ആനക്കള്ളന്റെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കിയത് വമ്പന്‍ തുകയ്ക്ക്

തീയേറ്ററുകളില്‍ മികച്ച് പ്രതികരണം നേടി പ്രദര്‍ശനം തുടരുന്ന ബിജു മേനോന്‍ ചിത്രം ആനക്കള്ളന്റെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കി സൂര്യ ടിവി. വമ്പന്‍ തുകയ്ക്കാണ് ഫാമിലി എന്റര്‍ടെയ്നര്‍ ചിത്രത്തെ സൂര്യ സ്വന്തമാക്കിയിരിക്കുന്നത്. പ്രേക്ഷകരെ മടുപ്പില്ലാതെ, ചിരിപ്പിക്കുന്ന ഒരു ഹാസ്യ ചിത്രമാണിതെന്നാണ് പ്രേക്ഷക പ്രതികരണം.

കള്ളന്‍ പവിത്രന്‍ എന്ന കഥാപാത്രത്തെയാണ് ബിജു മേനോന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആനക്കള്ളനിലെ കഥാപാത്രം കള്ളനാണോ നിരപരാധിയാണോ എന്ന് പറയുമ്പോഴാണ് ചിത്രത്തിലെ വ്യത്യസ്തത പ്രേക്ഷകന് മനസിലാകുന്നതെന്ന് തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ പറയുന്നു. സാഹചര്യം കൊണ്ട് കള്ളനാകാം , കള്ളനാക്കപ്പെടാം എന്നാല്‍ ചിത്രത്തില്‍ ഒരു കള്ളനുണ്ട് ആ കള്ളനെ തേടിയുള്ള യാത്രയാണ് ആനക്കള്ളന്‍.

കള്ളനായി എത്തിയാലും ആളുകള്‍ ഇഷ്ടപ്പെട്ട് പോവുന്ന കഥാപാത്രങ്ങളാണ് ബിജു മേനോന്റേത്. റോമന്‍സിലെയും മേരിക്കുണ്ടൊരു കുഞ്ഞാടിലെയും കള്ളന്‍ വേഷങ്ങള്‍ ഒന്നിനൊന്ന് വ്യത്യസ്തമായി അവതരിപ്പിച്ച് പ്രേക്ഷകരുടെ കൈയടി നേടിയ ചരിത്രമാണ് ബിജുവിനുള്ളത്. ഈ ചിത്രങ്ങള്‍ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

താരം ചിത്രത്തില്‍ ഗായകനായി എത്തുന്നുവെന്നതും മറ്റൊരു സവിശേഷതയാണ്. അനുശ്രീ, ഷംന കാസിം എന്നിവരാണ് നായികമാര്‍. കൂടാതെ പ്രിയങ്ക, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ഹരീഷ് കണാരന്‍, ധര്‍മജന്‍, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, കൈലാഷ്, ബാല, സായികുമാര്‍, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. മലയാളികളെ വര്‍ഷങ്ങളായി ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന ഇത്തരമൊരു വമ്പന്‍ താരനിര അണിനിരക്കുമ്പോള്‍ ഒരു അഡാര്‍ ചിരിവിരുന്ന് തന്നെയാണ് ചിത്രം.