ബാഹുബലിയുടെ ചരിത്രം തിരുത്താന്‍ പ്രഭാസ് തിരിച്ചെത്തുന്നു.. സാഹോയുടെ ആദ്യ ടീസര്‍ പുറത്ത്..

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയത്തിന് ശേഷം മറ്റൊരു വമ്പന്‍ ചിത്രവുമായാണ് തെലുങ്ക് നടന്‍ പ്രബാസ് തിരിച്ചെത്തുന്നത്. ഹോളിവുഡ് സിനിമയെ വെല്ലും ദൃശ്യങ്ങളുമായിയാണ് ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഏറെ കാത്തിരിപ്പിനൊടുവില്‍ ആരാധകര്‍ക്കായി ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ യു വി ക്രിയേഷന്‍സാണ് ആദ്യം ചിത്രത്തിന്റെ തെലുങ്ക് ടീസര്‍ റിലീസ് ചെയ്തത്. ഹിന്ദി, തമിഴ്, മലയാളം ട്രെയ്‌ലറുകളും പുറത്തിറങ്ങിയിട്ടുണ്ട്.

ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ മലയാളം ഡബ്ബ് പതിപ്പും അന്നേ ദിവസം തന്നെ റിലീസ് ചെയ്യും. മൂന്ന് വ്യത്യസ്ത ഭാഷകളില്‍ റിലീസിനെത്തുന്ന എത്തുന്ന ആദ്യ പ്രഭാസ് ചിത്രമെന്ന പ്രത്യേകതയും സാഹോയ്ക്കുണ്ട്.

റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ് സംവിധാനം. പ്രശസ്ത ഹോളീവുഡ് ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്സാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് കലാസംവിധായകന്‍. ശങ്കര്‍ ഇശാന്‍ ലോയ് ത്രയം സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍. മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദുമാണ് നിര്‍വഹിക്കുന്നത്.

യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന സിനിമയില്‍ മലയാള ചലച്ചിത്രതാരം ലാലും ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്നു. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ഓഗസ്റ്റ് 15-നാണ് സാഹോ പ്രദര്‍ശനത്തിനെത്തുന്നത്. ബി. ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുളള ആര്‍.ഡി. ഇല്യുമിനേഷന്‍ ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കും. ഇന്ന് റിലീസ് ചെയ്ത ടീസര്‍ ഇതിനോടകം തന്നെ രണ്ട് ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു.