എസ് ജാനകിക്ക് പിറന്നാള്‍ (ഏപ്രില്‍ 23)

പ്രശസ്ത ഗായിക എസ് ജാനകിക്ക് ഇന്ന് (ഏപ്രില്‍ 23) പിറന്നാള്‍ ആണ്. വിവിധ ഭാഷകളില്‍ ഇരുപതിനായിരത്തിലേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ഗായിക എണ്‍പത്തിയൊന്ന് വയസ്സ് പിന്നിടുന്നു. തെന്നിന്ത്യൻ വാനമ്പാടി മൈസൂരിൽ വിശ്രമത്തിലാണിപ്പോള്‍. നാലുതവണ ഏറ്റവും നല്ല പിന്നണിഗായികക്കുള്ള ദേശീയപുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 1976-ല്‍ പതിനാറു വയതിനിലേ എന്ന തമിഴ് ചിത്രത്തിലെ സിന്ദൂര പൂവേ… എന്നു തുടങ്ങുന്ന ഗാനത്തിനാണ് ആദ്യമായി ദേശീയപുരസ്‌കാരം ലഭിച്ചത്. 1980-ല്‍ ഓപ്പോള്‍ എന്ന മലയാളചിത്രത്തിലെ ഏറ്റുമാനൂര്‍ അമ്പലത്തില്‍… എന്ന ഗാനത്തിനും 1984-ല്‍ തെലുഗു ചിത്രമായ സിതാരയില്‍ വെന്നല്ലോ ഗോദാരി ആനന്ദം… എന്നു തുടങ്ങുന്ന ഗാനത്തിനും 1992-ല്‍ തമിഴ് ചിത്രമായ ഭതേവര്‍മകനില്‍ ഇഞ്ചി ഇടിപ്പഴകാ… എന്നു തുടങ്ങുന്ന ഗാനത്തിനുമാണ് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചത്.

മികച്ച പിന്നണിഗായികയ്ക്കുള്ള കേരള സസ്ഥാന അവാര്‍ഡ് 14 തവണയും തമിഴ്നാട് സര്‍ക്കാരിന്റെ അവാര്‍ഡ് ഏഴു തവണയും ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ അവാര്‍ഡ് പത്തു തവണയും ഈ ഗായിക സ്വന്തമാക്കി. തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌ക്കാരം 1986-ലും സുര്‍ സിംഗര്‍ അവാര്‍ഡ് 1987-ലും കേരളത്തില്‍നിന്നും സിനിമാ ആര്‍ക്കൈവര്‍ അവാര്‍ഡ് 2002-ലും സ്പെഷല്‍ ജൂറി സ്വരലയ യേശുദാസ് അവാര്‍ഡ് 2005-ലും ലഭിച്ചു. 2013 ല്‍ പത്മഭൂഷന്‍ ലഭിച്ചു എന്നാല്‍ ജാനകി ഇത് നിരസിക്കുകയുണ്ടായി.എസ് ജാനകിയുടെ സംഗീത ജീവിതത്തെ സമഗ്രമായി പരിചയപ്പെടുത്തുന്ന ഗവേഷണ ഗ്രന്ഥമാണ് ‘എസ് .ജാനകി ആലാപനത്തില്‍ തേനും വയമ്പും’. ജാനകിയമ്മയുമ്മായുള്ള അനുഭവം പങ്കുവെയ്ക്കുന്ന പ്രശസ്ത സംഗീതനിരൂപകന്‍ രവിമോനോന്റെ ഫേസ്ബുക്ക് കുറിപ്പ് താഴെ വായിക്കാം…

ഉറങ്ങുമ്പോൾ പോലും അമ്മയുടെ
ചുണ്ടിൽ ഒരു പാട്ടുണ്ട്…
——————-

“ഇതെന്തൊരു ചെറുപ്പം! ഒരു ഇരുപത് വയസ്സ് കുറഞ്ഞ പോലെ. പോരാത്തതിന് ധാരാളം മുടിയും. മൊത്തത്തിലൊരു സുന്ദരക്കുട്ടൻ. കളിയാക്കാൻ വേണ്ടി അയച്ചതാണ് അല്ലേ?” –എസ് ജാനകിയുടെ വരകളിൽ, വർണ്ണങ്ങളിൽ രൂപം കൊണ്ട എന്നെ നോക്കി നിൽക്കേ മനസ്സിൽ തോന്നിയ സംശയം.

