‘ചന്തപ്പെണ്ണ് എന്ന വിളി ഞാന്‍ കോംപ്ലിമെന്റായി എടുക്കുന്നു’-റിമ കല്ലിങ്കല്‍

ജാതി പറഞ്ഞ് ആളുകളെ അധിക്ഷേപിക്കുന്നതിന് തുല്യമാണ് ചന്തപ്പെണ്ണ് എന്ന വിളിയെന്ന് നടി റിമ കല്ലിങ്കല്‍. എന്തെങ്കിലും കാര്യത്തിന് മുന്നോട്ടിറങ്ങി വന്നിട്ടുള്ള എല്ലാ സ്ത്രീകള്‍ക്കും അത് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ അത്തരം വിളികളെ കോംപ്ലിമെന്റായി സ്വീകരിക്കുന്നുവെന്നും അവര്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന സൂര്യ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു റിമ.

ആക്ഷേപിക്കുകയാണ് അങ്ങനെ വിളിക്കുന്നവരുടെ ലക്ഷ്യമെങ്കിലും തനിക്ക് ആ വിളി കേള്‍ക്കുമ്പോള്‍ അങ്ങനെയൊന്നും തോന്നാറില്ല. വിഷമവും ഉണ്ടാവാറില്ല. ഒരു സ്ത്രീയെന്ന നിലയില്‍ അതിനെ പോസിറ്റീവായി കാണുന്നുണ്ട്. മെനക്കെട്ട് പണിയെടുക്കുന്ന സ്ത്രീകള്‍ക്ക് പൊതുവേ ഇത്തരം പഴികള്‍ കേള്‍ക്കേണ്ടി വരാറുണ്ടെന്നും റിമ കൂട്ടിച്ചേര്‍ത്തു. വിവാഹത്തിനു ശേഷം സ്വപ്‌നങ്ങളുടെ പിറകെ പായാം എന്നു പെണ്‍കുട്ടികളെ പറഞ്ഞ് പഠിപ്പിക്കുന്ന നമ്മുടെ സംസ്‌ക്കാരം. ഇതൊക്കെ ഒരു സമയത്ത് തന്നെ അമ്പരപ്പിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.

തിരക്കഥ എഴുതുമ്പോള്‍ ഡബ്ലിയുസിസിക്ക് ഓക്കെയാണോ എന്നു നോക്കണമെല്ലോ എന്ന് ‘സുഡാനി ഫ്രം നൈജീരിയ’ തിരക്കഥാകൃത്ത് മുഹ്‌സിന്‍ പാരാരി ഒരിക്കല്‍ തന്നോട് പറയുകയുണ്ടായി. ചില സ്ത്രീകള്‍ സ്ത്രീകള്‍ക്കായി നിലകൊണ്ടതിന്റെ ഗുണമാണ് ഇതെന്നും, സംഘടനയെ ശക്തിപ്പെടുത്താനുള്ള കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും താരം വ്യക്തമാക്കി.