
ദിലീപ് ചിത്രം ‘ഭഭബ’ കേരളത്തിൽ നൂറ് ദിവസം ഓടിയാൽ പഴവങ്ങാടി ഗണപതിക്ക് 1001 തേങ്ങ നേർന്നിട്ടുണ്ടെന്ന് കലാമണ്ഡലം സത്യഭാമ. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സത്യഭാമ ഈ കാര്യം വെളിപ്പെടുത്തിയത്. ’10 ശതമാനം വരുന്ന അവൾക്കൊപ്പം മനുഷ്യരെ, 90 ശതമാനം വരുന്ന “അവനൊപ്പം’ മനുഷ്യർ കണ്ടം വഴി ഓടിച്ച മനോഹര കാഴ്ചയാണ്’ ഭ ഭ ബ കാണിച്ചതെന്ന് സത്യഭാമ പറഞ്ഞു. കൂടാതെ നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയെയും സത്യഭാമ വിമർശിക്കുന്നുണ്ട്.
“പ്രാർഥനകൾ ഫലം കണ്ടു. ദിലീപിൻ്റെയും, സുഹൃത്തുകളുടെയും ഇന്ന് ഇറങ്ങിയ സിനിമ മലയാളികൾ ഏറ്റെടുത്തിരിക്കുന്നു. നൂറ് ശതമാനം എന്റർടെയ്ൻമെൻ്റ് പെർഫോമൻസ് എന്നാണ് എറണാകുളത്തുള്ള ഗീതാഞ്ജലി പറയുന്നത്. ഏറ്റവും ചുരുങ്ങിയത് 100 ദിവസം ഓടുമെന്ന് എൻ്റെ മനസ്സ് പറയുന്നുണ്ട്. 100 ദിവസം ഓടിയാൽ പഴവങ്ങാടി ഗണപതിക്ക് 1001 തേങ്ങ ഞാൻ നേർന്നിട്ടുണ്ട്. 10 ശതമാനം വരുന്ന അവൾക്കൊപ്പം മനുഷ്യരെ, 90 ശതമാനം വരുന്ന “അവനൊപ്പം’ മനുഷ്യർ കണ്ടം വഴി ഓടിച്ച മനോഹര കാഴ്ചയാണ് കേരളത്തിലെ ഒട്ടുമിക്ക സിനിമ പ്രദർശന കേന്ദ്രങ്ങളിലും കാണുന്നത്.”സത്യഭാമ കുറിച്ചു
“ഭാഗ്യലക്ഷ്മി ഇനി പുറത്തിറങ്ങുമ്പോൾ തലയിൽ ഒരു മുണ്ട് ഇടാൻ മറക്കണ്ട. ഇല്ലേൽ ഇന്നത്തെ കുട്ടികൾ യഥാർഥ ഡബ്ബിങ് പഠിപ്പിക്കും.”-ഭഭബ’യുടെ തിയറ്റർ പ്രതികരണങ്ങളുടെ വിഡിയോ പങ്കുവച്ച് സത്യഭാമ കൂട്ടിച്ചേർത്തു.
കോടതി വിധിയിൽ ദിലീപിനെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ചത് ‘ഭ ഭ ബ’ ബഹിഷ്കരിക്കണമെന്ന് ഒരുകൂട്ടം വാദിച്ചിരുന്നു. എന്നാൽ മികച്ച പ്രതികരണമാണ് ഇന്നലെ ചിത്രത്തിന് ലഭിച്ചത്. ചിത്രം റിലീസിന് മുൻപ് തന്നെ റെക്കോർഡ് ടിക്കറ്റ് വിൽപന നടത്തിയിരുന്നു. മണിക്കൂറിൽ പതിനായിരത്തിനു മുകളിൽ ടിക്കറ്റുകളാണ് ബുക്ക്മൈ ഷോ പ്ലാറ്റ്ഫോമിലൂടെ വിറ്റുപോയത്. ഏകദേശം ഒരു കോടിക്കു മുകളിലാണ് ആദ്യ ദിനം മാത്രം പ്രി സെയ്ൽ ബിസിനസ്സിലൂടെ ചിത്രം നേടിയത്. നവാഗതനായ ധനഞ്ജയ് ശങ്കറാണ് ഭഭബ സംവിധാനം ചെയ്തത്. ഫാഹിം സഫറും നൂറിൻ ഷെരീഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചത്
“ഭയം ഭക്തി ബഹുമാനം” എന്നതിൻ്റെ ചുരുക്ക രൂപമായിട്ടാണ് “ഭ.ഭ.ബ” എന്ന ടൈറ്റിലോടെ ചിത്രമെത്തുന്നത്. സിദ്ധാർഥ് ഭരതൻ, ബൈജു സന്തോഷ്, ബാലു വർഗീസ്, സലിം കുമാർ, അശോകൻ, ദേവൻ, ബിജു പപ്പൻ, ജി. സുരേഷ് കുമാർ, നോബി, വിജയ് മേനോൻ, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണാ, റെഡിൻ കിംഗ്സിലി (തമിഴ്), ഷമീർ ഖാൻ (പ്രേമലു ഫെയിം) ഷിൻസ്, ശരണ്യ പൊൻ വണ്ണൻ, നൂറിൻ ഷെറീഫ്, ധനശ്രീ, ലങ്കാ ലഷ്മി, കോറിയോഗ്രാഫർ സാൻ്റി എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം കോയമ്പത്തൂർ, പാലക്കാട്, പൊള്ളാച്ചി, കൊച്ചി ഭാഗങ്ങളിലായി ആണ് ചിത്രീകരിച്ചത്.
ചിത്രത്തിലെ “അഴിഞ്ഞാട്ടം” എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയും ട്രെൻഡിങ്ങിലാണ്. അതേസമയം ഗാനത്തിന് വലിയ ട്രോളുകളും വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നുണ്ട്. ഗാനത്തിൻ്റെ വരികൾക്ക് നിലവാരമില്ലെന്നാണ് പ്രധാന വിമർശനം. സിനിമയ്ക്കുള്ള ഹൈപ്പ് കുറയാൻ പാട്ട് കാരണമാകുമെന്നാണ് പലരും വിഡിയോയ്ക്ക് കമന്റ് ചെയ്യുന്നത്. ഈ പാട്ട് സിനിമയിൽ വേണ്ടെന്നും പലരും അഭിപ്രായപ്പെടുന്നു.
ഈ മാസമാണ് നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധി വന്നത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വെറുതെ വിടുകയും ആദ്യ ആറു പ്രതികളെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു. വിധിയിൽ നിരാശ പങ്കുവെച്ചും വിധിയെ ആഘോഷിച്ചുമെല്ലാം നിരവധി പേരാണ് പ്രതികരിച്ചത്. ആക്രമിക്കപ്പെട്ട നടിക്കുള്ള പിന്തുണ വീണ്ടും അറിയിച്ചുകൊണ്ട് ഒട്ടേറെ പേരാണ് സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുകളിട്ടത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപ് കുറ്റവിമുക്തനാണെന്ന് കണ്ടെത്തിയ കോടതി, ഒന്നുമുതൽ ആറുവരെ പ്രതികൾ കുറ്റംചെയ്തെന്ന് തെളിഞ്ഞതായും വിധിച്ചിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചിരുന്നത്.