സത്യന്‍ മാഷിന്റെ ജീവിതം പകര്‍ത്താന്‍ പ്രാര്‍ത്ഥനയോടെ

‘സത്യന്‍ മാഷിന്റെ ജീവിതം പകര്‍ത്താന്‍ പ്രാര്‍ത്ഥനയോടെ ഞാനും. ഈ വേളയില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രമാണു കോവിഡ് പ്രതിസന്ധിയില്‍ ചിത്രീകരണം തുടങ്ങാനാകാതെ ഇരിക്കുന്നത്’. സത്യനായി വേഷമിടാനിരിക്കുന്ന ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചു. മുന്‍നിര നിര്‍മാതാവും നടനുമായ വിജയ് ബാബു െ്രെഫഡേ ഫിലിം ഹൗസിന്റെ ബാനറില്‍ നിര്‍മിക്കുന്നതാണീ ബിഗ് ബജറ്റ് ചിത്രം.

സിനിമാക്കഥയെ വെല്ലുന്ന ജീവിതമായിരുന്നു സത്യന്റേത്. ഇന്ത്യന്‍ സേനയില്‍ അംഗമായിരുന്ന വീരസൈനികന്‍ പിന്നീട് സ്‌കൂള്‍ അധ്യാപകനായി, നാടക നടനായി, കേരള പൊലീസില്‍ സബ് ഇന്‍സ്‌പെക്ടറായി, ഒടുവില്‍ മലയാളക്കരയെ തനത് അഭിനയത്തിന്റെ വിസ്മയഭാവങ്ങള്‍കൊണ്ടു സന്തോഷിപ്പിച്ച ചലച്ചിത്രതാരമായി. മലയാളത്തിലെ തികവും മികവുമുറ്റ നായകനായി. യഥാര്‍ഥ ജീവിതത്തില്‍ ഏറെ വേഷങ്ങളാടിയപ്പോഴും വെല്ലുവിളികളും കഷ്ടതകളും നിറയെ നേരിട്ടു സത്യന്‍.
അഭ്രപാളികളില്‍ ജീവസ്സുറ്റ കഥാപാത്രങ്ങളിലൂടെ ജീവിക്കുമ്പോഴും സ്വന്തം ജീവിതത്തില്‍ നേരിട്ട വെല്ലുവിളികളെ തരണം ചെയ്ത ധീരത കണ്ടറിയുകയായിരുന്നു മലയാളി ആ പ്രതിഭ വിട്ടുപിരിഞ്ഞതിന്റെ 50- ാം വാര്‍ഷികമാണിന്ന്

അദ്ദേഹത്തിന്റെ ജീവിതം അഭ്രപാളിയിലെത്തിക്കാനുള്ള കാത്തിരിപ്പിലാണ് സിനിമാപ്രവര്‍ത്തകര്‍. കോവിഡ് ഉണ്ടാക്കുന്ന തടസ്സങ്ങള്‍ നീങ്ങിയാലുടന്‍ അതു യാഥാര്‍ഥ്യമാക്കാനുള്ള തയാറെടുപ്പിലും പ്രാര്‍ഥനയിലുമാണു മലയാളത്തിന്റെ പ്രിയനടന്‍ ജയസൂര്യയും മുന്‍നിര നിര്‍മാതാവും നടനുമായ വിജയ് ബാബുവും. രണ്ട് വര്‍ഷം മുന്‍പു സത്യന്റെ വിയോഗത്തിന്റെ 48- ാം വാര്‍ഷികത്തിലാണു സത്യന്റെ ശവകുടീരത്തില്‍ ആദരമര്‍പ്പിച്ചുകൊണ്ടു സത്യനെക്കുറിച്ചുള്ള സിനിമയുടെ വിവരം ജയസൂര്യ കേരളത്തെ അറിയിച്ചത്. പ്രീ പ്രൊഡക്ഷന്‍ ജോലികളെല്ലാം പൂര്‍ത്തിയാക്കി. ചിത്രീകരണത്തിനു 2019 അവസാനം തുടക്കമിടാനിരിക്കുകയായിരുന്നു. അപ്പോഴാണു ലോകത്തിനു മുന്നില്‍തന്നെ പ്രതിസന്ധിയുടെ വിഘ്‌നഗിരി സൃഷ്ടിച്ചു കോവിഡിന്റെ കടന്നുവരവ്. അന്നു തുടങ്ങിയിരുന്നെങ്കില്‍ 50- ാം ചരമവാര്‍ഷികദിനത്തില്‍ പുറത്തിറങ്ങുമായിരുന്നു ഈ ചിത്രം. എപ്പോള്‍ കോവിഡ് പ്രതിസന്ധി കഴിയുന്നോ അപ്പോള്‍ ചിത്രീകരണം തുടങ്ങുമെന്ന തരത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചത്. വലിയൊരു സിനിമയാണിത്. ചെറിയൊരു സംഘത്തെവച്ചു ചിത്രീകരണം സാധ്യമല്ല. അണിയറപ്രവര്‍ത്തകര്‍ പ്രതീക്ഷയോടെ ചിത്രികരണത്തിനായി കാത്തിരിക്കുകയാണ്.