വാട്സാപ്പിലെ പ്രൊഫൈൽ ചിത്രം നോക്കിവരച്ചു പെയിന്റ് ചെയ്ത് ഒപ്പിട്ടയച്ചുതന്നതാണ് പ്രിയഗായിക; മൂന്നു വർഷം മുൻപ്. നല്ലൊരു ചിത്രകാരി കൂടിയാണ് ജാനകിയമ്മ എന്നറിയാവുന്നതു കൊണ്ട് അത്ഭുതം തോന്നിയില്ല. എങ്കിലും എന്തോ എവിടെയോ ഒരു വശപ്പിശക്. ആ മുടി, ആ മീശ.. ..

കാര്യമറിഞ്ഞപ്പോൾ ഫോണിന്റെ മറുതലയ്ക്കൽ നിഷ്കളങ്കമായ പൊട്ടിച്ചിരി. ചിരിക്കൊടുവിൽ പൊടി തമിഴും പൊടി തെലുങ്കും കലർന്ന മലയാളത്തിൽ വാനമ്പാടിയുടെ മധുരസ്വരം: “ആരു പറഞ്ഞു? എന്റെ മനസ്സിലെ രവിമേനോന്റെ ചിത്രമാണ് അയച്ചത്. ആരെങ്കിലും ചോദിച്ചാൽ പറഞ്ഞാൽ മതി, നമുക്ക് ഇഷ്ടമുള്ള ആൾക്ക് നമ്മുടെ മനസ്സിൽ എന്നും ചെറുപ്പമായിരിക്കും. തല നരച്ചോ മുടി കൊഴിഞ്ഞോ മുഖത്ത് ചുളിവ് വീണോ എന്നതൊന്നും വിഷയമല്ല..”

പറഞ്ഞതിന്റെ തുടർച്ചയെന്നോണം തന്റെ തന്നെ പഴയൊരു ഗാനത്തിന്റെ പല്ലവി ഓർമ്മയിൽ നിന്ന് മൂളുന്നു എസ് ജാനകി. പി ഭാസ്കരനും കെ രാഘവനും ചേർന്നൊരുക്കിയ “കുരുക്ഷേത്ര”ത്തിലെ പാട്ട്: “കാലം മുടിക്കെട്ടിൽ മുല്ലപ്പൂ ചൂടിച്ചാലും കവിളത്തെ താമര വാടിയാലും നിന്നനുരാഗമാം മയിൽ‌പ്പീലിത്തേന്മാവിന് എന്നും കുന്നും പതിനാറു തിരുവയസ്സ്…” ഉള്ളിലെ കുട്ടിത്തവും കുസൃതിയും കൈവിട്ടിട്ടില്ലല്ലോ ഈ പ്രായത്തിലും അമ്മ എന്നോർക്കുകയായിരുന്നു ഞാൻ. ഇല്ലെങ്കിൽ `എന്നനുരാഗമാം’ എന്ന വരി `നിന്നനുരാഗമാം’ എന്ന് മാറ്റിപ്പാടില്ലല്ലോ….

“സൂര്യകാന്തി”യാണ് ഓർമ്മയിലെ ആദ്യത്തെ ജാനകീഗീതം. അന്നൊന്നും സങ്കല്പിച്ചിട്ടില്ല ആ ശബ്ദത്തിന്റെ ഉടമയെ ഒരിക്കൽ പരിചയപ്പെടുമെന്നു പോലും. ആദ്യം കണ്ടത് കാൽ നൂറ്റാണ്ട് മുൻപാണ്, അഭിരാമപുരത്തെ വീട്ടിൽ വെച്ച്. പിന്നീട് എത്രയെത്ര കൂടിക്കാഴ്ചകൾ, എത്രയെത്ര സംഗീത സാന്ദ്രമായ സംഭാഷണങ്ങൾ….

