സൂരജ് സുകുമാറിന്റെ പുതിയ ചിത്രം ‘റൂട്ട് മാപ്പി’ലെ രണ്ടാമത്തെ ഗാനമെത്തി

ലോക്ഡൗണ്‍ പ്രതിസന്ധികള്‍ക്കിടയിലും ചിത്രീകരണം പൂര്‍ത്തിയാക്കിയ പുതിയ ചിത്രം റൂട്ട് മാപ്പിലെ രണ്ടാമത്തെ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മലയാളത്തിലെ യുവസംവിധായകന്‍ സൂരജ് സുകുമാര്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് റൂട്ട് മാപ്പ്. പത്മശ്രീ മീഡിയയുടെ ബാനറില്‍ ശബരീനാഥ് ജി യാണ് ചിത്രം നിര്‍മ്മിക്കുന്നത്. പാവം ഐ എ ഐവാച്ചന്‍, പ്രേക്ഷക ശ്രദ്ധ നേടിയ ബോബനും മോളിയും എന്ന ചിത്രങ്ങളിലൂടെ ബാലതാരമായെത്തിയ ഗോപു കിരണാണ് ഗാനരംഗത്തിലെ കേന്ദ്ര കഥാപാത്രം. ട്രിപ്പിള്‍ ലോക്ഡൗണ്‍ സമയത്ത് എല്ലാ സര്‍ക്കാര്‍ ചട്ടങ്ങളും പാലിച്ചായിരുന്നു ഇപ്പോള്‍ പുറത്തിറങ്ങിയ ഈ ഗാനത്തിന്റെ ചിത്രീകരണം ചെന്നൈയില്‍ നടന്നത്. നിബിന്‍ രചന നിര്‍വ്വഹിച്ച ഈ ഗാനം യുവ സംഗീതഞ്ജന്‍ യു എസ് ദീക്ഷ് ആണ് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്. വളരെ രസകരമായിട്ടാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. ഏറെ പുതുമയുള്ള ഈ ഗാനം സംഗീതപ്രേമികള്‍ ഏറ്റെടുത്തുകഴിഞ്ഞു. ഗാനം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.

ഒരു ലേക്ഡൗണ്‍ അനുഭവത്തെ പ്രമേയമാക്കി അവതരിപ്പിക്കുന്ന ചിത്രമാണ് ‘റൂട്ട് മാപ്പ്’. ഏറെ കൗതുകരമായ സംഭവത്തെ സസ്‌പെന്‍സും കോമഡിയും ചേര്‍ത്ത് അവതരിപ്പിക്കുകയാണ്. ചെന്നൈ, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. കോവിഡ് പശ്ചാത്തലത്തില്‍ സൂരജ് സുകുമാര്‍ നായരും, അരുണ്‍ ആര്‍ പിള്ളയും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ആഷിക് ബാബു, അരുണ്‍ ടി ശശി, എന്നിവരാണ് ‘റൂട്ട്മാപ്പിന്’ക്യാമറ ചലിപ്പിച്ചത്. മക്ബൂല്‍ സല്‍മാന്‍, സുനില്‍ സുഗത, നാരായണന്‍കുട്ടി, ഷാജു ശ്രീധര്‍, ആനന്ദ് മന്മഥന്‍, ഗോപു കിരണ്‍, നോബി മാര്‍ക്കോസ്, ദീപക് ദിലീപ്, സിന്‍സീര്‍, പൂജിത,ബിഗ് ബോസിലൂടെ ശ്രദ്ധേയയായ എയ്ഞ്ചല്‍ തോമസ്, ശ്രുതി, രാജേശ്വരി, അപര്‍ണ വിവേക്, ബേബി ഭദ്ര, സംവിധായകനായ ഡിജോ ജോസ് ആന്റണി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.