
മാനസികമായും ശാരീരികമായും ഏറെ കഠിനമായ വികാരങ്ങളിലൂടെ കടന്ന് പോയതായിരുന്നു കാന്താരയോടൊപ്പമുള്ള അഞ്ച് വർഷം നീണ്ട യാത്രയെന്ന് തുറന്നു പറഞ്ഞ് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. ഈ വാർത്താ സമ്മേളത്തിന് വന്നപ്പോഴാണ് സത്യത്തിൽ ഞങ്ങൾ കുറേ നാളുകൾക്ക് ശേഷം വെളിച്ചം കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാന്താര ചാപ്റ്റർ 1 ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“മാനസികമായും ശാരീരികമായും ഏറെ കഠിനമായ വികാരങ്ങളിലൂടെ കടന്ന് പോയതായിരുന്നു കാന്താരയോടൊപ്പമുള്ള അഞ്ച് വർഷം നീണ്ട യാത്ര. കുടുംബത്തെയോ സുഹൃത്തുക്കളെയോ കാണാതെ പുറം ലോകവുമായി ബന്ധമില്ലാതെ കാന്താരയുടെ ലോകത്തിൽ ആ കാടിനുള്ളിൽ ജീവിച്ച നാളുകൾ. ഈ വാർത്താ സമ്മേളത്തിന് വന്നപ്പോഴാണ് സത്യത്തിൽ ഞങ്ങൾ കുറേ നാളുകൾക്ക് ശേഷം വെളിച്ചം കാണുന്നത്”. ഋഷഭ് ഷെട്ടി പറഞ്ഞു.
“കാടിനുള്ളിൽ കഴിയുന്ന ഗോത്രവിഭാഗത്തിലെ ആളുകൾ നഗരത്തിലെത്തിയാൽ എങ്ങനെയിരിക്കും ആ മാനസികാവസ്ഥയിലൂടെയാണ് ഞങ്ങളിപ്പോൾ കടന്നു പോകുന്നത്. അത്രയധികം പുറം ലോകവുമായുള്ള ബന്ധം ഞങ്ങൾ വിച്ഛേദിച്ചിരുന്നു. ഇപ്പോഴും ആർക്കും ഉറക്കമില്ല. മൂന്ന് മാസമായി പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുടെ ഭാഗമായി തിരക്കിലാണ്. ഒരു ടീം ഒന്നാകെ ഒരു സിനിമയ്ക്കായി ഉറക്കമൊഴിഞ്ഞ് പണിയെടുക്കുന്നു. റിലീസിന് ശേഷം ഒരു പത്ത് ദിവസമെങ്കിലും സുഖമായി ഉറങ്ങണമെന്നാണ് ഓരോരുത്തരും വിചാരിക്കുന്നത്”. ഋഷഭ് ഷെട്ടി കൂട്ടിച്ചേർത്തു.
കാന്താര ചാപ്റ്റർ 1 ഒക്ടോബർ 2നാണ് റിലീസിനെത്തുന്നത്. രാജ്യമൊട്ടാകെ 7,000 സ്ക്രീനുകളിൽ കാന്താര സിനിമ റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ഹോംബാലെ ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൻ്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാന്താര ചാപ്റ്റർ 1ൻ്റെ ചിത്രീകരണം മൂന്ന് വർഷം നീണ്ടിരുന്നു.