തൊണ്ടിമുതലും ദൃക്‌സാക്ഷിയ്ക്കും ശേഷമുള്ള സജീവ് പാഴൂരിന്റെ തിരക്കഥയിലൊരുങ്ങിയ സിനിമ, സംവൃതാ സുനിലിന്റെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ്, ഒരു വടക്കന്‍ സെല്‍ഫിയ്ക്ക് ശേഷമുള്ള ജി പ്രജിത്തിന്റെ സംവിധാനം. സത്യം പറഞ്ഞാ വിശ്വസിക്കുവോയുടെ വിശേഷങ്ങളാണ് സെല്ലുലോയ്ഡ് മൂവി റിവ്യൂവില്‍.
സജീവ് പാഴൂരിന്റെ തിരക്കഥയിലൂടെ ഒരുങ്ങിയ മറ്റൊരു റിയലിസ്റ്റിക്ക് കാഴ്ച്ചാനുഭവമാണ് സത്യം പറഞ്ഞാ വിശ്വസിക്കുവോ. വാര്‍ക്കപണിക്കാരനായ സുനിയുടെ ജീവിതമാണ് സിനിമ. സുനിയെ മാത്രം വിശ്വസിച്ച് ഇറങ്ങി വന്നവളാണ് സുനിയുടെ ഭാര്യ ഗീത. ഭാര്യയും മകളുമുണ്ടെങ്കിലും പണി തീരാത്ത വാര്‍ക്കപണിക്കാരന്റെ വീട് പോലെ താളം മുറിഞ്ഞതാണ് സുനിയുടെ ജീവിതം. സിനിമയുടെ ആദ്യ പകുതി മുഴുവന്‍ കഥാപരിസരങ്ങളെ പരിചയപ്പെടുത്തലാണ്.
സജീവ് തിരക്കഥയില്‍ വരച്ചിട്ട സാധാരണക്കാരനായ ഒരു കൂലിപണിക്കാരന്റെ ജീവിതപരിസരങ്ങളെ അതേ രീതിയില്‍ തന്നെ സ്‌ക്രീനിലെത്തിയ്ക്കാന്‍ ജി പ്രജിത്തിന് കഴിഞ്ഞിട്ടുണ്ട്. തിരക്കഥ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ രണ്ടാം പകുതിയിലാണ് അല്‍പ്പം കൂടെ സംഘര്‍ഷ ഭരിതമാകുന്നത്. മദ്യപാനാസക്തി വരുത്തുന്ന വിനകള്‍ സുനിയുടെ ജീവിതത്തെ വഴിതിരിച്ചുവിടുകയാണ്. നാട്ടിലെ പലതരത്തിലുള്ള കഥാപാത്രങ്ങളിലൂടെ സമൂഹത്തിന്റെ പൊതുസ്വഭാവം വരച്ചു കാട്ടാന്‍ തിരക്കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ഉപദേശങ്ങളോ, സന്ദേശങ്ങളോ ആയി നേരിട്ട് പറയാതെ മദ്യപാനത്തിനെതിരെയുള്ള ചില ചിന്തകളുണര്‍ത്താന്‍ കഥാപാത്രങ്ങളിലൂടെ സംവിധായകനും തിരക്കഥയ്ക്കും കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ നടന്ന്‌കൊണ്ടിരിക്കുന്നു രാഷ്ട്രീയ പൊറാട്ട് നാടകങ്ങളുടെ മിനിയേച്ചര്‍ നമുക്കീ ചിത്രത്തില്‍ കാണാം, കുറ്റവാളിയെ മുന്‍കൂട്ടി തീരുമാനിച്ച് പൊലീസ് നടത്തുന്ന അന്വേഷണം, മറ്റുള്ളവരുടെ ജീവിതത്തെ പരിഹസിക്കാനുള്ള നമ്മുടെ ത്വര എന്നിവയെയെല്ലാം കണക്കറ്റ് പരിഹസിക്കുന്നുണ്ട് ചിത്രം. ചെറിയ കള്ളങ്ങള്‍ തിരിച്ചറിഞ്ഞ് തിരുത്തലുകള്‍ക്ക് അവസരമൊരുക്കുന്ന മുഖങ്ങളും പൊലീസിലുണ്ടെന്നും സിനിമ പറയുന്നു.
റിയലിസ്റ്റിക്ക് കാഴ്ച്ചാനുഭവമൊരുക്കിയ ഷെഹനാദ് ജലാലിന്റെ ഛായാഗ്രഹണം, രഞ്ജന്‍ എബ്രഹാമിന്റെ ചിത്ര സംയോജനം എന്നിവയെല്ലാം നന്നായിരുന്നു. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള സംവൃതയുടെ മടങ്ങി വരവും, സാധാരണ കൂലിപണിക്കാരന്റെ പ്രതിനിധിയായി മാറിയ ബിജുമേനോനും റോളുകള്‍ ഭംഗിയായി കൈകാര്യം ചെയ്തു. വെട്ടുകിളി പ്രകാശ്, അലന്‍സിയര്‍, സുധി കോപ്പ, സൈജു കുറുപ്പ്, സുധീഷ്, ശ്രുതി ജയന്‍ തുടങ്ങീ കാസ്റ്റിംഗും നന്നായിരുന്നു.
സിനിമകള്‍ എന്നാല്‍ ആഘോഷം മാത്രമാണെന്ന് തെറ്റിദ്ധരിച്ചവര്‍ ഈ ചിത്രത്തിന് കയറേണ്ടതില്ല. സാധാരണ ജീവിതങ്ങളിലെ ദാരിദ്ര്യവും, നിഷ്‌കളങ്കതയുമെല്ലാം അതേ പോലെ വരച്ചിട്ട നാട്ടിന്‍പുറത്തിന്റെ ചന്തമുള്ള റിയലിസ്റ്റിക്ക് കാഴ്ച്ചാനുഭവമാണ് സത്യം പറഞ്ഞാ വിശ്വസിക്കുവോ?.