
പതിനെട്ടാം പിറന്നാൾ ദിനത്തിൽ ആശംസ അറിയിക്കാൻ വാപ്പിച്ചിയില്ലെന്ന് കുറിപ്പ് പങ്കുവെച്ച് കലാഭവൻ നവാസിൻ്റെ മകൻ റിഹാൻ നവാസ്.
വാപ്പിച്ചിയുടെ ആശംസകൾ കേൾക്കാൻ പറ്റാത്ത ആദ്യത്തെ പിറന്നാളാണിതെന്നും റിഹാൻ പറഞ്ഞു. നവാസിന്റെ വസ്ത്രം അണിഞ്ഞുള്ള ചിത്രങ്ങൾക്കും മുൻ പിറന്നാളിന് നവാസ് കേക്ക് നൽകുന്ന വിഡിയോയ്ക്കുമൊപ്പമാണ് റിഹാൻ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
‘ഒക്ടോബർ 8, ഇന്നെന്റെ പിറന്നാളാണ്. പക്ഷെ എനിക്ക് 18 വയസ്സായത് കാണാൻ വാപ്പിച്ചി ഇല്ല. വാപ്പിച്ചിയുടെ ആശംസകൾ കേൾക്കാൻ പറ്റാത്ത ആദ്യത്തെ പിറന്നാൾ. വാപ്പിച്ചിയുടെ വസ്ത്രങ്ങൾ അണിയാൻ എനിക്കും റിദുവിനും വലിയ ഇഷ്ടമാണ്. എപ്പോൾ ചോദിച്ചാലും വാപ്പിച്ചി സന്തോഷത്തോടെ എടുത്തു തരും എന്നിട്ട് ഏതാ വേണ്ടതെന്നു ചോദിക്കും? ഞങ്ങൾ അത് ധരിക്കുമ്പോൾ നിറഞ്ഞ ചിരിയോടെ നോക്കി നിൽക്കും. ഇപ്പോൾ ഞാനും റിദുവും ആ വസ്ത്രങ്ങൾ അണിഞ്ഞാണ് പുറത്തിറങ്ങുന്നത്. എന്നാൽ ഇപ്പോൾ അത് അണിയുമ്പോൾ വാപ്പിച്ചി ഞങ്ങളെ കെട്ടിപ്പിടിച്ച ഫീൽ ആണ്, വല്ലാത്ത ധൈര്യവും തോന്നും. ഞങ്ങളെ സേഫ് ആക്കിയിട്ടാണ് വാപ്പിച്ചി പോയത്’, റിഹാൻ കുറിച്ചു.
ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് നവാസിനെ ഹോട്ടൽ മുറിയിൽ കുഴഞ്ഞു വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷൂട്ടിങ് പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു നവാസ് കുഴഞ്ഞു വീണത്. ഹൃദയാഘാതമായിരുന്നു മരണ കാരണം.