
ബിഗ്ബോസിന്റെ എല്ലാ സീസണിലും തന്നെ വിളിക്കാറുണ്ടെന്നും, ഇത്തവണ പോകാൻ സാഹചര്യമുണ്ടായിരുന്നെങ്കിലും ഭാര്യ സമ്മതിച്ചില്ലെന്ന് തുറന്ന് പറഞ്ഞ് നടൻ സാജൻ സൂര്യ. “നിങ്ങളെ എനിക്ക് ഒട്ടും വിശ്വാസമില്ല എന്ന് ഭാര്യ പറഞ്ഞുവെന്നും, ഒരുപാട് ദിവസമൊന്നും തനിക്ക് അഭിനയിച്ച് നിൽക്കാൻ കഴിയില്ലെന്നും സാജൻ സൂര്യ പറഞ്ഞു. കൂടാതെ ബിഗ്ബോസ് അധിക പേരും തിരഞ്ഞെടുക്കുന്നത് സിനിമയ്ക്ക് വേണ്ടിയിട്ടാണെന്നും, നടി ബിന്നിയും അത്തരത്തിലാണ് ആ പ്ലാറ്റ്ഫോം തിരഞ്ഞെടുത്തതെന്ന് താനുറപ്പിച്ച് പറയുമെന്നും സാജൻ സൂര്യ കൂട്ടിച്ചേർത്തു. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാജൻ സൂര്യ.
“ബിഗ്ബോസിന്റെ എല്ലാ സീസണിലും എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. പക്ഷെ ഷൂട്ടിങ് തിരക്ക് കാരണം പോകാൻ പറ്റിയില്ല. ഇപ്രാവശ്യം പോകാനുള്ള സാഹചര്യം ഒക്കെ ഉണ്ടായിരുന്നു. പക്ഷെ വീട്ടിൽ ചോദിച്ചപ്പോൾ ഭാര്യ സമ്മതിച്ചില്ല. നിങ്ങളെ എനിക്ക് ഒട്ടും വിശ്വാസമില്ല എന്ന് ഭാര്യ പറഞ്ഞു. സത്യമാണ്. ഞാൻ വേഗം ട്രിഗർ ആകുന്ന വ്യക്തിയാണ്. ഇത്രയും ദിവസമൊക്കെ അഭിനയിച്ച് നിക്കാൻ എനിക്ക് കഴിയില്ല. പ്രേക്ഷകർ കാണുന്ന സാജൻ സൂര്യ അല്ല വീട്ടിലെ സാജൻ സൂര്യ. എല്ലാവരും അങ്ങനെ ആണ്. ഞാനിപ്പോൾ നല്ല ഡീസന്റ് ആയി നിങ്ങളുടെ ഒകെ മുന്നിൽ നിൽക്കുന്നത് കൊണ്ട് എല്ലാവർക്കും ഒരിഷ്ടമുണ്ട്. അതെന്തിനാണ് ഞാനാ ഷോയിൽ പോയി കളയുന്നത്.” സാജൻ സൂര്യ പറഞ്ഞു.
“ബിഗ്ബോസ് എന്ന പ്ലാറ്റ്ഫോം അധിക പേരും തിരഞ്ഞെടുക്കുന്നത് സിനിമയ്ക്ക് വേണ്ടിയിട്ടാണ്. ബിന്നി ബിഗ്ബോസിലോട്ട് പോകുമ്പോൾ എന്റെ അടുത്ത് പറഞ്ഞത് സിനിമയാണ് അവളുടെ ലക്ഷ്യമെന്നാണ്. ആ പ്ലാറ്റ് ഫോം വഴി അവൾക്ക് വേറൊരു പ്രേക്ഷകരെ കിട്ടും, സീരിയൽ കാണാത്ത ആലുവക്കൽ പോലും അവളെ ശ്രദ്ധിക്കും, അത് വഴി അവൾക്ക് സിനിമ കിട്ടും എന്നൊരു ഉറച്ച വിശ്വാസത്തിലാണ് അവൾ ബിഗ് ബോസ് തിരഞ്ഞെടുത്തത്. ഇപ്പോൾ ബിഗ്ബോസിൽ പോയ സാബു മോൻ, അഖിൽ മാരാർ ഇവർക്കൊക്കെ സിനിമയുണ്ടല്ലോ. പക്ഷെ ബിഗ്ബോസ്സും സിനിമയും തമ്മിൽ ഒരു ബന്ധവും ഇല്ലെന്നാണ് യാതാർഥ്യം.” സാജൻ സൂര്യ കൂട്ടിച്ചേർത്തു.
മലയാള സീരിയൽ രംഗത്ത് സജീവമായ താരമാണ് നടൻ സാജൻ സൂര്യ. നൂറിലധികം ടെലിവിഷൻ പരമ്പരകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
2000 ത്തിൽ ഡിഡി മലയാളത്തിൽ സംപ്രേഷണം ചെയ്ത “അശ്വതി” എന്ന പാരമ്പരയിലൂടെയാണ് സാജൻ സൂര്യ ടെലിവിഷൻ രംഗത്തേക്ക് കടന്നു വരുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത “ഗീത ഗോവിന്ദ”മാണ് ഒടുവിലഭിനയിച്ച പരമ്പര. സീരിയലിന് പുറമെ സിനിമകളിലും സാജൻ സൂര്യ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബംഗ്ലാവിൽ ഔത്ത, നയനം, കാര്യസ്ഥൻ, വൈറ്റ് പേപ്പർ, മാനം തെളിഞ്ഞു, തിങ്കൽ മുതൽ വെള്ളി വരെ, എ 4 ആപ്പിൾ, മൂന്നാം നൊമ്പരം, എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളാണ്.