ചെന്നൈയിൽ വാഹനാപകടം; എ ആർ റഹ്മാന്റെ മകന് പരിക്ക്

','

' ); } ?>

പ്രശസ്ത സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മകനും ഗായകനുമായ എ.ആർ. അമീൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. ഞായറാഴ്ച വൈകുന്നേരം ചെന്നൈ ഗിണ്ടിയിലെ കാത്തിപ്പാറ ഫ്ലൈഓവറിന് സമീപമുണ്ടായ അപകടത്തിൽ അമീനും സുഹൃത്തിനും നിസ്സാര പരിക്കേറ്റു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇരുവരെയും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി പോലീസ് അറിയിച്ചു.

കോയമ്പേട്ടിൽ നിന്ന് നഗരത്തിലേക്ക് അമീനും സുഹൃത്തും പോർഷെ കാറിൽ യാത്ര ചെയ്യുന്നതിനിടെ, ഇടറോഡിൽ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിച്ച വാഗൺ-ആർ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട ഉടൻ തന്നെ ഇരുവരെയും കാവേരി ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം വീട്ടിലേക്ക് അയച്ചു. വാഗൺ-ആർ കാറിലുണ്ടായിരുന്നയാൾക്ക് പരിക്കേറ്റിരുന്നെങ്കിലും കലൈഞ്ജർ സെന്റിനറി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം അദ്ദേഹവും ഡിസ്ചാർജ് ആയിട്ടുണ്ട്. സംഭവത്തിൽ അടയാർ ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിംഗ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അപകടത്തിൽപ്പെട്ട രണ്ട് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മണിരത്നം സംവിധാനം ചെയ്ത ‘ഓ കാതൽ കൺമണി’ (2015) എന്ന ചിത്രത്തിലെ ‘മൗലാ സല്ലി വസല്ലിം’ എന്ന ഗാനത്തിലൂടെയാണ് അമീൻ പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. എ.ആർ. റഹ്മാന്റെ അന്താരാഷ്ട്ര സംഗീത ഷോകളിലെ സ്ഥിരസാന്നിധ്യമായ അമീൻ, അടുത്തിടെ പുറത്തിറങ്ങിയ രാം ചരൺ ചിത്രം ‘പെഡ്ഡി’യിലെ ‘ചികിരി ചികിരി’ എന്ന തമിഴ് ഗാനത്തിലൂടെയും ശ്രദ്ധ നേടിയിരുന്നു. ജസ്‌ലീൻ റോയലുമായി സഹകരിച്ച് പുറത്തിറക്കിയ ‘ഭീഗി ഭീഗി’ എന്ന ആൽബവും ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

അതേസമയം, വൻകിട സിനിമകളുടെ സംഗീത ജോലികളുമായി എ.ആർ. റഹ്മാൻ തിരിക്കിലാണ്. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ‘രാമായണം’, ‘ബട്‌വാര 1947’, ‘മൂൺ വാക്ക്’, കൂടാതെ ധനുഷും മാരി സെൽവരാജും ഒന്നിക്കുന്ന പുതിയ ചിത്രം തുടങ്ങി നിരവധി പ്രോജക്റ്റുകളാണ് റഹ്മാന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.