
തന്റെ പേരിൽ ഫേസ്ബുക്കിൽ വ്യാജ പേജ് നിർമ്മിച്ച് പണം തട്ടുന്നുവെന്ന ഗുരുതരമായ ആരോപണവുമായി നടി റിതിക സിംഗ് രംഗത്ത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് മാത്രമേയുള്ളൂവെന്നും അത് ബ്ലൂ ടിക്ക് ഉള്ള വെരിഫൈഡ് ഐഡിയാണെന്നും അവർ വ്യക്തമാക്കി.
തന്റെ പേര് ദുരുപയോഗം ചെയ്ത് ചിലർ വ്യാജ ഫേസ്ബുക്ക് പേജ് തുടങ്ങിയതായും, പ്രതിമാസം 400 രൂപ നിരക്കിൽ സബ്സ്ക്രിപ്ഷൻ മോഡലിലാണ് അത് പ്രവർത്തിക്കുന്നതെന്നും റിതിക പറഞ്ഞു. ആളുകൾ ഇതിനായി പണം നൽകുന്നുണ്ടെങ്കിലും, വെരിഫൈഡ് അല്ലാത്ത ആ പേജിൽ തന്റെ പേരിന്റെ സ്പെല്ലിങ് പോലും തെറ്റായാണ് നൽകിയിരിക്കുന്നത്. പണം നൽകുന്നവർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് അവർ അഭ്യർത്ഥിച്ചു.
തുടക്കത്തിൽ ഈ വ്യാജ പ്രചാരണങ്ങളെ കാര്യമാക്കിയില്ലെങ്കിലും, ഇപ്പോൾ കാര്യങ്ങൾ വ്യക്തിത്വത്തെ അധിക്ഷേപിക്കുന്ന രീതിയിലേക്ക് എത്തിയതിനാലാണ് വീഡിയോയുമായി രംഗത്തെത്തിയത്. ഇതിനു പുറമെ, തന്നെപ്പോലെ തോന്നിക്കുന്നതും യഥാർത്ഥമെന്ന് തോന്നിപ്പിക്കുന്നതുമായ എഐ (AI) വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു തെറ്റും ചെയ്യാതിരുന്നിട്ടും ഇത്തരം കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടി വരുന്നത് ഏറെ വിഷമിപ്പിക്കുന്നുണ്ടെന്നും, കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുപോലും തിരിച്ചറിയാൻ കഴിയാത്ത വിധമാണ് എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നതെന്നും നടി കൂട്ടിച്ചേർത്തു.
വ്യാജ പേജിന് കൂടുതൽ പ്രചാരം നൽകാൻ ആഗ്രഹിക്കാത്തതിനാലാണ് അതിന്റെ ലിങ്ക് പങ്കുവെക്കാത്തത്. അതിനാൽ ഇത്തരം പേജുകൾ കണ്ടാൽ വിശ്വസിക്കുകയോ സബ്സ്ക്രിപ്ഷൻ എടുക്കുകയോ ചെയ്യരുതെന്നും, ആ പേജ് റിപ്പോർട്ട് ചെയ്ത് നീക്കം ചെയ്യാൻ സഹായിക്കണമെന്നും റിതിക ആരാധകരോട് അഭ്യർത്ഥിച്ചു.
മുൻ പ്രൊഫഷണൽ കിക്ക്ബോക്സറുമായ ഋതിക സിങ്, സുധ കൊങ്കര സംവിധാനം ചെയ്ത ‘ഇരുധി സുട്ര്’ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ഈ ചിത്രത്തിലെ പ്രകടനത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരവും ഫിലിംഫെയർ അവാർഡും അവർ സ്വന്തമാക്കിയിട്ടുണ്ട്. ദുൽഖർ സൽമാൻ നായകനായ ‘കിങ് ഓഫ് കൊത്ത’യിലെ ഗാനരംഗത്തിലൂടെ മലയാളത്തിലുമെത്തിയ താരത്തിന്റെ ജയസൂര്യ നായകനാകുന്ന ‘ഓപ്പറേഷൻ ത്രാൾ’ എന്ന ചിത്രമാണ് അടുത്തതായി അണിയറയിൽ ഒരുങ്ങുന്നത്.
