
മഴ സിനിമയുടെ സെറ്റിലാണ് താനേറ്റവും ബുദ്ധിമുട്ടിയതെന്ന് തുറന്നു പറഞ്ഞ് നടി സംയുക്ത വർമ്മ. സിനിമയില്‍ നില്‍ക്കുന്ന സമയത്ത് താൻ വളരെ ഡെഡിക്കേറ്റഡ് ആയ ആര്‍ട്ടിസ്റ്റായിരുന്നുവെന്നും, ഒരിക്കലും പരാതിപ്പെട്ടിട്ടില്ലെന്നും സംയുക്ത പറഞ്ഞു. എന്നാൽ മഴയുടെ ഷൂട്ടിങ് സമയത്ത് ഉറക്കമില്ലാതാവുകയും, പട്ടിപ്പണിയെടുത്ത് മനം മടുത്തു പോയെന്നും സംയുക്ത കൂട്ടിച്ചേർത്തു. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംയുക്ത മനസ് തുറന്നത്.
“സിനിമയില്‍ നില്‍ക്കുന്ന സമയത്ത് ഞാന്‍ വളരെ ഡെഡിക്കേറ്റഡ് ആയ ആര്‍ട്ടിസ്റ്റായിരുന്നു. ഒരിക്കലും പരാതിപ്പെട്ടിട്ടില്ല. മഴ നനയുമ്പോഴൊക്കെയാകും ആകെ പറഞ്ഞിട്ടുണ്ടാവുക. മഴ എന്ന സിനിമ ചെയ്യുമ്പോഴാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുള്ളത്. ആ സമയത്താണ് മഴ പറ്റില്ല എന്നൊക്കെ പറഞ്ഞിട്ടുള്ളത്. ഫുള്‍ ഞാന്‍ തന്നെയായിരുന്നു. രാത്രിയും പകലും ഷൂട്ടായിരുന്നു. ലെനിന്‍ സാര്‍ എപ്പോഴും ലേറ്റ് നൈറ്റ് ഷൂട്ട് ചെയ്യുന്ന ആളാണ്.
പത്ത് ദിവസത്തോളം ഉറക്കമേയില്ല. എല്ലാ രാത്രിയും ഷൂട്ടായിരുന്നു. രാത്രി ആറ്-ഏഴ് മണിയാകുമ്പോള്‍ റൂമിലേക്ക് എത്തും. കുളിക്കും. വേണമെങ്കില്‍ പത്ത് മിനുറ്റ് ഉറങ്ങാം. എട്ട് മണിയാകുമ്പോള്‍ വീണ്ടും സെറ്റിലെത്തും. എട്ട് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെ ഷൂട്ട്. വൈകുന്നേരം ആറ് മണിയാകുമ്പോള്‍ റൂമില്‍ വരും. ഫ്രഷ് ആകുന്നു, പിന്നേയും തുടങ്ങുക. അങ്ങനെയായിരുന്നു.” സംയുക്ത പറഞ്ഞു.
“പത്ത് ദിവസം കഴിഞ്ഞപ്പോള്‍ ഉറക്കമില്ലാതെയായി. ഞാന്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ഡോക്ടര്‍ വന്നു. ഉറങ്ങാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഉറങ്ങാനുള്ള ഇഞ്ചക്ഷന്‍ തന്നു. അങ്ങനെയാണ് ഉറങ്ങുന്നത്. അങ്ങനെ എക്‌സ്ട്രീം സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. അതിലൊന്നും പരാതികളേയില്ല. സത്യം പറഞ്ഞാല്‍ പട്ടിപ്പണിയെടുത്തിട്ടുണ്ട്. ചെറുപ്പം ആയതിനാല്‍ അതൊന്നും അറിഞ്ഞില്ല. പക്ഷെ മൂന്ന് നാല് കൊല്ലം കഴിഞ്ഞപ്പോഴേക്കും മതിയായി.” സംയുക്ത കൂട്ടിച്ചേർത്തു.