
കമൽ ഹാസൻ, മമ്മൂട്ടി, ചിരഞ്ജീവി തുടങ്ങിയ ഇന്ത്യൻ അഭിനേതാക്കളുടെ സിനിമകളും അഭിനയജീവിതവും ഹോളിവുഡ് ഇതിഹാസങ്ങളായ റോബർട്ട് ഡി നിറോ, അൽ പാച്ചിനോ എന്നിവരേക്കാൾ വലുതാണെന്ന് സംവിധായകൻ സന്ദീപ് റെഡ്ഡി വങ്ക. ആഗോള സിനിമാ ചർച്ചകളിൽ ഇന്ത്യൻ താരങ്ങൾക്ക് അർഹമായ അംഗീകാരം ലഭിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മാധ്യമപ്രവർത്തകൻ ഫരീദൂൺ ഷഹ്രിയാറിന് നൽകിയ അഭിമുഖത്തിലാണ് സന്ദീപ് റെഡ്ഡി വങ്കയുടെ പരാമർശം. “കമൽ ഹാസൻ, മമ്മൂട്ടി, ചിരഞ്ജീവി എന്നിവരുടെ സിനിമകളും കരിയറും പരിശോധിക്കുമ്പോൾ അൽ പാച്ചിനോയേക്കാളും റോബർട്ട് ഡി നിറോയേക്കാളും വലിയ നേട്ടങ്ങളാണ് നമ്മുടെ താരങ്ങൾ സ്വന്തമാക്കിയിട്ടുള്ളതെന്ന് എനിക്ക് തോന്നുന്നു. അതേസമയം, ഇതിഹാസ താരങ്ങളായ പാച്ചിനോയെയും നിറോയെയും ഇകഴ്ത്തിക്കാട്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” വങ്ക വ്യക്തമാക്കി.
ഇന്ത്യൻ താരങ്ങളുടെ സിനിമകളുടെ എണ്ണവും വൈവിധ്യമാർന്ന കഥാപാത്രങ്ങളും അസാധാരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ആഗോളതലത്തിൽ ഇന്ത്യൻ സിനിമയുടെ പ്രതിച്ഛായയ്ക്ക് തിരിച്ചടിയാകുന്ന ഏക ഘടകം പോസ്റ്ററുകളുടെ ഗുണനിലവാരമില്ലായ്മയാണ്. തനിക്ക് ഏറെ പ്രിയപ്പെട്ട പല ഇന്ത്യൻ സിനിമകളുടെയും പോസ്റ്ററുകൾ മികച്ച നിലവാരമുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ അഭിനേതാക്കളെ ഹോളിവുഡ് ഇതിഹാസങ്ങളുമായി വങ്ക താരതമ്യം ചെയ്യുന്നത് ഇതാദ്യമായല്ല. 2023-ൽ പുറത്തിറങ്ങിയ ‘അനിമൽ’ എന്ന ചിത്രത്തിന്റെ പ്രചാരണ വേളയിൽ, നായകൻ രൺബീർ കപൂറിനെ റോബർട്ട് ഡി നിറോ, അൽ പാച്ചിനോ, കമൽ ഹാസൻ എന്നിവരുടെ മിശ്രിതമായാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
2017-ൽ വിജയ് ദേവരകൊണ്ടയെ നായകനാക്കി ഒരുക്കിയ തെലുങ്ക് ചിത്രം ‘അർജുൻ റെഡ്ഡി’യിലൂടെയാണ് സന്ദീപ് റെഡ്ഡി വങ്ക സംവിധാന രംഗത്തേക്ക് എത്തിയത്. തുടർന്ന് 2019-ൽ ഇതിന്റെ ഹിന്ദി റീമേക്കായ ‘കബീർ സിങ്’, 2023-ൽ ‘അനിമൽ’ എന്നിവയും ഒരുക്കി. പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രം ‘സ്പിരിറ്റി’ന്റെ പ്രാരംഭ പ്രവർത്തനങ്ങളിലാണ് അദ്ദേഹം ഇപ്പോൾ.
സന്ദീപ് റെഡ്ഢി വാങ്കയുടെ വാക്കുകൾ
“സത്യം പറഞ്ഞാൽ, കമൽ ഹാസൻ, മമ്മൂട്ടി, ചിരഞ്ജീവി… ഇവരുടെയൊക്കെ സിനിമകളും കരിയറും എടുത്തു നോക്കൂ. അൽ പാച്ചിനോയേക്കാളും റോബർട്ട് ഡി നിറോയേക്കാളും എത്രയോ വലിയ നേട്ടങ്ങളാണ് നമ്മുടെ ഈ താരങ്ങൾ ഉണ്ടാക്കിയിട്ടുള്ളതെന്നാണ് എനിക്ക് തോന്നുന്നത്.
എന്ന് വെച്ച് ഞാൻ പാച്ചിനോയെയോ നിറോയെയോ കുറച്ചുകാണുകയല്ല, അവരൊക്കെ വലിയ ഇതിഹാസങ്ങൾ തന്നെയാണ്. പക്ഷേ, നമ്മുടെ നടന്മാർ ചെയ്ത സിനിമകളുടെ എണ്ണവും, അവർ കൈകാര്യം ചെയ്ത വ്യത്യസ്തമായ കഥാപാത്രങ്ങളും, അവരുടെ കരിയറും കാണുമ്പോൾ… അസാധാരണമായ പ്രകടനമാണ് അവർ കാഴ്ചവെച്ചിട്ടുള്ളത്.
ആഗോളതലത്തിൽ നമുക്ക് തിരിച്ചടിയാകുന്ന ഒരേയൊരു കാര്യം നമ്മുടെ സിനിമാ പോസ്റ്ററുകളുടെ ക്വാളിറ്റി ഇല്ലായ്മയാണ്. അത് മാത്രമാണ് ഏക പ്രശ്നം.
ഈ നടന്മാരുടെയൊക്കെ ഒരുപാട് സിനിമകൾ എനിക്ക് ഭയങ്കര ഇഷ്ടമാണ്. പക്ഷേ, ആ സിനിമകളുടെ പോസ്റ്ററുകൾ ഒട്ടും നന്നായിട്ടില്ല. നമ്മുടെ പോസ്റ്ററുകളുടെ നിലവാരം മോശമായതുകൊണ്ട് മാത്രമാണ് ലോകത്തിന് മുന്നിൽ അവ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നത്.”