അലി അക്ബറിന്റെ സിനിമ വിലക്കിയാല്‍ ആഷിക്ക് അബുവിന്റെ സിനിമ തീയറ്റര്‍ കാണില്ല; സന്ദീപ് വാര്യര്‍

അലി അക്ബറിന്റെ സിനിമ വിലക്കിയാല്‍ ആഷിക്ക് അബുവിന്റെ സിനിമ തീയറ്റര്‍ കാണില്ലെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. അലി അക്ബര്‍ സംവിധാനം ചെയ്യുന്ന’1921പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തിന്റെ പൂജയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സന്ദീപ്.യഥാര്‍ത്ഥ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണത്തിന് കേരളത്തിലെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് അലി അക്ബര്‍ ചിത്രം പ്രേരണയാകുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്രകഥാപാത്രമാക്കി ആഷിക് അബു ‘വാരിയംകുന്നന്‍’ എന്ന സിനിമ പ്രഖ്യാപിച്ചിരുന്നു. ഷര്‍ഷദ്, റമീസ് എന്നിവരുടെ തിരക്കഥയിലുള്ള സിനിമയില്‍ പൃഥ്വിരാജ് സുകുമാരനാണ് നായകന്‍. ഇടത് അനുകൂല കലാകാരന്മാര്‍ ചരിത്രം വളച്ചൊടിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ നിലപാടുകള്‍ക്കനുസരിച്ച് ചരിത്ര സത്യങ്ങളെ വളച്ചൊടിക്കാതെ അവതരിപ്പിക്കാനാണ് തന്റെ സിനിമയ്‌ലൂടെ ശ്രമിക്കുന്നത് എന്ന്‌ അലി അക്ബര്‍ പറഞ്ഞിരുന്നു.

കോഴിക്കാട് വച്ചായിരുന്നു അലി അക്ബര്‍ സിനിമയുടെ പൂജ. ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് അലി അക്ബര്‍ 1921 നിര്‍മ്മിക്കുന്നത്. മമധര്‍മ്മ എന്ന ബാനറിലാണ് ചിത്രം. സിനിമയില്‍ മുന്‍നിര നായകന്‍മാരുണ്ടാകുമെന്നും ഉടന്‍ പ്രഖ്യാപിക്കുമെന്നും അലി അക്ബര്‍ പറഞ്ഞിരുന്നു.