റിതികയുടെ വാക്കുകൾ;
“നിലവിൽ നിങ്ങൾ കാണുന്ന ഈ പ്രൊഫൈൽ മാത്രമാണ് എന്റെ ഒരേയൊരു ഔദ്യോഗിക അക്കൗണ്ട് എന്ന് വ്യക്തമാക്കാനാണ് ഞാൻ ഈ വീഡിയോ പങ്കുവെക്കുന്നത്. എന്റെ ബ്ലൂ ടിക്ക് ഉള്ള, വെരിഫൈഡ് ആയ ഒരേയൊരു അക്കൗണ്ട് ഇതാണ്. ഇവിടെ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങളെല്ലാം ഞാൻ തന്നെ പങ്കുവയ്ക്കുന്നതാണ്.
എന്നാൽ ഫെയ്സ്ബുക്കിൽ എന്റെ പേരിൽ മറ്റൊരു പേജ് ആരംഭിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രതിമാസം 400 രൂപ നിരക്കിൽ ഒരു സബ്സ്ക്രിപ്ഷൻ മോഡലിലാണ് അവർ അത് പ്രവർത്തിപ്പിക്കുന്നത്. ആളുകൾ അതിനായി പണം നൽകുന്നുമുണ്ട്. അത് വെരിഫൈഡ് ആയ ഒരു പേജല്ല, മാത്രവുമല്ല എന്റെ പേരിന്റെ സ്പെല്ലിങ് പോലും അതിൽ തെറ്റായാണ് നൽകിയിരിക്കുന്നത്. അതിനായി പണം നൽകുന്നവർ ദയവായി സ്വന്തം പണത്തിന്റെ കാര്യത്തിൽ കുറച്ചുകൂടി ശ്രദ്ധ പുലർത്തണം.
തുടക്കത്തിൽ ഞാൻ ഇത് കാര്യമാക്കിയില്ല. തന്നെ അവസാനിച്ചോളും എന്നാണ് കരുതിയത്. എന്നാൽ അതുണ്ടായില്ല. ഇപ്പോൾ എന്റെ വ്യക്തിത്വത്തെ അധിക്ഷേപിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിനിൽക്കുന്നു. കൂടാതെ, എന്നെപ്പോലെ തോന്നിക്കുന്ന, യഥാർഥമെന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള എഐ വിഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരു തെറ്റും ചെയ്യാതിരുന്നിട്ടും ഇത്തരത്തിൽ വന്ന് കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടി വരുന്നത് എനിക്ക് വല്ലാത്ത വിഷമമുണ്ടാക്കുന്നു. ഇത് എങ്ങനെയാണ് സംഭവിക്കുന്നത് എന്ന് സത്യത്തിൽ മനസ്സിലാകുന്നില്ല.
ശരിയായ ഐഡന്റിഫിക്കേഷൻ രേഖകൾ പോലുമില്ലാത്ത, വെരിഫൈഡ് അല്ലാത്ത വ്യാജ പേജുകൾക്ക് സബ്സ്ക്രിപ്ഷൻ മോഡലുകൾ നടത്തി നമ്മുടെ പേരിൽ പണം സമ്പാദിക്കാൻ എങ്ങനെയാണ് അനുവാദം ലഭിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. എഐ സാങ്കേതികവിദ്യയുടെ കാര്യം വിശ്വസിക്കാൻ പോലുമാകാത്തത്ര ഭയങ്കരമാണ്. വ്യക്തിഗത ഇമേജിനെ തകർക്കുന്ന തരത്തിലുള്ള വിഡിയോകളാണ് ഇപ്പോൾ ഉണ്ടാക്കുന്നത്. എന്റെ കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ഇത് കണ്ടാൽ, അത് ഞാനല്ലെന്ന് തിരിച്ചറിയാൻ പോലും അവർക്ക് കഴിഞ്ഞെന്നു വരില്ല.
ഇത്രയും കാര്യങ്ങൾ വ്യക്തമാക്കാനാണ് ഞാൻ ഇപ്പോൾ മുന്നോട്ട് വന്നത്. ആ പേജിന് കൂടുതൽ പ്രചാരം നൽകാൻ ആഗ്രഹിക്കാത്തതിനാലാണ് അതിന്റെ ലിങ്ക് ഇവിടെ പങ്കുവെക്കാത്തത്. അതിനാൽ, അത്തരം പേജുകൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെട്ടാൽ ദയവായി വിശ്വസിക്കരുത്, സബ്സ്ക്രിപ്ഷൻ എടുക്കരുത്. നിങ്ങൾ അത് ചെയ്യില്ലെന്ന് ഞാൻ കരുതുന്നു. ആ പേജ് റിപ്പോർട്ട് ചെയ്യാനും അത് എടുത്തുകളയാനും എന്നെ സഹായിക്കാനും ദയവായി ശ്രമിക്കുക.”
തലക്കെട്ടുകൾ നൽകുക