മുംബൈയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍ക്കും ഭക്ഷണം വിതരണം ചെയ്ത് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. 5000 ഭക്ഷണപ്പൊതികളാണ് നടന്‍ വിതരണം ചെയ്തത്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി മുംബൈയില്‍ ലോക്ഡൗണ്‍ ആണ്. ഈ സമയത്ത് ആരോഗ്യം മറന്ന് പണിയെടുക്കുന്ന മുന്‍നിര പ്രവര്‍ത്തകരായ പൊലീസ് ഉദ്യോഗസ്ഥര്‍, ബിഎംസി തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കാണ് ഭക്ഷണമെത്തിക്കുന്നത്. വിതരണം ചെയ്യാന്‍ വച്ചിരുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി നടന്‍ ഭക്ഷണം രുചിച്ചു നോക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ശിവസേനയുട യുവജന വിഭാഗം നേതാവായ രാഹുല്‍ എന്‍. കണാലിനൊപ്പമാണ് സല്‍മാന്‍ ഖാന്‍ ഈ ഭക്ഷണ വിതരണ പദ്ധതി നടപ്പില്‍ വരുത്തിയത്. സല്‍മാന്‍ ഖാന്‍ നേരിട്ടെത്തിയത് പ്രവര്‍ത്തകര്‍ക്കും മറ്റുള്ളവര്‍ക്കും വലിയ പ്രചോദനമാണ് നല്‍കിയതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.
ഇന്ന് ഞങ്ങള്‍ ബാന്ദ്ര, വര്‍ളി, ജുഹു തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ഭക്ഷണമെത്തിക്കുന്നത്’ എന്ന കുറിപ്പും രാഹുല്‍ ട്വിറ്ററില്‍ പങ്കുവെക്കുന്നു. ‘രാധേ’ ആണ് സല്‍മാന്‍ ഖാന്റേതായി തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്ന ചിത്രം. മെയ് 13-ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുക എന്ന അറിയിപ്പ് വന്നിട്ടുണ്ടെങ്കിലും കൊവിഡ് വ്യാപനം രൂക്ഷമായ ഈ സന്ദര്‍ഭത്തില്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കാനാണ് സാധ്യത.
ബോളിവുഡിലെ പ്രശസ്ത എഴുത്തുകാരനായ സലിം ഖാന്റെയും സുശീല ചരകിന്റേയും മൂത്ത മകനായാണ് സല്‍മാന്‍ ജനിച്ചത്. സല്‍മാന്റെ അമ്മ ഹിന്ദു ആയിരുന്നു. സല്‍മാന് 5 വയസ്സുള്ളപ്പോഴായിരുന്നു സലിം ഖാന്‍ അക്കാലത്തെ നടി കൂടിയായ ഹെലെന്നെ വിവാഹം കഴിച്ചത്. പിതാവ് അങ്ങനെ രണ്ടാമത് വിവാഹം കഴിച്ചത് ഞങ്ങള്‍ കുട്ടികള്‍ക്ക് വളരെ വിഷമമുണ്ടാക്കിയതായി പില്‍ക്കാലത്ത് സല്‍മാന്‍ പറഞ്ഞിട്ടുണ്ട്. നടന്മാരായ അര്‍ബാസ് ഖാന്‍, സൊഹൈല്‍ ഖാന്‍ എന്നിവര്‍ സഹോദരങ്ങളാണ്. മലൈയ്ക അറോറ ഖാന്‍ ആണ് അര്‍ബാസ് ഖാന്റെ ഭാര്യ. അല്‍വിറ, അര്‍പ്പിത എന്നിവര്‍ സഹോദരിമാരാണ്. നടനും സംവിധായകനുമായ അതുല്‍ അഗ്‌നിഹോത്രിയാണ് അല്‍വിറയെ വിവാഹം കഴിച്ചിരിക്കുന്നത്.