ജാനകിയമ്മയ്ക്ക് പിറന്നാൾ പ്രണാമമായി ഈ പഴയ കുറിപ്പ് ഒരിക്കൽ കൂടി…
—————————

പിന്നിലേക്ക് ഓടിമറയുന്ന നഗരത്തിന്റെ മങ്ങിയ ചിത്രമേയുള്ളൂ എസ് ജാനകിയുടെ ഓർമ്മയിൽ. പാതിബോധത്തിലായിരുന്നല്ലോ അപ്പോൾ. ശ്വാസം കിട്ടാതെ, സംസാരിക്കാൻ പോലുമാകാതെ വിയർപ്പിൽ മുങ്ങി പിൻസീറ്റിൽ ചാരിക്കിടക്കുമ്പോൾ ഓർത്തിരുന്നില്ല ഇനിയൊരു തിരിച്ചുവരവുണ്ടാവും ജീവിതത്തിലേക്ക് എന്ന്. ചെന്നൈയിലെ ട്രാഫിക് ബാഹുല്യത്തിനിടയിലൂടെ എങ്ങനെയും കാർ ലക്ഷ്യത്തിലെത്തിക്കാൻ പാടുപെടുകയായിരുന്ന ഡ്രൈവർ ഇടയ്ക്കെപ്പോഴോ തിരിഞ്ഞു നോക്കി പറഞ്ഞ വാക്കുകൾ മാത്രമുണ്ട് ഓർമ്മയിൽ: “അമ്മാ, ഭയപ്പെടാതെ. ഒന്നും സംഭവിക്കില്ല. ഞാനല്ലേ പറയുന്നത്..” പൂർണ അബോധാവസ്ഥയിലേക്ക് വഴുതി വീഴും മുൻപ് കാതിൽ പതിഞ്ഞ അവസാന ശബ്ദം.

മാസങ്ങൾക്കു ശേഷം ഒരുച്ചയ്ക്ക് നീലാങ്കരയിലെ ജാനകിയുടെ വീട്ടിൽ അപ്രതീക്ഷിതമായി ഒരു അതിഥിയെത്തുന്നു. പ്രിയഗായികയെ തൊഴുതുകൊണ്ട് ഭവ്യതയോടെ അയാൾ പറഞ്ഞു: “എന്നെ ഓർക്കുന്നോ? അന്ന് അമ്മയെ ആശുപത്രിയിലെത്തിച്ച കാറിന്റെ ഡ്രൈവർ ആണ് ഞാൻ. അസുഖം മാറി വീട്ടിൽ തിരിച്ചെത്തി എന്നറിഞ്ഞപ്പോൾ ഒന്ന് കാണാൻ മോഹം. അതുകൊണ്ടു വന്നതാണ്…” ഈശ്വരൻ തന്നെയാണ് ആ നിമിഷം മുന്നിൽ വന്നു നിന്നതെന്ന് തോന്നിയെന്ന് ജാനകി. ഏതോ ഡോക്ടർ മരുന്ന് മാറി കുത്തിവെച്ചതിന് പിന്നാലെ മരണവുമായി മുഖാമുഖം നിൽക്കേണ്ടി വന്ന ആ ദിവസം ദൈവദൂതനെപ്പോലെ തന്റെ മുന്നിൽ അവതരിച്ച മനുഷ്യനെ ജാനകി എങ്ങനെ മറക്കാൻ?

