തെലുങ്കാന നല്ല സ്ഥലമെങ്കില്‍ സിനിമ അവിടെ ചിത്രീകരിക്കട്ടെ: മന്ത്രി സജി ചെറിയാന്‍

ടി.പി.ആര്‍ കുറയുന്നതിന് അനുസരിച്ചുമാത്രമെ സിനിമാ ചിത്രീകരണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനാകു എന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് കേരളം വിടാനൊരുങ്ങുന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍. തെലുങ്കാന നല്ല സ്ഥലമാണെങ്കില്‍ സിനിമ അവിടെ ചിത്രീകരിക്കട്ടെയെന്നാണ് സജി ചെറിയാന്റെ പ്രതികരണം. ആരും എങ്ങോട്ടും പോകേണ്ട കാര്യമില്ലെന്നും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ആശങ്ക മാറട്ടെ, ആളുകളെ മരണത്തിലേക്ക് തള്ളിവിടാനാകില്ല. ഇളവുകള്‍ അനുവദിക്കുന്നത് താനല്ല. കോവിഡ് എല്ലാ മേഖലയിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. അതിനാല്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കും.

കഴിഞ്ഞ ദിവസങ്ങളില്‍ ഫെഫ്കയും അതോടൊപ്പം നിര്‍മ്മാതാക്കളുടെ സംഘടനയും സിനിമാ ചിത്രീകരണത്തിന്റെ കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുന്ന സാഹചര്യത്തില്‍ സിനിമാ ചിത്രീകരണം തെലങ്കാനയിലേക്ക് മാറ്റുകയാണെന്ന് കാട്ടി സര്‍ക്കാരിന് സംഘടനകള്‍ കത്തും നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാവുന്നത് ഉള്‍പ്പടെ ഏഴോളം സിനിമകളാണ് തെലുങ്കാനയിലേക്കും തമിഴ്‌നാട്ടിലേക്കും ചിത്രീകരണം മാറ്റിയത്. ഈ പശ്ചാതലത്തില്‍ കേരളത്തില്‍ സിനിമ ചിത്രീകരണം തുടങ്ങാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്കയുടെ കത്ത് നല്‍കിയിരുന്നു. ഞങ്ങളുടെ അടിസ്ഥാനവര്‍ഗ തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്ടമായിരിക്കുന്നത്. സിനിമാ ഷൂട്ടിങ് പാടില്ല എന്ന അവസ്ഥ സിനിമാസാംസ്‌കാരിക പ്രവര്‍ത്തകരോടും തൊഴിലാളികളോടും എന്നും കരുതല്‍ കാണിച്ചിട്ടുള്ള സര്‍ക്കാര്‍ നയവുമായി ഒത്തുപോവുന്ന ഒന്നല്ല എന്നും വ്യക്തമാക്കിയാണ് ഫെഫ്ക മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നത്. ഷൂട്ടിങ്ങിനുമുമ്പ് പിസിആര്‍ ടെസ്റ്റ് എടുത്ത്, കൃത്യമായി ഒരു ബയോബബിള്‍ സൃഷ്!ടിച്ചുകൊണ്ട്, എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്, ഷൂട്ടിങ് ആരംഭിക്കാനുള്ള അനുമതി തരണമെന്ന് ഫെഫ്ക മാത്രമല്ല നിര്‍മാതാക്കളും സര്‍ക്കാരിനോട് പലതവണ അഭ്യര്‍ഥിച്ചിട്ടുണ്ട്.