ഫിലിം ചേംബര്‍ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ച് സാന്ദ്ര തോമസ്

','

' ); } ?>

നിര്‍മാതാക്കളുടെ സംഘടനയിലെ മത്സരത്തിന് പിന്നാലെ ഫിലിം ചേംബര്‍ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ച് നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും സാന്ദ്ര മത്സരിക്കുന്നുണ്ട്. കഴിഞ്ഞ പരാജയത്തില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് പൊരുതുമെന്ന് സാന്ദ്ര തോമസ് പറഞ്ഞു. പത്രിക സമര്‍പ്പിച്ചതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം.

“കഴിഞ്ഞ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇപ്പോള്‍ ഫിലിം ചേംബര്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഞാന്‍ നില്‍ക്കുകയാണ്. പോരാട്ടം തുടരുക തന്നെയാണ്. സംവിധായകന്‍ വിനയന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണ്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തെരഞ്ഞെടുപ്പില്‍ അമ്മ, ഫെഫ്ക ഭാരവാഹികള്‍ ആയിരുന്നു ഉണ്ടായിരുന്നത്. അവിടെ വോട്ട് ഇല്ലാത്ത ആളുകളായിരുന്നു അവിടെ കൂടുതലും. തെരഞ്ഞെടുപ്പില്‍ പോലും പലര്‍ക്കും സംശയമുള്ളതായാണ് ഞാന്‍ മനസിലാക്കുന്നത്. സിനിമാ സംഘടനകളെല്ലാം മാഫിയ സംഘത്തിന്റെ കൈകളിലാണ്”, സാന്ദ്ര തോമസ് പറഞ്ഞു.

കഴിഞ്ഞ ദിവസം നിര്‍മാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ സാന്ദ്ര പ്രതികരിച്ചിരുന്നു. “തെരഞ്ഞെടുപ്പിലേത് തോല്‍വിയായി കാണുന്നില്ല. 110 വോട്ട് 110 എതിര്‍ ശബ്ദങ്ങള്‍ ആണ്. ചില ആളുകളെ തുറന്നു കാണിക്കാന്‍ സാധിച്ചു. 25 വര്‍ഷമായ ഒരു ലോബിയെ പൊളിക്കുക എളുപ്പമല്ല. നീതി പൂര്‍വമായ തെരഞ്ഞെടുപ്പ് നടക്കാന്‍ ആണ് കോടതിയെ സമീപിച്ചത്. വ്യക്തികളോട് അല്ല നിലപാടുകളോട് ആണ് വിയോജിപ്പ്”, എന്നായിരുന്നു സാന്ദ്രയുടെ പ്രതികരണം.

അതേ സമയം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ് ജനാധിപത്യരീതിയിലല്ല നടന്നതെന്നാരോപിച്ച് സംവിധായകൻ വിനയൻ രംഗത്തു വന്നിട്ടുണ്ടായിരുന്നു. വോട്ടില്ലാത്ത ഫെഫ്കയുടേയും അമ്മയുടേയും അംഗങ്ങൾ വോട്ടിങ് ഹാളില്‍ പ്രവേശിച്ചുവെന്നടക്കമുളള ഗുരുതര ആരോപണങ്ങളാണ് വിനയന്‍ ഉന്നയിച്ചിരുന്നത്.തന്റെ സോഷ്യൽ മീഡിയ പേജായ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ വിമർശനങ്ങൾ.