എല്ലാം പെനിസിലിൻ വരുത്തിവെച്ച വിന. 1990 കളുടെ ഒടുവിൽ ഒരു നാൾ കടുത്ത ശ്വാസതടസ്സവുമായി സ്വകാര്യ ആശുപത്രിയിലെത്തിയതായിരുന്നു ജാനകി. പെട്ടെന്നുള്ള രോഗവിമുക്തിക്കായി ഡോക്ടർ പെനിസിലിൻ അടങ്ങിയ മരുന്ന് കുത്തിവെക്കുന്നു. പണ്ടേ പെനിസിലിൻ അലർജിയാണ് ജാനകിക്ക്. ഇത്തിരി അകത്തുചെന്നാൽ തളർച്ച വരെ സംഭവിക്കാമെന്നാണ് മെഡിക്കൽ വിദഗ്ധരുടെ മുന്നറിയിപ്പ്. കാര്യമറിയാതെ ഡോക്ടർ നടത്തിയ “പെനിസിലിൻ ചികിത്സ”യുടെ തിക്തഫലങ്ങൾ ജാനകി അനുഭവിച്ചു തുടങ്ങിയത് ആശുപത്രിയിൽ നിന്ന് തിരികെ വീട്ടിലെത്തിയ ശേഷം. “ശ്വാസം അൽപ്പാൽപ്പമായി നിലച്ചുപോകും പോലെ. ശരീരമാകെ വിയർപ്പിൽ മുങ്ങുന്നു. ഡോക്ടറെ വിളിച്ചു പറഞ്ഞപ്പോൾ ഒരു നിമിഷം പോലും പാഴാക്കാതെ ആശുപത്രിയിൽ എത്തണമെന്നാണ് കിട്ടിയ നിർദേശം. എനിക്കാണെങ്കിൽ ബോധം നഷ്ടപ്പെട്ടു തുടങ്ങി. ഇനിയുള്ള ഓരോ നിമിഷവും അപകടം നിറഞ്ഞതാണ്. വീട്ടിലെ കാർ വർക്ക്‌ഷോപ്പിലായിരുന്ന സ്ഥിതിക്ക് ടാക്സി പിടിക്കുകയേ വഴിയുള്ളൂ.” – ജാനകി.

കിലോമീറ്ററുകൾ അകലെയാണ് ആശുപത്രി. നിരത്തിലാണെങ്കിൽ ശ്വാസം മുട്ടിക്കുന്ന തിരക്കും. തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെ അസാമാന്യ വൈദഗ്ദ്യത്തോടെ ടാക്സി ഓടിക്കുന്നു ഡ്രൈവർ. അത്രയും സാഹസികമായി അതിനുമുൻപ് കാറോടിച്ചിട്ടുണ്ടാവില്ല അയാൾ. “പത്തു മിനിറ്റിനുള്ളിൽ ആ മനുഷ്യൻ എന്നെ ആശുപത്രിയിലെത്തിച്ചു എന്ന കാര്യം മകൻ പറഞ്ഞാണ് പിന്നീട് ഞാനറിഞ്ഞത്. ബോധഹീനയായ എന്നെ അയാൾ തന്നെ താങ്ങിപ്പിടിച്ച് ഡോക്ടറുടെ മുന്നിലെത്തിക്കുകയായിരുന്നു. അൽപ്പം കൂടി വൈകിയിരുന്നെങ്കിൽ ആ അബോധാവസ്ഥയിൽ നിന്ന് ഞാൻ ഒരിക്കലും ഉണരുകില്ലായിരുന്നത്രേ …” കുറച്ചു ദിവസങ്ങൾക്കകം ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിടുമ്പോൾ ജീവൻ രക്ഷിച്ച ഡ്രൈവറെ വീണ്ടും കാണാൻ തോന്നി ജാനകിക്ക്; നന്ദി പറയാൻ വേണ്ടി. പക്ഷേ ആർക്കും അറിയില്ലായിരുന്നു അയാളെ കുറിച്ച്. മാസങ്ങൾ കഴിഞ്ഞാണ് തെല്ലും നിനച്ചിരിക്കാതെ ഒരു നാൾ അയാളുടെ വരവ്.

