
‘കാന്താര’യില്‍ യാതൊരു അജന്‍ഡയോ പ്രത്യയശാസ്ത്രമോ ഇല്ലെന്ന് തുറന്നു പറഞ്ഞ് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ 1 നെതിരെ വിമർശനങ്ങൾ ശക്തമായ സാഹചര്യത്തിലാണ് ഋഷഭ് ഷെട്ടിയുടെ പ്രതികരണം. വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“പാർട്ടികൾക്കും വ്യക്തികൾക്കും അതീതമായി, സിനിമയിൽ ഒരു പ്രത്യയശാസ്ത്രമോ അജൻഡയോയില്ല. ഞങ്ങൾ കഥപറയുക മാത്രമാണ് ചെയ്തത്. ആളുകൾക്ക് ഇത് ഇഷ്ടപ്പെടുകയും അവർ അതിനെ അഭിനന്ദിക്കുകയുംചെയ്യുന്നു. കഥപറയുന്ന ആളെന്ന നിലയിൽ ഒരിക്കലും പക്ഷപതപരമാവരുതെന്ന് ഞാൻ ചിന്തിക്കാറുണ്ട്. നമ്മുടെ നാടോടിക്കഥകളെക്കുറിച്ചും ഭാരതീയതയെക്കുറിച്ചും വിശ്വാസരീതിയേക്കുറിച്ചും ആളുകളോട് കഥകൾ പറയണം. ആ ഘടകങ്ങൾ ചേർത്താണ് ഈ കഥയുണ്ടാക്കിയത്”. ഋഷഭ് ഷെട്ടി പറഞ്ഞു.
“എന്റെ അമ്മ ദൈവത്തെ ആരാധിക്കുന്ന ആളാണ്, ഞാനും അങ്ങനെത്തന്നെയാണ്. ഞങ്ങൾ കുടുംബമായി വിശ്വാസികളാണ്. അത് ഞങ്ങളുടെ ജീവിതശൈലിയാണ്. ഷൂട്ടിങ് സ്ഥലത്ത് ഞാൻ പൂജ ചെയ്യാറുണ്ട്. ഞങ്ങൾ ക്യാമറയെ വണങ്ങിയിട്ടാണ് ഷൂട്ടിങ് തുടങ്ങുന്നത്”. ഋഷഭ് ഷെട്ടി കൂട്ടിച്ചേർത്തു.
ഇതിനു മുന്നേ 2022-ൽ പുറത്തിറങ്ങിയ ‘കാന്താര’ ആദ്യഭാഗത്തിലെ ഒരുരംഗം വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. ചിത്രത്തിൽ നായകൻ നായികയുടെ സമ്മതമില്ലാതെ അരക്കെട്ടിൽ നുള്ളുന്ന രംഗമുണ്ടായിരുന്നു. ഇതിന്റെ പേരിൽ ഋഷഭ് ഷെട്ടിക്ക് വലിയ പഴി കേൾക്കേണ്ടിവന്നു. എന്നാൽ അതിനെതിരെയും തരാം പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. സമൂഹത്തിലുള്ള കാര്യങ്ങളാണ് ചിത്രത്തില്‍ പ്രതിഫലിക്കുന്നതെന്നും, ആളുകളുടെ അഭിപ്രായത്തിന് അനുസരിച്ച് കഥ മാറ്റാന്‍ കഴിയില്ലെന്നുമായിരുന്നു അന്ന് താരത്തിന്റെ പ്രതികരണം.
സിനിമാപ്രേമികൾ വളരെയധികം ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു കാന്താര ചാപ്റ്റർ 1 . ഒക്ടോബർ 2 നായിരുന്നു ചിത്രം തീയേറ്ററുകളിലെത്തിയത്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകനായെത്തിയ സിനിമ വലിയ ബജറ്റിൽ ആണ് ഒരുങ്ങിയത്. 2022 ൽ ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ഋഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ് സിനിമ കേരളത്തിൽ എത്തിച്ചിരിക്കുന്നത്. കെജിഎഫ്, കാന്താര, സലാര്‍ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ നിര്‍മിച്ച ഇന്ത്യയിലെ മുന്‍നിര പാന്‍-ഇന്ത്യ പ്രൊഡക്ഷന്‍ ഹൗസായ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1-ന്റെയും നിര്‍മാതാക്കള്‍.