ഷക്കീല മരിച്ചെന്ന് വ്യാജവാര്‍ത്ത, പ്രതികരണവുമായി താരം ,വീഡിയോ……

നടി ഷക്കീല മരിച്ചെന്ന നിലയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകള്‍. തുടര്‍ന്ന് സംഭവത്തില്‍ പ്രതികരിച്ച് നടി തന്നെ നേരിട്ട് രംഗത്തുവന്നു. താന്‍ മരിച്ചിട്ടില്ലെന്നും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെ താരം പറഞ്ഞു.

‘ഞാന്‍ വളരെ ആരോഗ്യത്തോടെയും സന്തോഷത്തോടെയുമാണ് കഴിയുന്നത്. കേരളത്തിലെ ജനങ്ങള്‍ നല്‍കുന്ന കരുതലിന് വളരെയധികം നന്ദി. ആരോ എന്നേക്കുറിച്ച് ഒരു വ്യാജ വാര്‍ത്ത പോസ്റ്റ് ചെയ്തു. സംഭവമറിഞ്ഞുടനെ നിരവധി പേരാണ് സത്യാവസ്ഥ അറിയാന്‍ എന്നെ വിളിച്ചത്. എന്തായാലും ആ വാര്‍ത്ത നല്‍കിയ വ്യക്തിയ്ക്ക് ഇപ്പോള്‍ ഞാന്‍ നന്ദി പറയുന്നു. കാരണം അയാള്‍ കാരണമാണ് നിങ്ങളെല്ലാവരും വീണ്ടും എന്നെക്കുറിച്ച് ഓര്‍ത്തത്,’ ഷക്കീല പറഞ്ഞു.

മുമ്പും സിനിമാ താരങ്ങള്‍ മരിച്ചുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്‍ ജനാര്‍ദ്ദനന്‍ മരിച്ചുവെന്ന വാര്‍ത്തയും ഇത്തരത്തില്‍ പുറത്തുവന്നിരുന്നു.

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു ഷക്കീല. സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് പോലും അക്കാലത്ത് ഷക്കീലാ ചിത്രങ്ങള്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. നിലവില്‍ സിനിമാ തിരക്കുകള്‍ ഇല്ലാതെ ചെന്നൈയില്‍ താമസിച്ച് വരികയാണ് താരം.

ദക്ഷിണേന്ത്യന്‍ ചലച്ചിത്രനടിയാണ് ഷക്കീല . 1990 കളില്‍ മലയാളം തമിഴ് ചിത്രങ്ങളിലൂടെയായിരുന്നു രംഗപ്രവേശം. മാദകവേഷങ്ങളാണ് കൂടുതലും ചെയ്തിട്ടുള്ളത്. 1977-ല്‍ മദ്രാസിലാണ് ജനനം. സില്‍ക് സ്മിത പ്രധാനവേഷം അവതരിപ്പിച്ച പ്ലേഗേള്‍സ് എന്ന തമിഴ് സിനിമയില്‍ വേഷം ചെയ്തുകൊണ്ട് പതിനെട്ടാം വയസ്സിലാണ് ഷക്കീല സിനിമാ ജീവിതം തുടങ്ങുന്നത്. ഇളമനസ്സേ കിള്ളാതെ എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തോടെ മുഖ്യധാരയില്‍ ശ്രദ്ധിക്കപ്പെട്ടു . മലയാളത്തില്‍ അഭിനയിച്ച കിന്നാരത്തുമ്പികള്‍ എന്ന ചലച്ചിത്രം വന്‍ വിജയമായിരുന്നു. ഒട്ടേറെ മലയാളം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. കിന്നാരത്തുമ്പികള്‍, ഡ്രൈവിംഗ് സ്‌കൂള്‍, സിസ്റ്റര്‍ മരിയ തുടങ്ങിയതില്‍ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത്തരം ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ കുറഞ്ഞതോടെ ഇവര്‍ മുഖ്യധാരാചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു തുടങ്ങി. തമിഴിലായിരുന്നു കൂടുതലും. മോഹന്‍ലാലിന്റെ ഛോട്ടാ മുംബൈ എന്ന ചിത്രത്തിലും ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. തേജാഭായി ആന്‍ഡ് ഫാമിലി എന്ന ചിത്രത്തിലും അഭിനയിച്ചു. ഞാന്‍ നിങ്ങളുടെ രാത്രിയുടെ ഭാഗമയിരുന്നു എന്ന പേരില്‍ ആത്മകഥയും ഷക്കീല പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇവരുടെ പൂര്‍ണ്ണനാമം സി.ഷക്കീല ബീഗം എന്നാണ്. സാമൂഹിക പ്രവര്‍ത്തനത്തിലും ജീവകാരുണ്യ പ്രവര്‍ത്തനത്തിലും ഷക്കീല ഏറെ സജീവമാണ്. ട്രാന്‍സ്ജന്ഡര്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള അഭയകേന്ദ്രം അതിലൊന്നാണ്.