
സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി നടി സാമന്ത പങ്കുവെച്ച പുതിയ ചിത്രം. സംവിധായകൻ രാജ് നിദിമോരുവിനെ ചേർത്തുപിടിച്ചുള്ള ചിത്രവും അതിനൊപ്പം സമാന്ത ചേർത്ത കുറിപ്പുമാണ് നിമിഷ നേരം കൊണ്ട് വൈറലായിരിക്കുന്നത്. ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ സജീവമായിരിക്കുന്ന സാഹചര്യത്തിലാണ് സാമന്തയുടെ പോസ്റ്റെന്നതും ശ്രദ്ധേയമാണ്. പങ്കുവച്ച അവസാന ചിത്രത്തിൽ ഒന്നും ഒളിക്കാനില്ല എന്ന ഹാഷ്ടാഗും നടി ചേർത്തിട്ടുണ്ട്. താൻ ആരംഭിച്ച പെർഫ്യൂം ബ്രാൻഡിന്റെ ലോഞ്ച് ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് സാമന്ത പോസ്റ്റ് ചെയ്തത്. സുഹൃത്തായ തമന്നയും ചടങ്ങിൽ അതിഥിയായി എത്തിയിരുന്നു.
‘‘ചുറ്റും സുഹൃത്തുക്കളും കുടുംബാംഗങ്ങളും. കഴിഞ്ഞ ഒന്നര വർഷമായി, എന്റെ കരിയറിലെ ഏറ്റവും ധീരമായ ചില ചുവടുകളാണ് ഞാൻ എടുത്തത്. വെല്ലുവിളികൾ ഏറ്റെടുക്കുന്നു, ഉൾപ്രേരണയെ വിശ്വസിക്കുന്നു, മുന്നോട്ട് പോകുമ്പോൾ പഠിക്കുകയും ചെയ്യുന്നു. ഇന്ന്, ഞാൻ ചെറിയ വിജയങ്ങൾ ആഘോഷിക്കുകയാണ്. ഞാൻ കണ്ടുമുട്ടിയതിൽ വച്ച് ഏറ്റവും മിടുക്കരും കഠിനാധ്വാനികളും ആത്മാർഥതയുള്ളവരുമായ ചില ആളുകളോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഞാൻ ഒരുപാട് നന്ദിയുള്ളവളാണ്. വലിയ വിശ്വാസത്തോടെ, ഇതൊരു തുടക്കം മാത്രമാണെന്ന് എനിക്കറിയാം.’’ സമാന്ത കുറിച്ചു.
സാമന്ത പോസ്‌റ്റ് ചെയ്‌ത ചിത്രങ്ങളിൽ ഒന്ന് രാജ് നിദി മോരുവിനെ ആലിംഗനം ചെയ്തു നിൽക്കുന്ന ചിത്രമായിരുന്നു. ഇരുവരും തങ്ങളുടെ ബന്ധം പരോക്ഷമായി പുറത്തറിയിച്ചതാണോ എന്നാണ് ആരാധകരുടെ ചോദ്യം. പങ്കുവച്ച ചിത്രങ്ങൾക്കവസാനം ‘ഒന്നും ഒളിക്കാനില്ല’ എന്ന ഹാഷ്‌ടാഗ് ചേർത്തതും പ്രണയവാർത്തകൾക്ക് ആക്കംകൂട്ടുകയാണ്. സാമന്തയും രാജ് നിഡിമോരുവും കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ട്. ഇരുവരും ‘ദ് ഫാമിലി മാൻ 2’ എന്ന സീരീസിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ വർഷം അമേരിക്കയിൽ ഇരുവരുമൊന്നിച്ച് അവധിയാഘോഷിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. 2021ൽ ആണ് സമാന്തയും നടൻ നാഗചൈതന്യയും തമ്മിൽ വേർപിരിഞ്ഞത്. കഴിഞ്ഞ വർഷം നാഗചൈതന്യ നടി ശോഭിത ധൂലിപാലയെ വിവാഹം കഴിച്ചു.