ആര്‍.ആര്‍.ആറിന്റെ ക്ലൈമാക്‌സ് ചിത്രീകരണം ആരംഭിച്ചു

എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആറിന്റെ ക്ലൈമാക്‌സ് ചിത്രീകരണം ആരംഭിച്ചു. സംവിധായകന്‍ രാജമൗലി തന്നെയാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് ആരംഭിച്ച കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ജൂനിയര്‍ എന്‍.ടി.ആറും, രാം ചരണും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ഇരുവരുടെയും കൈകള്‍ മുറുകെ പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് രാജമൗലി പങ്കുവെച്ചിരിക്കുന്നത്.

‘CLIMAX’ ഷൂട്ട് ആരംഭിച്ചു! എന്റെ രാമരാജുവും ഭീമും ഒത്തുചേര്‍ന്ന് അവര്‍ നേടാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നിറവേറ്റുന്നു… എന്ന അടിക്കുറിപ്പോടെയാണ് സംവിധായകന്‍ ചിത്രം പങ്കുവെച്ചത്.

ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ബോളിവുഡ് താരം ആലിയ ഭട്ട് ആണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്.

450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.