഞത് ഒരു താല്പര്യം കൊണ്ടുമല്ല ഞാനീ ചിത്രാജ്ഞലിയെ ഒരു കെ.എസ്സ് ആർ ടി സി ആക്കില്ല എന്ന് ഉറപ്പുള്ള ഒരാളെ ചുമതലപ്പെടുത്തു. കാര്യങ്ങൾ ഇങ്ങനെ നടന്നു പോയാൽ മതി എന്നു കരുതുന്ന ഷാജി സാറിനെപ്പോലുള്ള സിനിമാ പ്രതിഭകളെ ചുമന്നിട്ടു കാര്യമില്ല, ഒരു നല്ല ബിസിനസ്സ് ബുദ്ധിയുള്ള ഒരാൾ വേണം. ഇന്നോളം വർക്കു ചെയ്തിട്ടുള്ള സിനിമകളിൽ നിന്ന് ബോദ്ധ്യമുള്ള കാര്യമാണ്. സ്റ്റുഡിയോ യൂണിറ്റുകളിൽ ഏറ്റവും മികച്ച വരാണ് KSFDC യിലെ ജീവനക്കാർ: അവരുടെ ആത്മാർത്ഥതയെങ്കിലും മുകളിലിരിക്കുന്നവർക്കു വേണം. സജി ചെറിയാൻ സിനിമയെ രക്ഷപ്പെടുത്താനാഗ്രഹിക്കുന്ന നല്ല പ്രതിഭാശാലിയായ മന്ത്രിയാണ്. സജി സാറ് ഈ പോസ്റ്റുകാണുമോ എന്നറിയില്ല, പക്ഷേ ഈ സത്യം തിരിച്ചറിയണം, ചിത്രാഞ്ജലിയെ രക്ഷിക്കൂ. നഗരത്തിൽ ഇത്രയും മനോഹരമായ ഈ തൊണ്ണൂറുഏക്കർ പൂർണമായും ഉപയോഗപ്പെടുത്തു. സേവ് ചിത്രാഞ്ജലി.