
നടൻ അജ്മൽ അമീറിനെതിരെ ലൈംഗിക ആരോപണ തെളിവുമായി ഡിസൈനറും മേക്കപ്പ് ആർട്ടിസ്റ്റുമായ റോഷ്ന ആൻ റോയ് രംഗത്ത്. തനിക്ക് ഇൻസ്റ്റാഗ്രാം പേജിൽ അജ്മൽ അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടാണ് താരം പങ്കുവെച്ചിരിക്കുന്നത്. ലൈംഗിക ആരോപണ വിവാദങ്ങൾ ചൂട് പിടിക്കെ പ്രചരിക്കുന്ന സന്ദേശങ്ങൾ എഐ നിർമിതമാണെന്നും മെസ്സേജ് അക്കൗണ്ട് കൈകാര്യം ചെയ്തവർ അയച്ചതാണെന്നുമുള്ള അജ്മലിൻ്റെ വിശദീകരണ വിഡിയോയും താരം ഒപ്പം പങ്കുവെച്ചിട്ടുണ്ട്.
“എത്ര നല്ല വെള്ളപൂശൽ. ചുമ്മാ ഇൻബോക്സ് നോക്കിയപ്പോൾ ദേ കിടക്കുന്നു അണ്ണന്റെ എഐ മെസ്സേജ്,” എന്ന അടികുറിപ്പിനൊപ്പമാണ് സ്ക്രീൻഷോട്ടിനൊപ്പം റോഷ്ന കുറിച്ചത്. ‘ഹൗ ആർ യു’, ‘നീ അവിടെ ഉണ്ടോ’ തുടങ്ങിയ മെസ്സേജുകളാണ് സ്ക്രീൻഷോട്ടിൽ കാണുന്നത്. നടൻ അവകാശപ്പെടുന്നതുപോലെ ഈ സന്ദേശങ്ങളും എഐയുടെ ഭാഗമാണോ എന്ന സംശയമാണ് റോഷ്ന ഉയർത്തുന്നത്.
അജ്മലിൻ്റെ വിശദീകരണ വിഡിയോക്ക് താഴെ നിരവധി പെൺകുട്ടികൾ കൂടുതൽ ലൈംഗിക ആരോപണങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. അജ്മൽ കൂട്ടുകാരികൾക്ക് മോശം മെസജുകൾ അയച്ചതായും, വിഡിയോ കോൾ ചെയ്തതായും പെൺകുട്ടികൾ കമന്റ് ചെയ്തു. കൂടാതെ സിനിമയിൽ അഭിനയിച്ച സഹതാരങ്ങളോടും അജ്മലിന്റെ ഭാഗത്തുനിന്ന് മോശം അനുഭവമുണ്ടായതായി ആരോപണങ്ങളുയർന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെയാണ് അജ്മലിന്റെ വിഡിയോ കോൾ ദൃശ്യങ്ങളും ശബ്ദ സന്ദേശങ്ങളും പുറത്തു വന്നത്. വാട്സാപ്പ് കോള്‍ റെക്കോഡ് ചെയ്തതിന്റെ ഒരു ഭാഗമാണ് പുറത്തുവന്നത്. സെക്സ് വോയിസില്‍ അജ്മലിന്റെ മുഖവും കാണിക്കുന്നുണ്ട്. എന്റെ കാസറ്റ് എന്ന് പറയുന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അജ്മലിന്റെ കോള്‍ പുറത്തു വന്നിരുന്നത്.
പിന്നാലെ തന്നെ അത് എ ഐ ഉപയോഗിച്ച് ചെയ്തതാണെന്നും, അത്തരം എഡിറ്റിങ്ങുകൾക്ക് തന്റെ കരിയർ നശിപ്പിക്കാൻ കഴിയില്ലെന്നും പറഞ്ഞ് അജ്മൽ രംഗത്ത് വരികയുണ്ടായി. മെസജുകൾ തൻ്റെ അക്കൗണ്ട് കൈകാര്യം ചെയ്തവർ അയച്ചതാണെന്നാണ് അജ്മലിൻറെ വാദം. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇന്നുമുതൽ താൻ മാത്രമായിരിക്കും കൈകാര്യം ചെയ്യുക എന്ന് അറിയിച്ചുകൊണ്ട് അജ്മൽ സ്റ്റോറി പങ്കുവച്ചിട്ടുണ്ട്.
2007 ല്‍ പുറത്തിറങ്ങിയ ‘പ്രണയകാലം’ എന്ന ചിത്രത്തിലൂടെയാണ് അജ്മല്‍ അമീർ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ ‘ഒരു വേനൽ പുഴയിൽ’ എന്ന ഗാനമാണ് അജ്മലിനെ ശ്രദ്ധേയനാക്കിയത്.