സാഹോ ഒരു പക്കാ ഗ്യാങ്സ്റ്റര്‍ വാര്‍

സുജീത്ത് സംവിധാനം ചെയ്ത സാഹോ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. നാല് ഭാഷകളിലായി റിലീസ് ചെയ്ത ചിത്രത്തിനെ ബാഹുഹലിയ്ക്ക് ശേഷമുള്ള ചിത്രമെന്ന രീതിയില്‍ പ്രേക്ഷകര്‍ വലിയ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. എന്നാല്‍ ബാഹുബലി പോലെ അത്ര മികച്ചതാകാന്‍ സാഹോയ്ക്ക് കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

മുംബൈ, വാജി സിറ്റി എന്നിവിടങ്ങളെല്ലാമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഒരു മോഷണവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന അന്വേഷണത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. ഇഴഞ്ഞുപോകുന്ന ആദ്യ പകുതിയിലെ ഇടവേള തന്നെയാണ് ആദ്യ ട്വിസ്റ്റ്. വില്ലനാര് നായകനാര്, അല്ലെങ്കില്‍ കള്ളനാര് പൊലീസാരെന്ന് തിരിച്ചറിയാത്ത ആദ്യ പകുതിയിലെ സസ്‌പെന്‍സാണ് രണ്ടാം പകുതി കാണാനുള്ള ഏക പ്രതീക്ഷ.

ഗ്യാങ്സ്റ്റര്‍സ് വാര്‍ ആണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ നായകന്‍മാരില്ല. പ്രതിനായകരില്‍ നിന്ന് കൂടുതല്‍ ബുദ്ധിയും ശക്തിയും ഉള്ളവരോട് തോന്നുന്ന ആരാധന കണക്കിലെടുത്താല്‍ പ്രഭാസാണ് നായകന്‍. കോടികണക്കിന് വരുന്ന സമ്പാദ്യവും, അധോലോകത്തെ ചക്രവര്‍ത്തി പദത്തിനും വേണ്ടി ആദ്യാവസാനം ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിലുള്ളത്. പ്രതിനായകനെ പിടിക്കാനെത്തുമ്പോള്‍ അവനില്‍ ആകൃഷ്ടയാവുന്ന ശ്രദ്ധാ കപൂര്‍ അവതരിപ്പിച്ച പൊലീസുകാരിയുടെ പ്രണയം കൂടെ ചേരുന്നതോടെ പക്കാ കൊമേഴ്‌സ്യല്‍ ചേരുവകളായി.

യുക്തി മാറ്റി നിര്‍ത്തിയാല്‍ കുറേ നേരം കെന്നി ബേറ്റ്സ് ഒരുക്കിയ ആക്ഷന്‍ രംഗങ്ങള്‍ ആസ്വദിക്കാം. ഗ്യാങ്സ്റ്ററുകള്‍ തമ്മിലുള്ള അടിപിടിയില്‍ സംഭവിക്കാവുന്ന ട്വിസ്റ്റോട് ട്വിസ്റ്റാണ് ചിത്രത്തിന്റെ രണ്ടാംപകുതി. ഈ ആക്ഷന്‍ രംഗങ്ങളില്‍ കവിഞ്ഞ് തിരക്കഥയുടെ കെട്ടുറപ്പോ, ഒഴുക്കോ ഒന്നും തന്നെ അനുഭവപ്പെട്ടില്ല. താരങ്ങളുടെ കാസ്റ്റിംഗും, ഹോളിവുഡ് ഫ്രെയ്മുകളുടെ ശൈലിയും മനോഹരമായപ്പോള്‍ അതാണ് മൊത്തത്തില്‍ ചിത്രമെന്ന് പറയാം.

മലയാളി താരം ലാലും, ദേവനും ചിത്രത്തിലുണ്ട്. ലാലിന്റെ പ്രകടനം മികച്ചതായി അനുഭവപ്പെട്ടു. ജാക്കി ഷ്രോഫ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, തുടങ്ങിയവരെല്ലാം നന്നായി തോന്നി. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ കലാസംവിധാനം എടുത്ത് പറയേണ്ടതാണ്. സാബു സിറില്‍ അധോലോക യുദ്ധ സമാനമായ അന്തരീക്ഷമൊരുക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചു. ഈ ദൃശ്യങ്ങളുടെയെല്ലാം പശ്ചാത്തല സംഗീതവും ഹെവിയായിരുന്നു. ജിബ്രാന്‍ ആണ് സംഗീതമൊരുക്കിയത്.

ഛായാഗ്രഹണം ആര്‍ മഥിയും എഡിറ്റിങ് ശ്രീകര്‍ പ്രസാദും ഭംഗിയായി നിര്‍വ്വഹിച്ചതിനാല്‍ ചിത്രത്തില്‍ ഇഴച്ചില്‍ അനുഭവപ്പെടുന്നില്ല. വിഷ്വല്‍ എഫക്ട്സ് പലയിടത്തും അത്ര മികച്ചതായി തോന്നിയില്ല. പ്രഭാസ് എന്ന നടന്റെ താരമൂല്യത്തെ ഉപയോഗപ്പെടുത്തി ആക്ഷന്‍ മാത്രം നല്‍കിയ ചിത്രമൊരുക്കിയപ്പോള്‍ കഥ ചോര്‍ന്ന് പോയ അനുഭവമാണ് സാഹോ. കണ്ടിരിക്കാവുന്ന ഒരു ആക്ഷന്‍ ചിത്രമെന്ന രീതിയില്‍ സാഹോയെ സമീപിക്കാം.