സര്‍ജാനോയുടെ തമിഴ് അരങ്ങേറ്റം വിക്രമിനൊപ്പം

ജൂണ്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സര്‍ജാനോ ഖാലിദ് തമിഴില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നു. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന വിക്രം ചിത്രം കോബ്രയില്‍ അഭിനയിക്കുന്നു എന്ന വിവരം സര്‍ജാനോ തന്നെയാണ് സെല്ലുലോഡിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. അടുത്തിടെ മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറില്‍ മോഹന്‍ലാലിന്റെ അനിയനായി മികച്ച പ്രകടനമായിരുന്നു താരം കാഴ്ച്ചവെച്ചത്.

വിയാകോം 18 സ്റ്റുഡിയോസും സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയും സംയുക്തമായി നിര്‍മിക്കുന്ന ചിത്രത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താനാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്. ആക്ഷന്‍ ത്രില്ലറായിട്ടാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന. എ.ആര്‍ റഹ്മാനാണ് കോബ്രയ്ക്ക് സംഗീതമൊരുക്കുന്നത്. രാജേഷ് എം സെല്‍വ സംവിധാനം ചെയ്ത കടാരം കൊണ്ടേന്‍ എന്ന ചിത്രമാണ് വിക്രമിന്റേതായി ഒടുവില്‍ പുറത്തുവന്നത്. ഗൗതം മേനോന്‍ ചിത്രം ധ്രുവനച്ചത്തിരം ഉടന്‍ തിയേറ്ററുകളിലെത്തും. ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന മഹാവിര്‍ കര്‍ണയുടെ ഷൂട്ടിംഗും ആരംഭിച്ചിട്ടുണ്ട്. മണിരത്‌നം ചിത്രം പൊന്നിയിന്‍ സെല്‍വനിലും വിക്രം പ്രധാന വേഷത്തിലെത്തുന്നുണ്ട്.