നാല് വർഷത്തിന് ശേഷം ‘മധുരപ്രതികാരം’? സൂര്യ-ശിവകാർത്തികേയൻ ആരാധകർ തമ്മിൽ പോര് രൂക്ഷം

','

' ); } ?>

തമിഴ് ചലച്ചിത്ര ലോകത്ത് മുൻനിര താരങ്ങളായ സൂര്യയുടെയും ശിവകാർത്തികേയന്റെയും ആരാധകർ തമ്മിൽ സോഷ്യൽ മീഡിയയിൽ രൂക്ഷമായ വാക്പോര്. കാർത്തി നായകനായ ‘സർദാർ 2’, സൂരി ചിത്രം ‘മണ്ഡാടി’ എന്നിവയുടെ റിലീസുമായി ബന്ധപ്പെട്ട് ശിവകാർത്തികേയൻ പങ്കുവെച്ച ആശംസാ ട്വീറ്റാണ് പുതിയ വിവാദങ്ങൾക്ക് വഴിമരുന്നിട്ടത്. വർഷങ്ങൾക്ക് മുൻപ് സൂര്യ ഉപയോഗിച്ച അതേ വാചകം ഉപയോഗിച്ച് ശിവകാർത്തികേയൻ ‘മധുരപ്രതികാരം’ വീട്ടുകയാണെന്നാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച.

ബോക്സ് ഓഫീസിൽ ഒന്നിച്ചെത്തിയ ചിത്രങ്ങളിൽ സൂരിയുടെ ‘മണ്ഡാടി’ മികച്ച പ്രേക്ഷകപ്രതികരണം നേടുകയും ‘സർദാർ 2’ ശരാശരി പ്രകടനത്തിൽ ഒതുങ്ങുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സൂരിയെയും ചിത്രത്തെയും പ്രകീർത്തിച്ച് ശിവകാർത്തികേയൻ ട്വീറ്റ് ചെയ്തത്. സൂരിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ വിജയമെന്നും “നല്ല കണ്ടന്റുകൾ എപ്പോഴും വിജയിക്കും” എന്നുമായിരുന്നു ശിവകാർത്തികേയന്റെ കുറിപ്പ്.

“നല്ല കണ്ടന്റുകൾ എപ്പോഴും വിജയിക്കും” എന്ന ഈ പ്രയോഗമാണ് സൂര്യ ആരാധകരെ ചൊടിപ്പിച്ചത്. 2022-ൽ കാർത്തിയുടെ ‘സർദാർ’ ആദ്യഭാഗവും ശിവകാർത്തികേയന്റെ ‘പ്രിൻസും’ ഏറ്റുമുട്ടിയപ്പോൾ ‘പ്രിൻസ്’ തിയേറ്ററിൽ പരാജയപ്പെട്ടിരുന്നു. അന്ന് ‘സർദാറി’ന്റെ വിജയത്തെ ആശംസിച്ചുകൊണ്ട് “നല്ല സിനിമകൾ എന്നും വിജയിക്കും” എന്ന് സൂര്യ ട്വീറ്റ് ചെയ്തിരുന്നു. അന്ന് തനിക്ക് നേരിട്ട തിരിച്ചടിക്ക് നാല് വർഷങ്ങൾക്ക് ശേഷം കാർത്തിയുടെ രണ്ടാം ഭാഗം വന്നപ്പോൾ അതേ വാചകം കൊണ്ട് ശിവകാർത്തികേയൻ തിരിച്ചടിച്ചതാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ.

ശിവകാർത്തികേയൻ കൃത്യമായ സമയം നോക്കി പ്രതികാരം ചെയ്യുകയാണെന്ന് അദ്ദേഹത്തിന്റെ ആരാധകർ അവകാശപ്പെടുമ്പോൾ, പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധേയനായ സൂര്യയുമായി ശിവകാർത്തികേയനെ താരതമ്യം ചെയ്യാൻ പോലും കഴിയില്ലെന്നാണ് സൂര്യ ഫാൻസിന്റെ വാദം. എന്നാൽ താരങ്ങൾ തമ്മിൽ വ്യക്തിപരമായി യാതൊരുവിധ അസ്വാരസ്യങ്ങളും ഇല്ലെന്നും, കേവലം സിനിമകളുടെ വിജയം മുൻനിർത്തി ആരാധകർ സോഷ്യൽ മീഡിയയിൽ നടത്തുന്ന അനാവശ്യ ഫാൻ ഫൈറ്റാണിതെന്നുമാണ് നിഷ്പക്ഷ സിനിമാപ്രേമികളുടെ വിലയിരുത്തൽ.