മലയാളിയായ ആ ഡ്രൈവർ അന്ന് പറഞ്ഞ വാക്കുകൾ ഇന്നുമുണ്ട് ജാനകിയുടെ ഓർമ്മയിൽ: “എന്റെ അമ്മയെ പോലെ തന്നെയാണ് എനിക്ക് ജാനകിയമ്മയും. കുട്ടിക്കാലം മുതൽ ഞാൻ കേൾക്കുന്ന ശബ്ദം. ജീവിതത്തിൽ തളർന്നു പോയ ഘട്ടങ്ങളിലെല്ലാം എനിക്ക് തണലായത് അമ്മയുടെ പാട്ടുകളാണ്. അവ എനിക്ക് തരുന്ന ഊർജം പറഞ്ഞറിയിക്കാനാവില്ല. അകലെയകലേ നീലാകാശം, തളിരിട്ട കിനാക്കൾ.. ഒക്കെ എന്റെ ഹൃദയത്തിന്റെ ഭാഗമായ പാട്ടുകൾ. അമ്മയെ പിന്നിലെ സീറ്റിൽ കിടത്തി കാറോടിക്കുമ്പോൾ ആ പാട്ടുകൾ ഒന്നൊന്നായി എന്റെ മനസ്സിൽ മുഴങ്ങുന്നുണ്ടായിരുന്നു. ജീവൻ പണയപ്പെടുത്തിയും അമ്മയെ ആശുപത്രിയിൽ എത്തിക്കും എന്ന് ഉള്ളിൽ ഉറച്ചു കൊണ്ടാണ് ഞാൻ സ്റ്റിയറിംഗ് പിടിച്ചത്. എല്ലാ തടസ്സങ്ങളും മറികടന്ന് കാർ ആശുപത്രിക്ക് മുന്നിൽ കൊണ്ടുചെന്നു നിർത്തിയപ്പോൾ അറിയാതെ കരഞ്ഞുപോയി ഞാൻ. എല്ലാ ദൈവങ്ങൾക്കും നന്ദി പറഞ്ഞു…”

പതിനായിരക്കണക്കിന് പാട്ടുകൾ പാടി; ദേശീയ അവാർഡും സംസ്ഥാന അവാർഡുകളും അടക്കം എണ്ണമറ്റ ബഹുമതികൾ നേടി; ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള ആരാധകരുടെ സ്നേഹവാത്സല്യങ്ങൾ ഏറ്റു വാങ്ങി. ഈ നേട്ടങ്ങൾക്കെല്ലാം അപ്പുറത്ത് നമ്മുടെ ജീവിതം സാർത്ഥകമായി എന്ന് തോന്നുന്ന ചില മുഹൂർത്തങ്ങളുണ്ട്. അന്ന് ആ പാവം ഡ്രൈവറുടെ മുന്നിൽ നിൽക്കുമ്പോൾ താൻ അനുഭവിച്ചത് അത്തരമൊരു അനുഭൂതിയാണെന്നു പറയും ജാനകിയമ്മ. “പിന്നീട് ആ മനുഷ്യനെ കണ്ടിട്ടില്ല. പക്ഷേ എന്നും ഞാൻ അയാളെ ഓർക്കും. എന്റെ ജീവൻ രക്ഷിക്കുക എന്നത് ഒരു കടമയായി കണ്ട മനുഷ്യൻ. അതിനു വേണ്ടി സ്വന്തം ജീവൻ പണയപ്പെടുത്താൻ തയ്യാറായ ഒരാൾ. അത്തരക്കാർക്കു മുൻപിൽ നമ്മൾ ആരുമല്ല എന്ന് തോന്നിയിട്ടുണ്ട്. സ്നേഹമാണ് ഏറ്റവും ഉദാത്തമായ സംഗീതം എന്ന് പറയാതെ പറയുകയായിരുന്നു അയാൾ. അതൊരു മലയാളി ആയിരുന്നു എന്നത് വ്യക്തിപരമായി എനിക്ക് ഏറെ സന്തോഷമുള്ള കാര്യം.”

