ഇതിഹാസമാകാന്‍ ഇസഹാക്ക്..!

പേരു പോലെ തന്നെ ഒരു ഇതിഹാസ ചിത്രമായാണ് ‘ഇസഹാക്കിന്റെ ഇതിഹാസം’ എന്ന ചിത്രമെത്തിയത്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍ എന്നീ പക്വതയാര്‍ന്ന നടന്മാരുടെ അഭിനയം കൊണ്ട് പ്രേക്ഷകനെ ചിത്രത്തിലേക്ക് കൊണ്ടുവരാന്‍ സാധിച്ചത് തന്നെയാണ് നവാഗത സംവിധായകന്‍ അജയ കുമാറിന്റെ വിജയം. പരോക്ഷമായി ആമേന്‍ എന്ന ചിത്രത്തിന്റെ കഥയുമായി ബന്ധം തോന്നുമെങ്കിലും ഏറെ രസകരമായ ഒരു തിരക്കഥയിലൂടെ, മികച്ച ഛായാഗ്രഹണത്തോടെ ഒരു നല്ല സിനിമ കണ്ടിറങ്ങിയ സംതൃപ്തി പ്രേക്ഷകന് സമ്മാനിക്കാന്‍ ഇസഹാക്കിന്റെ ഇതിഹാസം എന്ന ചിത്രത്തിന് സാധിച്ചു. ഇസഹാക്കിന്റെ ഇതിഹാസത്തിന്റെ വിശേഷങ്ങളുടെ റിവ്യൂവിലേക്ക്..

ഏറെ വ്യത്യസ്ഥമായ ഒരു താരനിരയുടെ സാന്നിധ്യം ഇസഹാക്കിന്റെ ഇതിഹാസത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഒരു ക്രിസ്റ്റീയ ഗ്രാമത്തിന്റെ മട്ടും ഭാവവും ഏറെ പോരായ്മകളില്ലാത്ത രീതിയില്‍ അവതരിപ്പിക്കാന്‍ സാധിച്ചത് ഈ താര നിരയുടെ സഹായത്തോടെ തന്നെയാണ്. അശോകന്‍, അമ്പിക മോഹന്‍, അരിസ്‌റ്റോ സുരേഷ്, ഹാസ്യ താരം നെല്‍സണ്‍ എന്നീ താരങ്ങളുടെ വ്യത്യസ്ഥമായ വേഷങ്ങളും അവരവരുടെ കഥാപാത്രങ്ങളെ പ്രേക്ഷകരുടെ മനസ്സില്‍ പതിപ്പിച്ചു.

സിദ്ദിഖ് അവതരിപ്പിക്കുന്ന ഇസഹാക്ക് എന്ന വൈദീകന്റെ കഥാപാത്രത്തില്‍ നിന്നാണ് ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്. ഇസഹാക്ക് പുരോഹിത സ്ഥാനം വഹിക്കുന്ന പള്ളിയും അനുബന്ധ ഗ്രാമവും പ്രേക്ഷകരുമായി ബന്ധപ്പെടുത്താന്‍ ആദ്യ പകുതിയില്‍ സംവിധായകന്‍ അല്‍പം പ്രയാസപ്പെട്ടിട്ടുണ്ട്. എന്നാല്‍ ചിത്രം കണ്ട് പ്രവചനം നടത്തിയ എല്ലാ പ്രേക്ഷകനെയും ചിത്രം പിന്നീട് അത്ഭുതപ്പെടുത്തുന്നു.

ഇസഹാക്കിന്റെ പള്ളിയുടെ പുനരുദ്ധാരണം തന്നെയാണ് ഗ്രാമത്തിലെ പ്രധാന വിശേഷം. ഇടവകക്കാരും ഗ്രാമത്തിലെ മുഖ്യ പ്രതാപിയും പള്ളി കമ്മിറ്റി അംഗമായ ജോര്‍ജും ഇസഹാക്കും ഇതിനായുള്ള തിരക്കിലാണ്. എന്നാല്‍ പ്രതീക്ഷിക്കാത്ത പല പ്രതിസന്ധികളും ഗ്രാമത്തിലേയ്ക്ക് കടന്നു വരുന്നതോടെ ചിത്രത്തിന്റെ സ്വഭാവമേ മാറുകയാണ്. ആദ്യ പകുതിയില്‍ നിന്നും ഏറെ ത്രില്ലിംഗായി മികച്ച ഒരു ബ്ലെന്‍ഡായി ചിത്രം മാറുകയാണ്.

ടി ഡി ശ്രീനിവാസിന്റെ ഛായാഗ്രഹണവും അജയ് കുമാറും സുഭാഷും ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥയും തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല്. ഒപ്പം സിദ്ദിഖ് എന്ന അതുല്യ പ്രതിഭയുടെയും എപ്പോഴും പ്രേക്ഷകരെ ഹൃദയത്തിലേറ്റുന്ന കലാഭവന്‍ ഷാജോണ്‍ ശക്തമായ പോലീസ് വേഷവും ചിത്രത്തെ മറ്റൊരു തലത്തിലെത്തിച്ചു. ചിത്രത്തിലെ രസകരമായ വില്ലടിച്ചാം പാട്ടും ഒരു വ്യത്യസ്ഥയാണ്.

പലപ്പോഴും നമ്മള്‍ പല സിനിമകളെക്കുറിച്ചും മുന്‍വിധികള്‍ നല്‍കാറുണ്ട്. എന്നാല്‍ അത്തരം ചിത്രങ്ങളെ ഒന്നു കൂടി സൂക്ഷ്മായി വിലയിരുത്തണം എന്ന ഓര്‍മ്മപ്പെടുത്തലാണ് ഇസഹാക്കിന്റെ ഇതിഹാസം എന്ന ചിത്രം നല്‍കുന്നത്. ഇതിഹാസങ്ങള്‍ അനുഭവിക്കേണ്ടത് തന്നെയാണ്. അതിനായി നമുക്ക് ടിക്കറ്റെടുക്കാം.