യൂട്യൂബ് ചരിത്രത്തിലും ചുവട് വെച്ച് ധനുഷിന്റെ ‘റൗഡി ബേബി’

2019 അവസാന നിമിഷങ്ങളോട് അടുക്കുന്ന അവസരത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും ട്രെന്‍ഡിങ്ങ് സിനിമാ ഗാനങ്ങളും വീഡിയോകളുമൊക്കെയായി പുതിയ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് യൂട്യൂബിന്റെ അണിയറപ്രവര്‍ത്തകര്‍. 2019ല്‍ ഇതുവരെ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കണ്ട ഗാനങ്ങളും വീഡിയോകളുമൊക്കെയായി ടോപ് മോസ്റ്റ് 10 ലിസ്റ്റാണ് യൂട്യൂബ് പുറത്തുവിട്ടത്. ഈ വര്‍ഷം തന്നെ യൂട്യൂബിലെ ഏറ്റവും കൂടുതല്‍ പ്രേക്ഷകരുമായി മുന്നിട്ട് നില്‍ക്കുന്നത് ഗാനങ്ങളുടെ ഒരു ലിസ്റ്റ് അന്താരാഷ്ട്ര മ്യൂസിക് ഏജന്‍സിയായ ബില്‍ ബോര്‍ഡും പുറത്തുവിട്ടിരുന്നു. അതേ സമയം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഈ വര്‍ഷം കണ്ട വീഡിയോ സോങ്ങും റൗഡി ബേബി തന്നെയാണ്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത് ലിസ്റ്റിലുള്ള ഗാനങ്ങള്‍ക്കൊപ്പം 7ാം സ്ഥാനം നേടി മുന്നിലെത്തിയ റൗഡി ബേബിയാണ്. വുണ്ടര്‍ ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് നായകനായെത്തിയ മാരി2 എന്ന ചിത്രത്തിലെ റൗഡി ബേബിയാണ് ലിസ്റ്റില്‍ ഇടം നേടിയ ഈ ഗാനം. 715 മില്യണ്‍ വ്യൂവേഴ്‌സുമായി മുന്നിട്ട് നില്‍ക്കുന്ന റൗഡി ബേബിയാണ് ലിസ്റ്റിലുള്ള ഏക ഇന്ത്യന്‍ ഗാനം. യുവാന്‍ ശങ്കര്‍ സംഗീത സംവിധാനം നിര്‍വഹിച്ച് ധനുഷ് വരികളെഴുതി, ദീക്കൊപ്പം ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വീഡിയോ സോങ്ങ് ചിത്രത്തിന്റെ റിലീസ് വേളയില്‍ തന്നെ ഏറെ സ്വീകരിക്കപ്പെട്ടിരുന്നു. പ്രഭു ദേവയുടെ കൊറിയോഗ്രാഫിയില്‍ സായ് പല്ലവിയുടെയും ധനുഷിന്റെയും ചടുലമായ നൃത്തച്ചുവടുകളുമായെത്തിയ റൗഡി ബേബി ലോകം മുഴുവന്‍ ശ്രദ്ധ നേടിയതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ തമിഴ് മക്കള്‍.