ആ സംഭവത്തിന് ഏതാണ്ട് ഒരു വർഷം മുൻപാണ് ഒരു അമേരിക്കൻ പര്യടനത്തിനിടെ കഠിനമായ നെഞ്ചുവേദനയുമായി ജാനകി ആശുപത്രിയിലായത്. അന്നും വല്ലാതെ ഭയപ്പെട്ടു. മകനൊഴിച്ചു അടുത്ത ബന്ധുക്കൾ ആരും ഒപ്പമില്ല. പരിചിതമല്ലാത്ത നാട്; ഭാഷ. മരുന്നിന്റെ ക്ഷീണം കൊണ്ട് തെല്ലൊന്ന് മയങ്ങിപ്പോയി ജാനകി. ഉണർന്നപ്പോൾ ചുറ്റും മലയാളഭാഷയുടെ മഴപ്പെയ്ത്ത്. എല്ലാം നഴ്‌സുമാരാണ്. കോട്ടയംകാർ, തിരുവല്ലക്കാർ, കാഞ്ഞിരപ്പള്ളിക്കാർ, തൃശൂർക്കാർ….അങ്ങനെ പലരും. മയങ്ങിക്കിടന്ന പ്രിയഗായികയെ ഇഷ്ടത്തോടെ നോക്കിക്കൊണ്ടു ചുറ്റും നിൽക്കുന്നു അവർ. “ഞാനുണർന്നപ്പോൾ അവരിലാരോ പതുക്കെ മൂളി: സൂര്യകാന്തി സൂര്യകാന്തി സ്വപ്നം കാണുവതാരെ.. ഒരു നിമിഷം കേരളത്തിലെ ഏതോ ഗ്രാമത്തിൽ വന്നുപെട്ട പോലെ. ആശുപത്രിയിൽ ചിലവഴിച്ച മൂന്നു ദിവസവും അവർ എന്നെ സ്വന്തം സഹോദരിയെ പോലെ, അമ്മയെ പോലെ ശുശ്രൂഷിച്ചു. ഞാൻ ഉറങ്ങുമ്പോൾ പോലും എനിക്ക് കൂട്ടിരുന്നു. വെറുതെ എന്നെ നോക്കിയിരുന്ന് ഉറക്കം കളയുന്നതെന്തിന് എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞു: ഉറങ്ങുമ്പോൾ പോലും അമ്മയുടെ ചുണ്ടിൽ ഒരു പാട്ടുണ്ട്; അറിയുമോ?” എന്തു പറയണം എന്നറിയാതെ നിറഞ്ഞ കണ്ണുകളോടെ അവരെ നോക്കിക്കിടന്നു ജാനകി.

ഇനിയൊരു ജന്മമുണ്ടെങ്കിൽ മലയാളിയായി ജനിക്കാൻ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചിട്ടുണ്ട് ജാനകിയമ്മയോട്. “എന്തിന്? ഈ ജന്മം തന്നെ ഞാൻ മലയാളിയല്ലേ? എന്റെ രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്നു നിങ്ങളുടെ ഭാഷ; നിങ്ങളുടെ സ്നേഹവും. അറിയുമോ ഒരു കാര്യം? ഞാൻ സ്വപ്നം കാണുന്നതു പോലും മലയാളത്തിലാണ്…” നിഷ്കളങ്കയായ കുഞ്ഞിനെ പോലെ പൊട്ടിച്ചിരിക്കുന്നു തെന്നിന്ത്യയുടെ വാനമ്പാടി. ആ ചിരിയിൽ പോലുമില്ലേ മലയാളത്തിന്റെ ചിലമ്പൊലി എന്നോർക്കുകയായിരുന്നു ഞാൻ.

–രവിമേനോൻ