“സായ് പല്ലവിയോട് വലിയ ബഹുമാനം തോന്നി, അധികമാരും കാണിക്കാത്ത ധൈര്യമാണ് അവർ ചെയ്തത്.”; ശ്രീലീല

','

' ); } ?>

രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രം ‘ഓം’ന്റെ ഓഡിയോ ലോഞ്ചിൽ സഹപ്രവർത്തകരെയും സിനിമയെയും കുറിച്ച് നടിയും മോഡലുമായ ശ്രീലീല നടത്തിയ പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിലും സിനിമാലോകത്തും തരംഗമാകുന്നു. ഈ വരുന്ന നവംബർ 20-ന് തീയേറ്ററുകളിലെത്തുന്ന ബിഗ് ബജറ്റ് ചിത്രത്തിൽ തമിഴ് താരം ധനുഷും മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ആന്ധ്ര-തമിഴ്‌നാട് അതിർത്തി പശ്ചാത്തലമാക്കി ചന്ദനക്കടത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തിൽ സായ് പല്ലവിയും ശ്രീലീലയുമാണ് നായികമാരായെത്തുന്നത്.

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിലാണ് ശ്രീലീല സിനിമയെക്കുറിച്ചും സഹപ്രവർത്തകരുടെ പ്രകടനങ്ങളെക്കുറിച്ചും മനസ്സ് തുറന്നത്. കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി സ്വന്തം മുടി മുറിക്കാൻ പോലും മടിക്കാത്ത സായ് പല്ലവിയുടെ നിഷ്ഠയെ ശ്രീലീല ഏറെ പ്രശംസിച്ചു. നടിമാർ പൊതുവേ ചെയ്യാൻ മടിക്കുന്ന ഇത്തരം കാര്യങ്ങൾ സായ് പല്ലവി ധൈര്യത്തോടെ ചെയ്തത് തന്നിൽ വലിയ ബഹുമാനമുണ്ടാക്കിയെന്ന് അവർ വ്യക്തമാക്കി. സിനിമയിൽ ‘നിത്യാ റെഡ്ഡി’ എന്ന പൊലീസ് ഉദ്യോഗസ്ഥയായാണ് സായ് പല്ലവി എത്തുന്നത്.

മെഗാസ്റ്റാർ മമ്മൂട്ടിയുടെയും സായ് പല്ലവിയുടെയും ടീസറുകൾ തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്ന് ശ്രീലീല പറഞ്ഞു. സിനിമയിൽ ‘സിയാ’ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. താൻ മമ്മൂട്ടിയുടെ വലിയൊരു ആരാധകയാണെന്നും അദ്ദേഹത്തിന്റെ ടീസർ ഗംഭീരമായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. കൂടാതെ സെറ്റിൽ ധനുഷിനൊപ്പമുള്ള ചിത്രീകരണ ദിനങ്ങളെക്കുറിച്ചും താരം ഓർത്തെടുത്തു. ധനുഷ് സെറ്റിലെത്തുമ്പോൾ വിഭൂതിയുടെ സുഗന്ധം ചുറ്റും നിറയുമായിരുന്നുവെന്നും, അതൊരു പ്രത്യേക ദിവ്യാനുഭൂതിയായിരുന്നുവെന്നും അവർ പങ്കുവെച്ചു.

ചിത്രത്തിലെ സംഗീതത്തെക്കുറിച്ചും യുവ സംഗീത സംവിധായകൻ സായ് അഭ്യങ്കറിന്റെ പ്രകടനത്തെക്കുറിച്ചും ശ്രീലീല വാനോളം പുകഴ്ത്തി. അടുത്തിടെ പുറത്തിറങ്ങി ഏറെ ശ്രദ്ധനേടിയ ‘സെഞ്ചുടരേ’ എന്ന ഗാനത്തിന്റെ അവസാന 40 സെക്കൻഡുകൾ തന്നെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി എന്നാണ് ശ്രീലീല പറഞ്ഞത്. ട്രെയിലർ ഉടൻ പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.

ശ്രീലീലയുടെ വാക്കുകൾ

‘ഈ സിനിമയില്‍ മെയിന്‍ ക്യാരക്ടേഴ്‌സിനെല്ലാം ഓരോ ടീസര്‍ കൊടുത്തിട്ടുണ്ട്. അതില്‍ മമ്മൂട്ടി സാറിന്റെ ടീസര്‍ അടിപൊളിയായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ഫാനാണ്. അതുപോലെ സായ് പല്ലവിയുടെ ടീസറും എന്നെ ഞെട്ടിച്ചു. പൊലീസ് റോളാണ് സായ് ഈ സിനിമയില്‍ ചെയ്തത്. ഞങ്ങള്‍ നടിമാര്‍ സാധാരണയായി ചെയ്യാന്‍ മടിക്കുന്ന കാര്യമാണ് കഥാപാത്രത്തിനായി മുടി മുറിക്കുക എന്നത്. ഈ സിനിമക്ക് വേണ്ടി സായ് പല്ലവി അത് ചെയ്തപ്പോള്‍ എനിക്ക് അവരോട് ബഹുമാനം തോന്നി.

എല്ലാവരും എടുത്തുപറയുന്ന വേറൊരു കാര്യമാണ് സായ് അഭ്യങ്കറിന്റെ മ്യൂസിക്. ലാസ്റ്റ് പുറത്തുവന്ന ‘സെഞ്ചുടരേ’ എന്ന പാട്ടില്‍ എന്താണ് ചെയ്തുവെച്ചിരിക്കുന്നത്. അവസാനത്തെ ഒരു 40 സെക്കന്‍ഡ് പോര്‍ഷന്‍ എന്നെ വേറെ ലോകത്തെത്തിച്ചു. അതുപോലെ ധനുഷ് സാറിനൊപ്പമുള്ള ഷൂട്ടും നല്ല എക്‌സ്പീരിയന്‍സായിരുന്നു. അദ്ദേഹം സെറ്റിലെത്തുമ്പോള്‍ വിഭൂതിയുടെ സ്‌മെല്‍ അവിടം മുഴുവന്‍ നിറയും. വല്ലാത്തൊരു ഡിവൈന്‍ ഫീലാണത്.’